തൃശൂര്‍: ദത്തെടുക്കലിനേക്കാള്‍ എളുപ്പം തട്ടിയെടുക്കലായിരുന്നതുകൊണ്ടാണ് ഒന്നര വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയതെന്ന് കഴിഞ്ഞ ദിവസം കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തില്‍ അറസ്റ്റിലായ തമിഴ് ദമ്പതികള്‍ പറഞ്ഞു. കുഞ്ഞിനെ തട്ടിയെടുത്തത് വളര്‍ത്താന്‍ വേണ്ടിതന്നെയാണെന്ന് മുത്തുവും സരസുവും പോലീസിനോട് പറഞ്ഞു.
ഭിക്ഷാടന മാഫിയയുമായി എന്തെങ്കിലും ബന്ധം ഇവര്‍ക്കുണ്ടായിരുന്നുവെങ്കില്‍ പത്തുമാസത്തോളം കുട്ടിയെ ഇവര്‍ കൂടെ കൊണ്ടുനടക്കില്ലെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. ഭിക്ഷാടന മാഫിയക്ക് വേണ്ടിയാണ് കുഞ്ഞിനെ തട്ടിയെടുത്തതെങ്കില്‍ കുട്ടിയെ കടത്തിക്കൊണ്ടുപോയ ഉടന്‍ കൈമാറി മറ്റു സംസ്ഥാനങ്ങളിലേക്ക് എത്തിക്കുമായിരുന്നുവത്രെ.
കുട്ടിയെ തമിഴ്നാട്ടില്‍ കണ്ടെത്തുന്ന സമയത്ത് സരസു കുട്ടിയെ അണിയിച്ചൊരുക്കുകയായിരുന്നു. കുട്ടിയെ നല്ലരീതിയില്‍ വളര്‍ത്തുന്നുണ്ടായിരുന്നു ഇവര്‍. കുട്ടിയെ അങ്കണവാടിയില്‍ ചേര്‍ത്തിരുന്നതുകൊണ്ട് അവിടേക്കയക്കാനുള്ള ഒരുക്കങ്ങളിലായിരുന്നു ഇവര്‍.
കുളിച്ച് പൊട്ടുതൊടുവിച്ച് തലയില്‍ പൂവെല്ലാം ചൂടിച്ച് നല്ലരീതിയിലാണ് കുഞ്ഞിനെ സ്വന്തം മകളായി കരുതി ഒരുക്കിയിരുന്നത്. പോലീസ് പിടികൂടി തൃശൂരിലെത്തിച്ച് കുഞ്ഞിനെ സ്വന്തം അമ്മയ്ക്ക് കൈമാറുമ്പോള്‍ സരസു കുഞ്ഞിനെ വിട്ടുകൊടുക്കാനുള്ള വിഷമത്താല്‍ കരയുകയായിരുന്നു.
തട്ടിക്കൊണ്ടുപോയ ദമ്പതിമാരില്‍ മുത്തുവിന്റെ മുഖത്തുണ്ടായിരുന്ന പാലുണ്ണി തമിഴ്നാട്ടിലെ ഒരു സ്വകാര്യ ക്ലിനിക്കില്‍ വെച്ച് ശസ്ത്രക്രിയ നടത്തി നീക്കം ചെയ്തിരുന്നു. തന്നെ തിരിച്ചറിയാതിരിക്കാനാണ് ഇത് ചെയ്തതെന്നാണ് മുത്തു പോലീസിനോടു പറഞ്ഞത്. ഇവര്‍ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് സഞ്ചരിക്കുന്നുവെന്ന വ്യക്തമായ സൂചന ലഭിച്ചതിനാല്‍ പോലീസ് അന്വേഷണം കേന്ദ്രീകരിച്ചത് തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിലായിരുന്നു. പതിനഞ്ചോളം ക്ഷേത്രങ്ങളില്‍ തിരച്ചില്‍ നടന്നിരുന്നു.
കുട്ടിയെ തട്ടിക്കൊണ്ടുപോയത് വളര്‍ത്താന്‍ തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും പോലീസ് ഇതുമായി ബന്ധപ്പെട്ട തുടര്‍ അന്വേഷണങ്ങള്‍ നടത്തും. ഏതെങ്കിലും മാഫിയകള്‍ക്ക് ബന്ധമുണ്ടോ എന്ന കാര്യം ഒന്നുകൂടി പരിശോധിക്കും. ആവശ്യമെങ്കില്‍ കുട്ടിയെ ഡിഎന്‍എ ടെസ്റ്റിന് വിധേയമാക്കുമെന്നും സൂചനകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: