തൊടുപുഴ: വന്യമൃഗങ്ങളെ വീട്ടില്‍ വളര്‍ത്തിയ കേസില്‍ കഴിഞ്ഞദിവസം പിടിയിലായ ഡോക്ടറെ റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ കദളിക്കാട് മയിലാടൂര്‍ ഡോ. കുര്യന്‍ (71) നെയാണ് ഇന്നലെ കോലഞ്ചരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്. പിടിച്ചെടുത്ത ഉടുമ്പുകളെയും ആമ, പെരുമ്പാമ്പ് എന്നിവയെയും ഇന്ന് മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കും. തുടര്‍ന്ന് കോടതി നിര്‍ദ്ദേശ പ്രകാരം ഇവയെ കുളമാവ് വനത്തിനുള്ളില്‍ വിടുമെന്ന് തൊടുപുഴ റേഞ്ച് ഓഫീസര്‍ കെ എന്‍ ബാബു പറഞ്ഞു. ഇവിടെ ജോലി ചെയ്തിരുന്ന ജോലിക്കാരന്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മൃഗങ്ങളെ പിടിച്ചെടുത്തത്. മുന്‍പ് ഇവിടെ നിരവധി മൃഗങ്ങളെ ഇണക്കി വളര്‍ത്തിയിരുന്നതായും വിവരമുണ്ട്. കുളത്തില്‍ മുതലയുണ്ടെന്ന് വിവരം ഇവിടുത്തെ മറ്റൊരു ജോലിക്കാരന്‍ നല്‍കിയിരുന്നെങ്കിലും പരിശോധനയില്‍ കണ്ടെത്താനായിരുന്നില്ല. 12 ഏക്കറോളം വരുന്ന ഭൂമിയില്‍ ഡോക്ടര്‍ തനിച്ചാണ് താമസിച്ചിരുന്നത്. അമേരിക്കയില്‍ ആയിരുന്നു ഡോക്ടര്‍ പ്രാക്ടീസ് ചെയ്തിരുന്നത്. അനധികൃതമായി നിരവധി കാര്യങ്ങള്‍ നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് മുഴുവന്‍ സ്ഥലവും അരിച്ച് പെറുക്കാനൊരുങ്ങുകയാണ് വനംവകുപ്പും എക്‌സൈസും.
















