തൃശൂര്‍: വൃദ്ധയുടെ മാലപൊട്ടിക്കുകയും ചെവി മുറിച്ച് കമ്മല്‍ എടുക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതിയെ തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ജെ. ഹിമേന്ദ്രനാഥിന്റെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ മുക്കാട്ടുകര സ്വദേശി പയ്യപ്പാട്ടില്‍ വീട്ടില്‍ രാജന്റെ മകന് ദാസന് എന്നറിയപ്പെടുന്ന യേശുദാസന് (30) ആണ് പിടിയിലായത്.
ഇക്കഴിഞ്ഞ ഏഴിന് മരത്താക്കര തോണിപറമ്പില്‍ വിജയന്റെ ഭാര്യ ഓമനയുടെ രണ്ടരപവന്‍ മാല പൊട്ടിച്ച കേസിന്റെ അന്വേഷണത്തിനിടെയാണ് ഇയാള്‍ പോലീസ് പിടിയിലായത്. കേച്ചേരി പട്ടിക്കര കാപ്രശ്ശേരി റോഡില്‍ കളരിക്കല്‍ വീട്ടില്‍ ബാലന്റെ ഭാര്യ അംബുജാക്ഷിയമ്മ (89) യുടെ മാല പറിച്ചെടുത്ത ശേഷം കമ്മല്‍ മുറിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെ അവരുടെ ചെവി മുറിഞ്ഞുപോയിരുന്നു. ഇവര്‍ ബഹളം വെച്ചതിനെത്തുടര്‍ന്ന് യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു. പേരാമംഗലം അടയ്ക്കാമാര്ക്കറ്റ് റോഡില്‍ ഇടശ്ശേരിവളപ്പില്‍ അയ്യപ്പന്റെ ഭാര്യ ശാരദാമ്മ (79) യെ അക്രമിച്ച് മാല പറിച്ചെടുത്ത സംഭവത്തിലെ പ്രതിയും ഇയാളാണ്. അസി പോലീസ് കമ്മീഷണര്‍ ഷാഹുല്‍ ഹമീദ്, ഒല്ലൂര്‍ സിഐ സജീവന് എന്നിവരുടെ നേതൃത്വത്തില്‍ ഒല്ലൂര്‍ എസ്ഐ പ്രശാന്ത് ക്ലിന്റണ്, ഷാഡോ പോലീസ് അംഗങ്ങളായ എസ്ഐ എം.പി.ഡേവീസ്, വി.കെ.അന്‍സാര്‍, എഎസ്ഐ പി.എം.റാഫി, ഇ.ജി.സുവ്രതകുമാര്‍, സീനിയര്‍ സിപിഒ കെ.ഗോപാലകൃഷ്ണന്, സിപിഒ മാരായ ടി.വി.ജീവന്, പി.കെ.പഴനിസ്വാമി, സി.പി.ഉല്ലാസ്, എം.എസ്.ലിഗേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: