മുടിക്കോട്: പാണഞ്ചേരി പഞ്ചായത്തിലെ ഏറ്റവും വലിയ കുളങ്ങളിലൊന്നായ ചാത്തംകുളം നാശത്തിന്റെ വക്കിലെത്തിക്കഴിഞ്ഞു. ചണ്ടിയും പായലുകളും മൂടി കുളം ജീര്‍ണ്ണാവസ്ഥയിലായി. കടുത്ത വേനല്‍ക്കാലത്തുപോലും വറ്റാത്ത ചാത്തംകുളം മാലിന്യക്കുളമായി മാറിയേക്കും. ചണ്ടിയും പായലും അഴുകി കലര്‍ന്ന് വെള്ളത്തിന് കറുത്ത നിറവും ദുര്‍ഗ്ഗന്ധവും ആയി. ഈ പ്രദേശത്തെ കിണറുകളില്‍ വെള്ളം ഉണ്ടാകാനുള്ള പ്രധാന കാരണം ചാത്തംകുളത്തിന്റെ ജല സമൃദ്ധിയാണ്.
രണ്ടര ഏക്കറാണ് ചാത്തംകുളത്തിന്റെ വിസ്തൃതി. മുടിക്കോട് ഇമ്മട്ടിപ്പറമ്പ്, കൂട്ടാല, വട്ടക്കല്ല്, താളിക്കോട്, പ്രദേശങ്ങളിലെ ജനങ്ങള്‍ തുണിയലക്കാനും കുളിക്കാനുമായി ഈ കുളം നേരത്തെ ഉപയോഗിച്ചിരുന്നു. കുളത്തിന്റെ അടിത്തട്ടോളം ആഴത്തില്‍ വേരുറപ്പിച്ച ചണ്ടികള്‍ രൂപപ്പെട്ടതിന് ശേഷം ആരും കുളം ഉപയോഗിക്കാറില്ല. പായലും ചണ്ടിയും നിറഞ്ഞ കുളത്തില്‍ കുളിക്കുന്നത് ഏറെ അപകടകരമാണ് എന്ന് നാട്ടുകാര്‍ പറയുന്നു. കുളത്തിലെ പായലും ചണ്ടിയും നീക്കം ചെയ്ത് കുളം ശുദ്ധീകരിച്ചാല്‍ നൂറിലധികം കുടുംബങ്ങള്‍ക്ക് ഇത് ഗുണകരമാകും. കാര്‍ഷിക ആവശ്യങ്ങള്‍ക്കും ഈ കുളത്തിലെ ജലം ഉപയോഗിക്കുന്നു. കുളം കാലാകാലങ്ങളില്‍ കൃത്യമായി പരിപാലിക്കപ്പെടേണ്ടതുണ്ട്. ഇത്തരത്തില്‍ പത്തോളം പൊതുകുളങ്ങള്‍ പാണഞ്ചേരി പഞ്ചായത്തിലുണ്ട്. നാട് രൂക്ഷമായ ജലക്ഷാമത്തിലേക്കും കടുത്ത വരള്‍ച്ചയിലേക്കും കടന്നു പോകാതിരിക്കാന്‍ പ്രകൃതി നല്‍കിയിരിക്കുന്ന ദാനങ്ങളാണ് ഈ കുളങ്ങള്‍.
കടുത്ത വേനലാണ് കാത്തിരിക്കുന്നതെന്ന് കാലം സൂചന നല്‍കിക്കഴിഞ്ഞു. വരാനിരിക്കുന്ന വരള്‍ച്ചയെ പ്രതിരോധിക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്നും ദീര്‍ഘവീക്ഷത്തോടെയുള്ള നടപടികള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. വാര്‍ഡ് മെമ്പറോ, പഞ്ചായത്ത് അധികൃതരോ കുളം ശുചീകരണത്തിനായി അടിയന്തിര നടപടികള്‍ കൈക്കൊള്ളണമെന്ന് പാണഞ്ചേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി ജനറല്‍ സെക്രട്ടറി ഷിജോ പി.ചാക്കോ ആവശ്യപ്പെട്ടു. സ്വാഭാവിക ജലസ്രോതസ്സുകളെ കേടുകൂടാതെ സംരക്ഷിക്കുകയാണ് വേണ്ടത്. അതിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: