സ്വന്തം ലേഖകന്‍
കൊല്ലം: ബൈപാസ് പണി മുടക്കുന്നത് ജില്ലാ ഭരണകൂടമാണെന്ന ആക്ഷേപം ശക്തമാകുന്നു. ജില്ലാ കളക്ടര്‍ ചെയര്‍മാനായുള്ള കൊട്ടാരക്കര നവോദയ സ്‌കൂളില്‍ നിന്നും മണ്ണെടുക്കാമെന്നിരിക്കെ അധികൃതര്‍ കാണിക്കുന്ന സമീപനം ബോധപൂര്‍വ്വമാണെന്ന് വ്യക്തമാകുന്നു. നവോദയ സ്‌കൂളും ബൈപാസ് പണിയുടെ കരാറിലേര്‍പ്പെട്ടിരിക്കുന്ന എറണാകുളം ചെറിയാന്‍ ഗ്രൂപ്പ് കമ്പനിയുമായി മണ്ണ് എടുക്കുന്നത് സംബന്ധിക്കുന്ന ധാരണാപത്രം ഒപ്പിടാന്‍ ഇതുവരെയും സാധിച്ചിട്ടില്ല. കഴിഞ്ഞ മൂന്ന് മാസമായി ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വൈകിപ്പിച്ചിരിക്കുകയാണ്. മണ്ണ് സംബന്ധിക്കുന്ന ധാരണാപത്രം ഒപ്പിടുന്നത് ഇനിയും താമസിപ്പിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ നീക്കം. സംസ്ഥാനത്ത് തന്നെ വലിയ പദ്ധതിയായ ബൈപാസ് നിര്‍മ്മാണത്തിന്റെ അട്ടിമറി സാധ്യത വര്‍ദ്ധിപ്പിക്കുന്നതാണ് ഭരണകൂടത്തിന്റെ ഈ ഇടപെടല്‍. ഇതിന് മുമ്പിരുന്ന കളക്ടറും ഇപ്പോള്‍ വന്നിരിക്കുന്ന കളക്ടറും ബൈപാസ് നിര്‍മ്മാണത്തിനാവശ്യമായ യാതൊരു സഹായവും ചെയ്യുന്നില്ലെന്നും നിര്‍മ്മാണം മുടങ്ങുന്ന രീതിയിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിക്കുകയുമാണെന്ന ആക്ഷേപവും ശക്തമാണ്. ബൈപാസ് നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ കൂടുന്ന യോഗങ്ങളിലെ റിപ്പോര്‍ട്ടില്‍ ജിയോളജി വകുപ്പ് മണ്ണെടുക്കുന്നതിനുള്ള അനുമതി നല്‍കുന്നില്ലെന്ന ന്യായമാണ് ഉയര്‍ത്തുന്നത്. വലിയ പദ്ധതിയായ ബൈപാസ് നിര്‍മ്മാണത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കി. അതേ സമയം മണ്ണ് ലഭ്യമാകുന്നതുവരെ ശക്തമായ പ്രക്ഷോഭപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ജിതിന്‍ദേവ് പറഞ്ഞു. ജന്മഭൂമി വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വ്യാഴാഴ്ച മുതല്‍ ശക്തമായ പ്രക്ഷോഭപരിപാടികള്‍ക്ക് യുവമോര്‍ച്ച നേതൃത്വം നല്‍കും. ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരുടെയും ജില്ലാ ഭരണകൂടത്തിന്റെ രാഷ്‌ട്രീയ ഇടപെടലുകളും നടക്കില്ലെന്നും പ്രത്യേക സംവിധാനത്തിലുടെ പണിക്കാവശ്യമായ മണ്ണിന്റെ ലഭ്യത ഉറപ്പുവരുത്താന്‍ ജില്ലാ കളക്ടര്‍ ഇടപെടണമെന്നും പറഞ്ഞു. ന്യായങ്ങള്‍ നിരത്തി മുടക്കാനുള്ളതല്ല ബൈപാസ് നിര്‍മ്മാണമെന്നും ഒരു ജനതയുടെ സ്വപ്‌നസാക്ഷാത്കാരത്തിന്റെ വേഗത കൂട്ടാന്‍ വേണ്ടി ഏതു രീതിയിലുള്ള സമരത്തിനും നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
















