കോഴിക്കോട്: സിപിഐയുടെ യുവജനവിഭാഗമായ എഐവൈഎഫില്‍ പൊട്ടിത്തെറി. ജില്ലാ നേതൃത്വത്തിന്റെ ഏകാധിപത്യത്തിലും സ്വജന പക്ഷപാത നിലപാടിലും പ്രതിഷേധിച്ച് ജില്ലാ കമ്മിറ്റി അംഗവും ബേപ്പൂര്‍ മണ്ഡലം പ്രസിഡന്റുമായ കെ.പി. ഷാനവാസ് സംഘടനയില്‍ നിന്ന് രാജിവെച്ചു. മണ്ഡലം, ജില്ലാ സമ്മേളനങ്ങളില്‍ പ്രതിനിധിയല്ലാത്ത ചിലരെ ജില്ലാ നേതൃത്വത്തിന്റെ പ്രത്യേക പരിഗണനയില്‍ സംസ്ഥാന സമ്മളനത്തില്‍ പങ്കെടുപ്പിച്ചതിനെ എഐവൈഎഫ് ബേപ്പൂര്‍ മണ്ഡലം കമ്മിറ്റി എതിര്‍ത്തിരുന്നു. ജില്ലാ നേതൃത്വത്തിലെ ചിലരുടെ പ്രത്യേക താല്‍പര്യമാണ് ഇതിന് പിന്നിലെന്നായിരുന്നു ആരോപണം. പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന ആവശ്യം പരിഗണിക്കാത്തതിനെ തുടര്‍ന്നാണ് സംഘടനയില്‍ നിന്ന് രാജിവെക്കുന്നതെന്ന് ഷാനവാസ് പറഞ്ഞു. നേരത്തെ മറ്റൊരു ജില്ലാ കമ്മിറ്റി മെമ്പറായിരുന്ന അന്‍വര്‍ സന്ദീപ് എഐവൈഎഫില്‍ നിന്ന് രാജിവെച്ചു.
ജില്ലാ നേതൃത്വം ചിലരുടെ കുടുംബസ്വത്തായി മാറ്റുന്നുവെന്നാണ് രാജിവെക്കുന്നവരുടെ മറ്റൊരു ആരോപണം. എഐവൈഎഫിന്റെ നേതൃ സ്ഥാനത്തുനിന്ന് പലരും വിട്ടു നില്‍ക്കുന്നതും രാജിവെച്ച് പോകുന്നതും പതിവായിരിക്കുകയാണെന്നും സംഘടനയില്‍ ജനാധിപത്യ സ്വഭാവം നഷ്ടപ്പെട്ടിരിക്കുന്നുവെന്നുമാണ് ഒരു വിഭാഗം പറയുന്നത്. സിപിഐയുടെ നേതൃസ്ഥാനത്തുള്ള ചിലരുമായി അടുത്തബന്ധമുള്ള നേതാക്കളാണ് സംഘടനയെ കൈപ്പിടിയില്‍ ഒതുക്കിയിരിക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു. എഐവൈഎഫിന്റെ സംസ്ഥാന നേതാവായിരുന്ന അഡ്വ. മനോജ് കെ.അരൂര്‍ നേരത്തെ രാജിവെച്ച് ഡിവൈഎഫ്‌ഐയില്‍ ചേര്‍ന്നിരുന്നു. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ രണ്ട് നേതാക്കളാണ് എഐവൈഎഫില്‍ നിന്ന് രാജിവെക്കുന്നത്. ബേപ്പൂര്‍ മണ്ഡലം സെക്രട്ടറി രവീന്ദ്രന്‍ സംഘടനയില്‍ നിന്ന് രാജിവെച്ചിരുന്നു.
എന്നാല്‍ സാമ്പത്തിക തിരിമറികാണിച്ചതിന് അന്‍സാറിനെ പുറത്താക്കിയതായാണ് എഐവൈഎഫ് മണ്ഡലം സെക്രട്ടറി കെ. പ്രജോഷ് വാര്‍ത്താകുറിപ്പില്‍ വിശദീകരിച്ചത്. ചെഗുവേര ആര്‍ട്‌സ് ആന്റ് സ്പാര്‍ട്‌സ് ക്ലബ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഗുരുതരമായ സാമ്പത്തിക ക്രമക്കേട് നടത്തിയ പശ്ചാത്തലത്തിലാണ് അന്വേഷണവിധേയമായി ഷാനവാസിനെ പുറത്താക്കുന്നതെന്നാണ് സംഘടനയുടെ വിശദീകരണം. എഐവൈഎഫില്‍ നിന്നും നേതാക്കള്‍ രാജിവെച്ച് ഡിവൈഎഫ്‌ഐയില്‍ ചേരുന്നത് ഇരുസംഘടനകളും തമ്മിലുള്ള ബന്ധത്തിനും വിള്ളല്‍ വീഴ്‌ത്തിയിട്ടുണ്ട്.















