കരുനാഗപ്പള്ളി: ഭരണക്കാര്‍ക്ക് വിടുപണി ചെയ്യുന്ന നടപടികളാണ് കരുനാഗപ്പള്ളി പോലീസ് കൈക്കൊള്ളുന്നതെന്നും, അതുകൊണ്ടാണ് നിരപരാധികളെ കള്ളക്കേസില്‍ പെടുത്തി ജയിലില്‍ അടയ്‌ക്കുന്നതെന്നും ഹിന്ദു ഐക്യവേദി സംസ്ഥാനസെക്രട്ടറി തെക്കടം സുദര്‍ശനന്‍.
കരുനാഗപ്പള്ളിയില്‍ നിരപരാധികളായ സംഘടനാ പ്രവര്‍ത്തകരെ പോലീസ് കള്ളക്കേസില്‍ പെടുത്തുന്നതിനെതിരെ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെളുപ്പിന് രണ്ടിനും അഞ്ചിനും നടന്ന അക്രമങ്ങളിലെ പ്രതികളെ തിരിച്ചറിഞ്ഞ കഥ എസിപി പറയുന്നത് അയല്‍പക്കത്തുള്ള സ്ത്രീകള്‍ പറഞ്ഞെന്നും, സിഐ പറയുന്നത് മേലെയുള്ള ഒരു ഡിവൈഎസ്പിയാണ് പ്രതികളുടെ ലിസ്റ്റ് തന്നതെന്നും അത് റിക്കാര്‍ഡ് ചെയ്തത് കൈവശം ഉണ്ടെന്നുമാണ്. ഇതില്‍ നിന്നു തന്നെ പോലീസിന്റെ കള്ളക്കളി മനസിലാക്കാന്‍ കഴിയും.പോലീസ് കള്ളക്കേസ് ചമച്ച് ഹിന്ദുസംഘടനാ പ്രവര്‍ത്തകരെ കള്ളകേസില്‍ പെടുത്തുവാന്‍ ശ്രമിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരമാണ് പോലീസ് നടപടി. ഇവര്‍ മൂവരും ചേര്‍ന്ന് കരുനാഗപ്പള്ളിയിലെ ക്രമസമാധാനനില തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും സുദര്‍ശനന്‍ പറഞ്ഞു. കരുനാഗപ്പള്ളി തീവ്രവാദത്തിന്റേയും, കുഴല്‍പണത്തിന്റെയും മയക്കുമരുന്നിന്റേയും സെന്ററായി മാറി. ഇത്തരക്കാര്‍ക്കെതിരെ യാതൊരു നടപടികളും പോലീസെടുക്കുന്നില്ല. ഇവര്‍ക്ക് എതിരെ ജനശക്തി കൊണ്ടും, നിയമത്തിന്റെ ശക്തി കൊണ്ടും നേരിടുമെന്നും അദ്ദേഹം പറഞ്ഞു. പോലീസ് നടപടികള്‍ക്കെതിരെ നൂറുകണക്കിനു പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രകടനം നടന്നു. ബിജെപി മണ്ഡലം പ്രസിഡന്റ് എ.വിജയന്‍ അധ്യക്ഷത വഹിച്ചു. ജഗന്നാഥന്‍ സ്വാഗതവും സതീഷ് തേവനത്ത് നന്ദിയും പറഞ്ഞു.
















