പേരാമ്പ്ര: കലുഷിതമായ ഇന്നത്തെ കാലഘട്ടത്തില്‍ സമചിത്തതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്ത് നാടിനെ നേര്‍വഴിക്കു നടത്താന്‍ കലാജീവിതത്തിനു സാധിക്കുമെന്ന് കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ പറഞ്ഞു.
നാട്യശ്രീ കലാക്ഷേത്ര സ്‌ക്കൂള്‍ ഓഫ് ആര്‍ട്‌സിന്റെ പതിനഞ്ചാം വാര്‍ഷികം നാട്യ ദര്‍പ്പണം 2016 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജന്‍ നരയംകളം അധ്യക്ഷത വഹിച്ചു. ഈ വര്‍ഷത്തെ സ്‌കൗട്ട് അധ്യാപകര്‍ക്കുള്ള ദേശീയ പുരസ്‌ക്കാരം സില്‍വര്‍ എലിഫന്റ് അവാര്‍ഡ് ലഭിച്ച ബാലചന്ദ്രന്‍ പാച്ചോട്ടിലിനെ ചടങ്ങില്‍ ഗുരു പൊന്നാടയണിച്ച് ആദരിച്ചു. മോഹനന്‍ എരവട്ടൂര്‍, സന്തോഷ് കുമാര്‍, പി.ആര്‍. പ്രസന്നന്‍, മോഹനന്‍ കടിയങ്ങാട്, സി.ടി. സവിത, രമ്യ നരയംകുളം, സതീഷ് നാട്യശ്രീ തുടങ്ങിയവര്‍ പ്രസംഗിച്ചു. സാംസ്‌കാരിക സദസ്സ് കവിയും ഗാന രചയിതാവുമായ രമേശ് കാവില്‍ ഉദ്ഘാടനം ചെയ്തു.
സൈബര്‍ ലോകത്തെ കാണാപ്പുറങ്ങള്‍ എന്ന വിഷയത്തില്‍ കോഴിക്കോട് റൂറല്‍ സൈബര്‍ വിംഗിലെ സത്യന്‍ കരയിടും, മാറാനൊരു മനസ്സും മാറാനൊരു തീരുമാനവും എന്ന വിഷയത്തില്‍ നിര്‍മ്മല്‍കുമാര്‍ കാസര്‍ക്കോടും ക്ലാസ്സുകളെടുത്തു. തുടര്‍ന്ന് നാട്യശ്രീ കലാക്ഷേത്രയിലെ കാലാകാരികള്‍ അവതരിപ്പിച്ച ശാസ്ത്രീയ നൃത്തസന്ധ്യ അരങ്ങേറി
















