തൃക്കരിപ്പൂര്‍: പഞ്ചായത്തിനെയും ജനങ്ങളെയും വെല്ലുവിളിച്ച് ചെറുവത്തൂര്‍ ഹൈ ടെക് ബസ് സ്റ്റാന്‍ഡില്‍ സിഐടിയു പണിത കൂടാരം പൊളിച്ചു മാറ്റാത്തതില്‍ പ്രതിഷേധിച്ച് പൊതുപ്രവര്‍ത്തകന്റെ നിരാഹാര സമരം. ഡോ അംബേദ്കര്‍ ഫെല്ലോഷിപ്പ് ജേതാവ് സഞ്ജീവന് മടിവയലാണ് 20ന് രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെ പ്രതിഷേധ സൂചകമായി നിരാഹാരസമരം നടത്തുന്നത്. നേരത്തെ ഈ വിഷയത്തില്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നല്കിയ പരാതിമേല്‍ നടപടികളൊന്നും സ്വീകരിക്കാത്ത പശ്ചാത്തലത്തിലാണ് സഞ്ജീവന് മടിവയല്‍ നിരാഹാരത്തിനൊരുങ്ങുന്നത്.
പഞ്ചായത്ത് പണിത ഈ ബസ് സ്റ്റാന്റില്‍ പഞ്ചായത്ത് ഭരിക്കുന്ന സിപിഎമ്മിന്റെ പോഷക സംഘടനയായ സിഐടിയു പ്രവര്‍ത്തകരാണ് കൂടാരം പണിതത്. ബസ് സ്റ്റാന്റില്‍ ഒരു നിര്‍മ്മാണവും അനുവദിക്കില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് മാധവന് മണിയറ പറഞ്ഞിരുന്നുവെങ്കിലും അതിനു കടക വിരുദ്ധമായാണ് നിര്‍മ്മാണം നടത്തിയത്. ഇതിനെതിരെ സാംസ്കാരിക പ്രവര്‍ത്തകരും, സിപിഎമ്മിലെ വലിയൊരു വിഭാഗവുമെതിര്പ്പ് പ്രകടിപ്പിച്ചിരുന്നു. പഞ്ചായത്തിനെതിരെ ഭരണ പാര്‍ട്ടിയുടെ തൊഴിലാളി സംഘടനയുടെ ധിക്കാരപരമായ നടപടികളായിട്ടാണ് സമൂഹം വിലയിരുത്തിയത്. പഴയ ബസ് സ്റ്റാന്റായിരുന്നപ്പോള് ഇതേ സ്ഥലത്ത് ഇതു പോലൊരു കൂടാരം ഈ സംഘടനകള്‍ പണിതിരുന്നു. എന്നാല്‍ ബസ് സ്റ്റാന്റ് ഹൈ ടെക്കായി നവീകരിക്കുന്ന വേളയില്‍ ഈ കൂടാരം പൊളിച്ചു മാറ്റി. മാത്രമല്ല ബസ് സ്റ്റാന്റ് നവീകരിച്ചാല്‍ ഇത്തരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന തീരുമാനത്തിലായിരുന്നു പഞ്ചായത്ത് ഭരണസമിതി. എന്നാല്‍ ഇതൊന്നും വകവെക്കാതെയാണ് ഉദ്ഘാടനം കഴിഞ്ഞ് പത്തു ദിവസം കഴിഞ്ഞപ്പോഴേക്കും പാര്‍ട്ടി ഭരിക്കുന്ന പഞ്ചായത്തിന്റെ തീരുമാനം വക വെക്കാതെ പാര്‍ട്ടിയുടെ പോഷക സംഘടനയുടെ നേതൃത്വത്തില്‍ അനുമതിയില്ലാതെ നിര്‍മ്മാണം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: