മുളങ്കുന്നത്തുകാവ്: മെഡിക്കല്‍ കോളേജ് നെഫ്രോളജി വിഭാഗം ഒപിയില്‍ വീണ്ടും പ്രതിസന്ധി. തിങ്കളാഴ്ച മാത്രമാണ് ഇവിടെ വൃക്കരോഗികളെ പരിശോധിക്കുന്നത്. ഇവിടെയുണ്ടായിരുന്ന ഡോക്ടര്‍ സ്ഥിരമായി ലീവായതിനെത്തുടര്ന്ന് പുതിയ ഡോക്ടറെ നിശ്ചയിച്ചെങ്കിലും അദ്ദേഹം ഇന്നലെ ചാര്‍ജ്ജെടുക്കാന്‍ എത്തിയില്ല. ഡോ. വിനുതോമസിനായിരുന്നു ചുമതല. ഇയാളും ഇന്നലെ എത്താത്തതിനെത്തുടര്‍ന്ന് രോഗികള്‍ പ്രകോപിതരായി. എട്ടുമണിക്ക് ആരംഭിക്കേണ്ട ഒപിയില്‍ പത്തുമണിയോടെയാണ് രണ്ട് പിജി വിദ്യാര്‍ത്ഥികള്‍ എത്തിയത്. ഇതുമൂലം നൂറുകണക്കിന് രോഗികളും അവരുടെ ബന്ധുക്കളും രോഷാകുലരായി. ബഹളം രൂക്ഷമായതിനെത്തുടര്‍ന്ന് ഒപി സമയം കഴിയാറായപ്പോഴാണ് പുതിയ ഡോക്ടര്‍ ഇവിടെ എത്തിയത്. തിങ്കളാഴ്ചകളില്‍ മാത്രമുള്ള ഒപിയില്‍ രോഗികളുടെ നീണ്ടനിരയാണുള്ളത്. എന്നാല്‍ ഇവിടെ എത്തേണ്ട വിദഗ്ദ്ധ ഡോക്ടറാകട്ടെ ചികിത്സക്കെത്താതെ അവധിയെടുക്കുകയാണ്. ഇരുന്നൂറ് രോഗികളെങ്കിലും ഈ ദിവസങ്ങളില്‍ ഇവിടെ ചികിത്സക്കായി എത്താറുണ്ട്. മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം എന്നിവിടങ്ങളില്‍ നിന്നുള്ള രോഗികളുടെ നിരന്തരമായ പരാതിയെത്തുടര്‍ന്നാണ് പുതിയ ഡോക്ടറെ ചുമതലയേല്‍പ്പിച്ചത്. എന്നിട്ടും പ്രശ്നത്തിന് പരിഹാരമുണ്ടാക്കാനായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: