കുണ്ടറ: ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ പെരുമ്പുഴ ഷാപ്പ് മുക്ക് ജംഗ്ഷനില്‍ നിന്ന് പട്ടികജാതി കോളനിയിലേക്കുള്ള കനാല്‍ റോഡിനോട് ചേര്‍ന്നുള്ള കനാല്‍ പുറമ്പോക്കുസ്ഥലവും സൈഡ്‌വാളും, മതിലും, കമ്പിവേലിയും കെട്ടി സ്വകാര്യ വ്യക്തികള്‍ കയ്യേറി. കനാല്‍ അതിരുകല്ലുകള്‍ ഇളക്കി മാറ്റി ഇതിലുണ്ടായിരുന്ന ലക്ഷങ്ങള്‍ വിലവരുന്ന തേക്ക്, ആഞ്ഞിലി, മുള്ളുവേങ്ങ, മഹാഗണി, തെങ്ങ് എന്നിവ രാത്രിയുടെ മറവില്‍ മുറിച്ചുകൊണ്ടുപോവുകയും കൂടാതെ ലക്ഷക്കണക്കിന് രൂപ വിലവരുന്ന നൂറില്‍പ്പരം ഇഞ്ച് ചുറ്റുവണ്ണം വരുന്ന പതിനാലോളം തേക്കുകള്‍, പ്ലാവുകള്‍, മാവുകള്‍, പറങ്കിമാവ്, തെങ്ങ് ഉള്‍പ്പെടെയുള്ള വൃക്ഷങ്ങള്‍ സ്വകാര്യ വ്യക്തികള്‍ മുറിച്ചുവില്‍ക്കുന്നതിന് വേണ്ടി മതിലും കമ്പിവേലിയും സൈഡ്‌വാളും കെട്ടി കൈവശപ്പെടുത്തിയിരിക്കുകയാണ്. ഇതിനെതിരെ പരിസരവാസികളായ അമ്പത്തിയേഴ് കുടുംബങ്ങള്‍ കെ.ഐ.പി ഉദേ്യാഗസ്ഥര്‍ക്ക് പരാതികള്‍ നല്‍കിയിട്ടും ഇവര്‍ ഒത്തുകളിക്കുന്നതായി പരിസരവാസികള്‍ ആരോപിക്കുന്നു. കനാല്‍ പുറമ്പോക്കുകളിലെ ലക്ഷക്കണക്കിന് രൂപ വിലവരുന്ന വൃക്ഷങ്ങള്‍ മുറിച്ചുവില്‍ക്കുന്നതുമായി ഒരു മാഫിയ തന്നെ രൂപം കൊണ്ടിരിക്കുകയാണ്. അനധികൃത മരം മുറിപ്പിനെതിരെ ആരെങ്കിലും കെഐപി ഓഫീസില്‍ പരാതിപ്പെട്ടാല്‍ ആ പരാതി പൂഴ്‌ത്തിവെച്ച് പിന്നീട് വെളിച്ചം കാണാത്ത അവസ്ഥയുമാണ്.
















