ചെമ്മാപ്പിള്ളി: ക്ഷേത്രനട നേരത്തെ അടച്ചുവന്ന തൃപ്രയാര്‍ തേവര് ചെമ്മാപ്പിള്ളിശ്രീരാമന് ചിറയില്‍ സേതുബന്ധിച്ചു . തുടര്‍ന്ന് കൊട്ടാരവളപ്പില്‍ ശ്രീ മഹാവിഷ്ണുക്ഷേത്രത്തില്‍ വിഭവ സമര്‍പ്പണവും അവകാശവിതരണവും നടത്തിയതോടെ ഈ വര്‍ഷത്തെ ചടങ്ങുകള്‍ അവസാനിച്ചു.
പുലര്‍ച്ചെ തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ നട തുറക്കുന്നതിനു മുന്നോടിയായി നിയമവെടി മുഴങ്ങിയപ്പോള്‍ ചിറകെട്ട് അവകാശി പനോക്കി ശിവദാസ്, സുരേഷ് എന്നിവര്‍ ചേര്‍ന്ന് തൃക്കാക്കരയപ്പന് വച്ച് ഓണം കൊണ്ട് താല്‍ക്കാലികക്ഷേത്രത്തെ ആരാധനക്ക് തയ്യാറാക്കി. തുടര്‍ന്ന് നാട്ടുകാരും വീടുകളില്‍ ഓണം കൊണ്ടു .
രാവിലെ 11.30 ന് വിവിധ ജാതി മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ ഒത്തു കൂടിയ ശബരീസല്ക്കാരം ചെമ്മാപ്പിള്ളിയിലെ സാമൂഹ്യ സമരസതയുടെ ഉത്തമോദാഹരണമായി മാറി. വിവിധ ജാതി മത വിഭാഗങ്ങളില്‍പെട്ടവര്‍ തമ്മില്‍ത്തമ്മില്‍ ഭക്ഷണം കൈമാറി കഴിച്ചത് മറ്റൊരാളെ സല്‍ക്കരിക്കുന്നത് ദൈവതുല്യമായി കണ്ടാണെന്ന് ഊട്ടിയുറപ്പിക്കുന്നതായിരുന്നു.ശ്രീരാമന് ചിറയിലേക്കുള്ള ഘോഷയാത്രക്ക് ചെമ്മാപ്പിള്ളി നൂറുല്ഹുദമദ്രസയിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളും ഇര്‍ഷാദിയ കലാവേദി ഭാരവാഹികളും കൂടി സ്വീകരണം നല്കി.തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം, ആനേശ്വരം ശിവക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നും ഗജവീരന്റെ അകമ്പടിയോടെയുള്ള പഞ്ചവാദ്യം ഉണ്ടായിരുന്നു. കുമ്മാട്ടി ഘോഷയാത്ര, കാളകളി, ശിവതാണ്ഡവം, നാടന്‍കലാരൂപം, ശിങ്കാരിമേളം, നാദസ്വരം, കാവടിയാട്ടം, ഭജന ഘോഷയാത്ര എന്നിവ ആഘോഷത്തിന് കൊഴുപ്പേകി. തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം തന്ത്രി തരണനെല്ലൂര്‍ പത്മനാഭന് നമ്പൂതിരിപ്പാട് സേതുബന്ധനച്ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് ശ്രീരാമനെ ചിറകെട്ടാന്‍ സഹായിച്ച അണ്ണാറക്കണ്ണനെ ഓര്‍മ്മിച്ചുകൊണ്ട്, ഭക്തര്‍ ഒരുപിടി മണ്ണ് സമര്‍പ്പിച്ച് സേതുബന്ധന വന്ദനം നടത്തി.
തൃപ്രയാര്‍ ദേവസ്വം മാനേജര്‍ എം മനോജ് കുമാര്‍, പ്രകാശന്, യു.പി.കൃഷ്ണനുണ്ണി, ഇ പി ഹരീഷ്, പി.വി.ദാസന്, സുമേഷ്, സുരേന്ദ്രന് കൂട്ടാല, രതീഷ്, സുനില്‍ കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: