കോഴിക്കോട്: കോഴിക്കോടിന്റെ പ്രിയ സംഗീതകാരന്‍ ബാബുരാജിന് ശ്രദ്ധാഞ്ജലിയുമായി കൊച്ചുമകള്‍ അരങ്ങിലെത്തുന്നു. ബാബുരാജിന്റെ പേരക്കുട്ടിയുടെ മകള്‍ നിമിഷ സലീമാണ് എ ട്രിബ്യൂട്ട് ടു ഉപ്പൂപ്പ എന്ന പേരില്‍ മെഹ്ഫില്‍ നടത്തുന്നത്. 18ന് വൈകുന്നേരം ആറിന് തളി ജയ ഓഡിറ്റോറിയത്തിലാണ് പരിപാടി. സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, സംവിധായകന്‍ കമല്‍, നടന്‍ മാമുക്കോയ, കൈതപ്രം വിശ്വനാഥന്‍ നമ്പൂതിരി തുടങ്ങി പ്രമുഖര്‍ പാട്ടുകേള്‍ക്കാനെത്തും.
നിമിഷ പാടിയ പാട്ടുകളടങ്ങിയ രണ്ടു സിഡികളുടെ പ്രകാശനവും ചടങ്ങില്‍ നടക്കും. ഒരു പുഷ്പം മാത്രം…., പ്രാണസഖി…., കടലേ…., ഈറനുടുത്തുങ്കൊണ്ടമ്പലം ചുറ്റുന്ന…, തുടങ്ങിയവയടക്കം 10 ബാബുരാജ് ഹിറ്റുകളടങ്ങിയ ട്രിബ്യൂട്ട് ടു ഉപ്പൂപ്പ, ഹിന്ദി സിനിമാഗാന രംഗത്തെ പ്രതിഭകള്‍ക്ക് ശ്രദ്ധാഞ്ജലിയായ എ ട്രിബ്യൂട്ട് ടു ദ ലജണ്ട്‌സ് എന്നീ സിഡികള്‍ സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ പ്രകാശനം ചെയ്യും. മദന്‍ മോഹന്‍, ആര്‍.ഡി. ബര്‍മന്‍, ശങ്കര്‍ ജയ്‌കിഷന്‍, റോഷന്‍ തുടങ്ങിയ പ്രതിഭകളുടെ എട്ട് പാട്ടാണ് ഹിന്ദി ആല്‍ബത്തിലുള്ളത്.
എല്ലാ പാട്ടും ഹാര്‍മോണിയവും തബലയും മാത്രമുപയോഗിച്ചാണ് അവതരിപ്പിക്കുന്നത് എന്നതാണ് പ്രത്യേകതയെന്ന് നിമിഷ സലീം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബാബുരാജിന്റെ മൂത്ത മകള്‍ സാബിറ ഇബ്രാഹിമിന്റെ മകള്‍ ഫെമിനയുടെ മകളാണ് 20കാരിയായ നിമിഷ. ഫാറൂഖ് കോളജ് ഇംഗ്ലീഷ് സാഹിത്യ ബിരുദ വിദ്യാര്‍ത്ഥിയായ നിമിഷ ഇതിനകംതന്നെ നഗരത്തിലെ സംഗീത വേദികള്‍ക്ക് സുപരിചിതയാണ്.
















