പരപ്പ: മലയോര മേഖലയിലെ പ്രധാന ടൗണുകളിലൊന്നായ പരപ്പ ഇന്ന് അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുകയാണ്. നിത്യേന നൂറുകണക്കിന് യാത്രക്കാര്‍ വന്നും പോയുമിരിക്കുന്ന ഇവിടെ കംഫര്‍ട്ട് സ്റ്റേഷന് വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. വര്‍ഷങ്ങളായി സിപിഎം ഭരിക്കുന്ന കിനാനൂര്‍ കരിന്തളം പഞ്ചായത്തിലാണ് പരപ്പ പ്രദേശം ഉള്‍ക്കൊള്ളുന്നത്. പഞ്ചായത്തിലെ വികസ രാഹിത്യത്തിന് ഉത്തമ ഉദാഹരണമാണ് പരപ്പ ടൗണ്‍. വില്ലേജ് ഓഫിസ്, ബ്ലോക്ക് പഞ്ചായത്ത് ഓഫിസ്, ഗവ.ഹയര്‍സെക്കണ്ടറി സ്കൂള്‍, ഗവ.ആയുര്‍വേദ ഡിസ്പെന്‍സറി, പോസ്റ്റ് ഓഫിസ് തുടങ്ങിയ ഇടങ്ങളില്‍ വിവിധ ആവശ്യങ്ങള്‍ക്കെത്തുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയാതെ വലയുകയാണ്. 250 ലധികം കച്ചവട സ്ഥാപനങ്ങളും അഞ്ചിലധികം ധനകാര്യ സ്ഥാപനങ്ങളും ഇവിടെയുണ്ട്. 150 ലധികം ബസുകള്‍ ഇതുവഴി നിത്യേന സര്‍വിസ് നടത്തുന്നുണ്ട്. എന്നാല്‍ ബസ്സ്റ്റാന്റെന്നത് പരപ്പ നിവാസികള്‍ക്ക് ഇന്നും സ്വപ്നമായി അവശേഷിക്കുകയാണ്. ബസ്സ്റ്റാന്റ് നിര്‍മാണത്തിന് സ്വകാര്യ വ്യക്തികള്‍ 60 സെന്റ് സ്ഥലം സൗജന്യമായി നല്‍കിയിട്ടുണ്ട്. ഇവിടെ മണ്ണു നീക്കി സ്ഥലം നിരപ്പാക്കിയതല്ലാതെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടില്ല. പ്രസ്തുത സ്ഥലം ബസ്സ്റ്റാന്റിനു അനുയോജ്യമല്ലെന്നു പറഞ്ഞാണ് അധികൃതര്‍ നിര്‍മാണം നീട്ടിക്കൊണ്ടു പോകുന്നത്. ടൗണിലെത്തുന്ന സ്വകാര്യ വാഹനങ്ങള്‍ക്ക് പാര്‍ക്കു ചെയ്യാനും ഇവിടെ സ്ഥല സൗകര്യമില്ല. നാനൂറിലധികം ഓട്ടോറിക്ഷകളാണ് പരപ്പ ടൗണിലുള്ളത്.
പഞ്ചായത്ത് അധികൃതരുടെ അവഗണനക്ക് പുറമെ വൈദ്യുതി വകുപ്പും പരപ്പ നിവാസികളോട് കരുണ കാണിക്കുന്നില്ല. വൈദ്യുതിയും ഇവിടെ ഒളിച്ചുകളി നടത്തുന്നു. രാജപുരം, ഭീമനടി, ചോയ്യംകോട് സെക്ഷനുകളുടെ കീഴിലാണ് പരപ്പ. എന്നാല്‍, ടൗണില്‍ പലപ്പോഴും വൈദ്യുതിയില്ലാത്ത സ്ഥിതിയാണുള്ളത്. വൈദ്യുതി നിലച്ചാല്‍ പരസ്പരം പഴിചാരി വൈദ്യുത തടസം നീക്കാത്ത സ്ഥിതിയുമുണ്ട്. ഈ സെക്ഷനുകള്‍ വിഭജിച്ച് പരപ്പ കേന്ദ്രമായി പുതിയ സെക്ഷന്‍ ആരംഭിക്കണമെന്ന ആവശ്യം വര്‍ഷങ്ങളായുണ്ട്. വേനല്‍ക്കാലമായാല്‍ കുടിവെള്ളത്തിനും ക്ഷാമമാണ്. പരപ്പ ആസ്ഥാനമായി പുതിയ പഞ്ചായത്ത് അനുവദിക്കണെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ മാത്രമെ പരപ്പയുടെ വികസനം സാധ്യമാകുയെന്ന് ഇവര്‍ പറയുന്നു. കഴിഞ്ഞ തവണ പരപ്പ കേന്ദ്രമായി പഞ്ചായത്ത് അനുവദിച്ചിരുന്നെങ്കിലും വാര്‍ഡ് പുനര്‍വിഭജനം സംബന്ധിച്ച പ്രശ്നങ്ങളെ തുടര്‍ന്ന് പിന്നീട് അത് റദ്ദ് ചെയ്യുകയായിരുന്നു. പ്രധാന വ്യാപാരകേന്ദ്രമെന്ന നിലയില്‍ പരപ്പയുടെ വികസന ആവശ്യങ്ങള്‍ നടപ്പിലാക്കാന്‍ അധികാരികള്‍ മനസുവെക്കണമെന്ന് നാട്ടുകാര്‍ അവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: