ഇരിങ്ങാലക്കുട: ഭാരതി എയര്‍ടെല്ലിന് ഒപ്റ്റിക്കല്‍ ഫൈബര്‍ സ്ഥാപിക്കുന്നതിന് റോഡ് കട്ടിങ്ങിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ ബഹളം. ചെര്‍പേഴ്സണും സെക്രട്ടറിയും തമ്മിലുള്ള ഭിന്നത രൂക്ഷം, ഇരുവരും തമ്മിലുള്ള ഭിന്നതമൂലം കബളിക്കപ്പെടുന്നത് ജനങ്ങളെന്ന് പ്രതിപക്ഷം.
ഭാരതി എയര്‍ടെല്ലിന് അനുമതി കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ സപ്ലിമെന്ററി അജണ്ടയായി അനുമതി നല്‍കിയിരുന്നതാണെന്നും, ഈ യോഗത്തില്‍ വീണ്ടും അജണ്ടയായി കൊണ്ടു വേണ്ടതില്ലെന്നുമാണ് പ്രതിപക്ഷാംഗങ്ങള്‍ സ്വീകരിച്ച നിലപാട്. എന്നാല്‍ കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ സപ്ലിമെന്ററി അജണ്ടയായി വിഷയം കൊണ്ടു വന്നിട്ടില്ലെന്നായിരുന്നു ഭരണകക്ഷിയംഗങ്ങളുടെ നിലപാട്. ഇതേ ചൊല്ലി ഭരണ-പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ ഏറെ നേരം വാഗ്വാദം തുടര്‍ന്നു. ഒരു അജണ്ട കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ചാല്‍ വീണ്ടും അവതരിപ്പിക്കുന്നത് ആറു മാസത്തിനു ശേഷം മാത്രമെ കഴിയുവെന്ന് എല്‍ഡിഎഫ്-ബിജെപി അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ വിഷയം അജണ്ടയായി കൗണ്‍സില്‍ യോഗത്തില്‍ കൊണ്ടു വന്നിട്ടില്ലെന്ന നിലപാടില്‍ ഉറച്ചു നിന്ന ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു ഒരു ഘട്ടത്തില്‍ കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ അജണ്ടയായി വിഷയം അവതരിപ്പിച്ചിട്ടില്ലെന്നും സെക്രട്ടറി തന്നിഷ്ട പ്രകാരം അവതരിപ്പിച്ചതാണെന്നും കുറ്റപ്പെടുത്തി.
ഇരു വിഭാഗവും തങ്ങളുടെ നിലപാടില്‍ ഉറച്ചു നിന്നതോടെ കഴിഞ്ഞ കൗണ്‍സില്‍ യോഗത്തിന്റെ സപ്ലിമെന്ററി അജണ്ടയില്‍ വിഷയം ഇല്ലെന്ന് ഭരണകക്ഷിയംഗങ്ങളായ അഡ്വ വി. സി. വര്‍ഗീസ്, എം. ആര്. ഷാജു, കുരിയന്‍ ജോസഫ് എന്നിവര്‍ ചൂണ്ടിക്കാട്ടി. ചെയര്‍പേഴ്സണും സെക്രട്ടറിയും തമ്മിലുള്ള ഭിന്നതയാണ് വീണ്ടും അജണ്ട കൗണ്‍സില്‍ യോഗത്തില്‍ വരാനുണ്ടായ സാഹചര്യമെന്ന് ബിജെപി അംഗം സന്തോഷ് ബോബന് കുറ്റപ്പെടുത്തി.
ചെര്‍പേഴ്സണും സെക്രട്ടറിയും തമ്മിലുള്ള ഭിന്നതയില്‍ ജനങ്ങളാണ് കബളിപ്പിക്കപ്പെടുന്നതെന്ന് എല്‍ഡിഎഫ് അംഗം പി. വി. ശിവകുമാര്‍ ചൂണ്ടിക്കാട്ടി. വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്മാന് അഡ്വ വി. സി. വര്‍ഗീസ് ഭാരതി എയര്‍ടെല്ലില്‍ നിന്നും ഈടാക്കാവുന്ന ഫീസ് മാത്രമാണ് ചൂണ്ടിക്കാട്ടിയുട്ടള്ളതെന്നും തറവാടക കൂടി ഈടാക്കണമെന്നും ചൂണ്ടിക്കാട്ടി നടത്തിയ സമവായ നീക്കമാണ് ഇരു വിഭാഗത്തെയും ശാന്തരാക്കിയത്.
മീറ്ററിന് ഇരുന്നുറു രൂപ നിരക്കില്‍ തറവാടക ഈടാക്കണമെന്ന നിര്‍ദ്ദേശത്തോടെയാണ് കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കിയത്.
ചെയര്‍പേഴ്സണും സെക്രട്ടറിയും തമ്മല് ഭിന്നതയാണന്ന് പ്രതിപക്ഷാംഗങ്ങള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ ഇരുവരും തമ്മില്‍ ഭിന്നതയില്ലെന്ന് ‘ഭരണകക്ഷിയംഗങ്ങള്‍ ആവര്‍ത്തിച്ച് അവകാശപ്പെട്ടിരുന്നെങ്കിലും, അജണ്ടയിലെ തീരുമാനം അറിയിച്ച് ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു നടത്തിയ പരാമര്‍ശവും ഇരുവരും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തു വരുന്നതിനിടയാക്കി. ഒപ്റ്റിക്കല്‍ ഫൈബര്‍ സ്ഥാപിച്ച ശേഷം റോഡ് പൂര്‍വ്വ സ്ഥിതിയിലാക്കുന്നതിന് കമ്പനിക്ക് ഉത്തരവാദിത്വമുണ്ടെന്നും അതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയാണന്നും ചെയര്‍പേഴസ്ണ്‍ നിമ്യ ഷിജു പറഞ്ഞു.
എന്നാല്‍ പൊതുമരാമത്ത് പണികളുടെ ചുമതല എഞ്ചിനിയറിങ്ങ് വിഭാഗത്തിനാണെന്നായിരുന്നു സെക്രട്ടറി ബീന എസ് കുമാറിന്റെ മറുപടി. എന്നാല്‍ സെക്രട്ടറി ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു മാറരുതെന്നും മേല്‍നോട്ടം വഹിക്കണമെന്നും ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: