ഞാന്‍ സംഘശാഖയില്‍ കുട്ടിയായിരുന്നപ്പോള്‍ പോയിത്തുടങ്ങിയതാണ്. മുതിര്‍ന്നപ്പോഴാണ് പരമേശ്വര്‍ജിയെക്കുറിച്ച് കേള്‍ക്കുന്നത്. അപ്പോള്‍ മുതലുള്ള ആഗ്രഹമാണ് അദ്ദേഹത്തെ പരിചയപ്പെടണമെന്നത്.
1982 ലാണ് ആ ഭാഗ്യം സിദ്ധിച്ചത്. അന്ന് പരമേശ്വര്‍ജിയെ എറണാകുളത്തെ സുധീന്ദ്ര ആശുപത്രിയില്‍ ചെറിയൊരു ശസ്ത്രക്രിയക്കായി പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. സംഘ പ്രചാരകനായിരുന്ന വള്ളിക്കീഴിലെ പി. സോമന് ചേട്ടനൊപ്പമാണ് ആശുപത്രിയില്‍ പരമേശ്വര്‍ജിയെ സന്ദര്‍ശിക്കാനെത്തിയത്. രക്തം വേണ്ടിവന്നേക്കാം എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി പരമേശ്വര്‍ജി പറഞ്ഞു. എന്റെ രക്തം യോജിക്കുമെങ്കില്‍ എടുക്കാന്‍ പൂര്‍ണസമ്മതം അറിയിച്ചു. പരമേശ്വര്‍ജിയുടെ രക്തഗ്രൂപ്പ് ഒ പോസിറ്റീവ്. എന്റേതുമായി ചേരും. അന്ന് അദ്ദേഹത്തെ ശുശ്രൂഷിക്കാന്‍ എന്നെയാണ് നിയോഗിച്ചത്. ആ ബന്ധം വളര്‍ന്നു. പിന്നീട് പരമേശ്വര്‍ജിയുടെ സന്തതസഹചാരിയാകാന്‍ സംഘം നിയോഗിച്ചു. ഇന്നും ആ കടമ നിറവേറ്റുന്നു.
പരമേശ്വര്‍ജിയുമായി പരിചയപ്പെട്ട ആദ്യനാളുകളില്‍, പ്രചാരകനാകണമെന്ന ചെറുപ്പം മുതല്ക്കുള്ള ആഗ്രഹം അദ്ദേഹത്തിനു മുന്നില്‍ സമര്‍പ്പിച്ചു. സന്തോഷപൂര്‍വം അദ്ദേഹം നല്ല ഉപദേശം നല്കി -”പ്രചാരകനായിക്കൊള്ളൂ, കുഴപ്പമില്ല. പക്ഷേ ആജീവനാന്തം പ്രചാരകനാകാമെന്ന് പറയരുത്. ഇതൊരു നീണ്ട യാത്രയാണ്. പ്രചാരകനായി തുടരാമെന്നു മാത്രം പറയുക. കാരണം നാളെ എന്തൊക്കെ സംഭവിക്കുമെന്ന് നമുക്ക് ഉറപ്പിച്ചു പറയാനാകില്ലല്ലോ.” തുടര്‍ന്ന് 1983 ആഗസ്റ്റ് 17 ന് അദ്ദേഹം എനിക്ക് കത്തെഴുതി. അതില്‍ പ്രചാരകജീവിതത്തില്‍ പാലിക്കേണ്ട കാര്യങ്ങളും പ്രചാരകജീവിതത്തെ പരാജയപ്പെടുത്താന്‍ ഇടയുള്ള വിഷയങ്ങളെക്കുറിച്ചും ഒക്കെ പ്രതിപാദിച്ചിട്ടുണ്ട്.
എനിക്ക് ലഭിച്ച അമൂല്യമായ ഉപദേശങ്ങളാണതില് – ”പ്രവര്‍ത്തനങ്ങളില്‍ പുരോഗതി ഉണ്ടായില്ലെങ്കില്‍ നമുക്ക് വിഷമം വരും. അതുണ്ടാകാതെ നോക്കണം. മനസ്സിലെ വിഷമം ശരീരത്തേയും വിഷമിപ്പിക്കും. പ്രവര്‍ത്തനങ്ങളെ അത് ബാധിക്കും. എല്ലായ്പ്പോഴും എല്ലാം വിജയിച്ചെന്നുവരില്ല. ആത്മവിശ്വാസം കൈവിടരുത്. ഒരിക്കലും നിരാശരാകരുത്. അങ്ങനെ തുടര്‍ന്നാല്‍ എല്ലാ പ്രശ്നങ്ങളെയും അതിജീവിക്കാന്‍ നമുക്ക് കഴിയും.” ജൂണ്‍ 17, 18, 19 തീയതികളിലാണ് സംഘ ബൈഠക് നടന്നത്. അതിനെത്തുടര്‍ന്ന് എന്നെ ചിറ്റൂര്‍ താലൂക്ക് പ്രചാരക് ആയി നിയോഗിച്ചു. അപ്പോഴും പരമേശ്വര്‍ജിയുമായുള്ള ബന്ധം കത്തുകളിലൂടെ തുടര്‍ന്നു. രക്ഷാബന്ധന് മഹോത്സവത്തിന്റെ സന്ദേശം നല്കാന് ബൗദ്ധിക്കിന് ഒരു ശാഖയില്‍ എന്നെ നിയോഗിച്ചു. ആദ്യമായാണ് ആ വിഷയം കൈകാര്യം ചെയ്യാന്‍ എന്നെ നിശ്ചയിക്കുന്നത്. ഞാന്‍ പരമേശ്വര്‍ജിക്ക് പോസ്റ്റുകാര്‍ഡില്‍ പറയേണ്ട പ്രധാന പോയിന്റുകള്‍ ചോദിച്ച് കത്തയച്ചു. അദ്ദേഹം അതിന് ഭംഗിയായി മറുപടി നല്കി.
1982 ലെ വിജയദശമി ദിനത്തിലാണ് തിരുവനന്തപുരം ആസ്ഥാനമായി ഭാരതീയ വിചാരകേന്ദ്രം ആരംഭിക്കാന്‍ സംഘം നിശ്ചയിക്കുന്നത്. എറണാകുളത്തെ ചൈതന്യ വേണുഗോപാല്‍ ആയിരുന്നു ആദ്യ സംഘടനാ സെക്രട്ടറി. അന്ന് പ്രചാരക് ആയിരുന്നെങ്കിലും ഞാന്‍ പരമേശ്വര്‍ജി ഡയറക്ടറായ വിചാരകേന്ദ്രവുമായി സഹകരിച്ചിരുന്നു. 1987 വരെ പി. സോമന് ചേട്ടനായിരുന്നു പരമേശ്വര്‍ജിക്കൊപ്പം സഞ്ചരിച്ച് സഹായിയായി നിന്ന് കാര്യങ്ങള്‍ നിര്‍വഹിച്ചിരുന്നത്. അദ്ദേഹത്തിന് അക്കാലത്ത് ചില ആരോഗ്യ പ്രശ്നങ്ങളുണ്ടാവുകയും വിശ്രമിക്കാന്‍ അനുവാദം ചോദിക്കുകയും ചെയ്തു. അങ്ങനെയിരിക്കെ വിചാരകേന്ദ്രത്തിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തെത്തിയ ഞാന്‍ രാത്രി കിടന്നുറങ്ങാന്‍ സ്ഥലം ലഭിക്കാതെ പരമേശ്വര്‍ജിയുടെ മുറിയുടെ മൂലയ്ക്ക് ഉറങ്ങാന്‍ കിടന്നു. ഈ സമയം അവിടെയെത്തിയ ആര്. ഹരിയേട്ടനാണ് എന്നെ ശ്രദ്ധിച്ചത്. പരമേശ്വര്‍ജിയുടെ മുറിയില്‍ കിടന്നുറങ്ങിയ എന്നെ അദ്ദേഹം പരമേശ്വര്‍ജിയുടെ സഹായത്തിന് നിയോഗിച്ചു. ”സുരേന്ദ്രന് പരമേശ്വര്‍ജിക്കൊപ്പം തുടരട്ടെ” എന്ന ഹരിയേട്ടന്റെ നിര്‍ദ്ദേശമാണ് എന്നെ പരമേശ്വര്‍ജിയുടെ സന്തതസഹചാരിയാക്കിയത്. അന്നുതൊട്ട് ഏതാണ്ട് 30 വര്‍ഷം തികയുന്നു ഞാന്‍ പരമേശ്വര്‍ജിക്കൊപ്പം നിഴലുപോലെ കൂടിയിട്ട്. 35 വര്‍ഷത്തെ സംഘ പ്രചാരകജീവിതത്തില്‍ 30 വര്‍ഷവും കേരളത്തിന്റെ സംഘ ഇതിഹാസത്തിലെ അതികായനായ മഹാമനുഷ്യനൊപ്പം സഞ്ചരിക്കാന്‍ എനിക്ക് സാധിച്ചു. അതാണ് സംഘജീവിതത്തിലെ മറക്കാനാകാത്ത കാലവും.
പരമേശ്വര്‍ജി എനിക്കയച്ച കത്തുകള്‍ ഇപ്പോഴും സൂക്ഷിച്ചുവച്ചിട്ടുണ്ട്. അതിലൊന്ന് അദ്ദേഹം അമേരിക്കയിലെ ചിക്കാഗോ സന്ദര്‍ശനവേളയില്‍ അയച്ചതാണ്. 1993 സപ്തംബര്‍ 19 ന് അയച്ചതാണ് ആ കത്ത്. സ്വാമി വിവേകാനന്ദന് സഞ്ചരിച്ച വഴികളിലൂടെ യാത്ര ചെയ്തതുള്‍പ്പെടെയുള്ള വിവരങ്ങള്‍ മനോഹരമായ ഭാഷയില്‍ വടിവൊത്ത ചെറിയ കൈയ്യക്ഷരത്തിലുള്ള ആ കത്ത് ഞാന്‍ നിധിപോലെ ഇന്നും സൂക്ഷിക്കുന്നു. മാന്യ ഠേംഗ്ഡ്ജി, സുദര്‍ശന്‍ജി, മുരളീമനോഹര്‍ ജോഷി ജി തുടങ്ങിയവരുടെ ഒപ്പമായിരുന്നു അമേരിക്കന്‍ യാത്ര. ചിക്കാഗോയിലെ ചിന്മയാമിഷന് കേന്ദ്രം സന്ദര്‍ശിച്ചതും പ്രാര്‍ഥനാ സമ്മേളനത്തില്‍ പങ്കെടുത്തതും പരമേശ്വര്‍ജി അഭിമാനത്തോടെ കത്തില്‍ വിവരിച്ചിട്ടുണ്ട്. ”വലിയൊരു സദസ്സ് അന്ന് അവിടെയുണ്ടായിരുന്നു. 1893 ല്‍ സ്വാമി വിവേകാനന്ദന് പ്രസംഗിച്ച ഹാള്‍ സന്ദര്‍ശിച്ചു. ചിക്കാഗോയിലെയും വാഷിങ്ടണ്ണിലേയും ഹിന്ദുക്ഷേത്രങ്ങളില്‍ പോയി. താമസം കൂടുതല്‍ ഭാരതീയരുടെ ഭവനങ്ങളിലായതിനാല് നമ്മുടെ ശൈലിക്ക് യോജിച്ച ഭക്ഷണം ലഭിക്കാന്‍ പ്രയാസമുണ്ടായില്ല. ഇതിനിടെ നയാഗ്രാ വെള്ളച്ചാട്ടവും കണ്ടു. ചിക്കാഗോയില്‍ സ്ഥിതി ചെയ്യുന്ന 110 നിലകളുള്ള വലിയ കെട്ടിടവും സന്ദര്‍ശിച്ചു.” ഇങ്ങനെ അമേരിക്കന്‍ സന്ദര്‍ശനത്തിലെ സൂക്ഷ്മമായ കാര്യങ്ങള്‍ പോലും അദ്ദേഹം കത്തില്‍ വിവരിച്ചിട്ടുണ്ട്.
പരമേശ്വര്‍ജിക്കൊപ്പം നിരവധിപേര്‍ സഹായികളായി നിന്നിട്ടുണ്ട്. ജനപ്രദീപ് (ചങ്ങനാശ്ശേരി), പ്രസാദ് (കോഴിക്കോട്), അശോകന് (മാവേലിക്കര), ജയേഷ് (പന്തളം), രംഗനാഥ് കൃഷ്ണ (തിരുവല്ല) അങ്ങനെ പലരും. പേരെടുത്തു പറയേണ്ട നിരവധിപേര്‍ ഇനിയുമുണ്ട്. 2011 മുതല്‍ ഒരുദിവസം പോലും മാറാതെ ഞാന്‍ പരമേശ്വര്ജിക്കൊപ്പമുണ്ട്.
വിരുദ്ധ ആശയങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും രാഷ്ട്രീയമായി എതിരഭിപ്രായമുള്ളവരും അടങ്ങുന്ന വലിയൊരു സുഹൃദ് വലയം പരമേശ്വര്ജിക്കുണ്ട്. ഇ.എം.എസ്. നമ്പൂതിരിപ്പാട്, പി. ഗോവിന്ദപ്പിള്ള തുടങ്ങിയ മാര്‍ക്സിസ്റ്റ് നേതാക്കളുമായി നിരന്തരം സംവാദങ്ങളിലേര്‍പ്പെടുമ്പോഴും പരമേശ്വര്‍ജി അവരുടെയൊക്കെ നല്ല സുഹൃത്തായിരുന്നു. ആശയപരമായി വിയോജിക്കുമ്പോഴും അവരോടൊക്കെ നിഷ്കളങ്കമായ അടുപ്പം സൂക്ഷിക്കാന്‍ പരമേശ്വര്‍ജിക്ക് കഴിഞ്ഞു. അതില്‍ എടുത്തു പറയേണ്ടതാണ് പി. ഗോവിന്ദപ്പിള്ള എന്ന പിജിയുമായുള്ള അദ്ദേഹത്തിന്റെ ബന്ധം. ”പി. പരമേശ്വര്‍ജിയെയും പിജിയേയും തെറ്റിക്കാന്‍ പലരും പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ അതൊരിക്കലും വിജയിക്കില്ല.” ഈ വാക്കുകള്‍ പിജിയുടെ പത്നി രാജമ്മ പറഞ്ഞിട്ടുള്ളതാണ്.
പരമേശ്വര്‍ജിയുടെ സപ്തതിയില്‍ പിജി പങ്കെടുത്തു. അതിനായി ആലപ്പുഴയിലെ പരമേശ്വര്‍ജിയുടെ വീട്ടില്‍ അദ്ദേഹം എത്തി. അന്ന് ആ യാത്രയിലൊക്കെ ഒപ്പമുണ്ടാകാന്‍ എനിക്കു സാധിച്ചു. ടിയാന്മെന്റ് സ്ക്വയര്‍ സംഭവത്തെത്തുടര്‍ന്ന് പരമേശ്വര്‍ജി നല്കിയ കത്തുമായാണ് ഞാന്‍ ആദ്യമായി പിജിയെ തിരുവനന്തപുരത്തെ വസതിയില്‍ ചെന്നു കാണുന്നത്. പിന്നെ പരമേശ്വര്‍ജിയും പിജിയും തമ്മില്‍ സന്ധിക്കുകയും സൗഹൃദപരമായി ഇടപഴകുകയും ചെയ്യുന്നതിന്റെ നേര്‍സാക്ഷിയായി ഞാന്‍. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ നന്നായി പരിശ്രമിച്ചെങ്കിലും പലപ്പോഴും സിപിഎമ്മിന്റെ കടുത്ത നിലപാടുകള്‍ എതിരുനിന്നു. പരമേശ്വര്‍ജിയെ ഒരിക്കല്‍ പരിചയപ്പെടുന്ന ആള് പിന്നെ അദ്ദേഹത്തെ മറക്കില്ല. ഒരിക്കല്‍ സന്ദര്‍ശിക്കുന്നവര്‍ വീണ്ടും വരും. ആശയപരമായി എതിര്‍ക്കുന്നവര്‍ക്കു പോലും പരമേശ്വര്‍ജിയുടെ വാക്കുകള്‍ തള്ളിക്കളയാനാകില്ല. അതിന് പകരം വയ്ക്കാന്‍ മറ്റൊരു വാക്കും ഉണ്ടാകുകയുമില്ല.
അയോധ്യ സംഭവത്തിലടക്കം പക്വമായ സമീപനം അദ്ദേഹം സ്വീകരിച്ചു. അന്നത്തെ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ ആരെയും ആകര്‍ഷിച്ചു. വസ്തുതകള്‍ മധുരമായ ഭാഷയില്‍ യുക്തിസഹമായി അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് നന്നായി സാധിച്ചിരുന്നു. എന്നാല്‍ സത്യം തുറന്നു പറയുന്നിടത്തും രാഷ്ട്രസ്നേഹവും അഭിമാനവും ഉയര്‍ത്തിപ്പിടിക്കുന്നതിലും അദ്ദേഹം വിട്ടുവീഴ്ച ചെയ്തില്ല. സംഘത്തിന്റെ കാഴ്ചപ്പാട് ശ്രോതാക്കളെക്കൊണ്ട് സ്വീകരിപ്പിക്കുന്നതിന് പരമേശ്വര്‍ജിയുടെ വാക്കുകള്‍ക്ക് പ്രത്യേക കഴിവുണ്ടായിരുന്നു. വാക്കു പറഞ്ഞാല്‍ മാറുന്ന ആളല്ല അദ്ദേഹം. നിരവധി കാര്യങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് പഠിക്കാന്‍ സാധിച്ചു. വ്യക്തിപരമായി നിരവധി ഗുണങ്ങള്‍ ആ സാമിപ്യത്താല്‍ ലഭിച്ചതാണ്. ശ്രീരാമകൃഷ്ണാശ്രമത്തിലെ തപസ്യാനന്ദസ്വാമിയില് നിന്ന് എനിക്ക് ദീക്ഷ ലഭിച്ചതിന് കാരണവും പരമേശ്വര്‍ജിയാണ്.
(പരമേശ്വര്‍ജിയുടെ സന്തതസഹചാരിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: