തൊടുപുഴ: നഗരത്തില്‍ പെട്രോള്‍ പമ്പുടമയെയും ഭാര്യയെയും ആക്രമിച്ചു പണവും സ്വര്‍ണാഭരണവും കവര്‍ന്ന കേസില്‍ മുഖ്യപ്രതികള്‍ അറസ്റ്റിലായി. ഒഡീഷയിലെ റായ്ഗഡ് ജില്ല മുനിഗുഡ റെയില്‍വേ കോളനി സ്വദേശികളായ ചിങ്കു കര്‍ക്കരിയ(21), രമേശ് ചിച്ചുവാന്‍(24) എന്നിവരാണ് തൊടുപുഴ പോലീസിന്റെ പിടിയിലായത്. രണ്ടംഗസംഘത്തെ കീഴ്‌പെടുത്തുന്നതിനിടയില്‍ അന്വേഷണ ഉദ്യോഗസ്ഥനായ തൊടുപുഴ സിഐ എന്‍ജി ശ്രീമോന് കൈയ്‌ക്ക് പരിക്കേറ്റു.
ഒഡിഷയിലെ മുനിഗുഡയില്‍ നിന്നും 147 കിലോമീറ്റര്‍ അകലെയുള്ള തിക്രിയെന്ന സ്ഥലത്തുനിന്നുമാണ് പ്രതികള്‍ വലയിലായത്. രമേശിന്റെ ചേട്ടന്‍ കുണു ചിച്ചുവാന്റെ വീട്ടില്‍ നിന്നുമാണ് ഇരുവരും പിടിയിലായത്. തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു സമീപം കൃഷ്ണ വിലാസത്തില്‍ പ്രകാശ് പെട്രോള്‍ പമ്പ് ഉടമ കെ ബാലചന്ദ്രന്‍, ഭാര്യ ശ്രീജ എന്നിവരെയാണു ഉത്രാട ദിനത്തില്‍ പുലര്‍ച്ചെ ഇതര സംസ്ഥാന തൊഴിലാളികളായ മോഷ്ടാക്കള്‍ ആക്രമിച്ചത്.
മോഷണ മുതല്‍ പ്രതികളുടെ വീട്ടില്‍ നിന്നും പോലീസ് കണ്ടെത്തി. മോഷ്ടിച്ചതില്‍ 30,000 രൂപ, ഐപാഡ്, മൊബൈല്‍ ഫോണ്‍, രണ്ട് സ്വര്‍ണവളകള്‍, സ്വര്‍ണമാല എന്നിവയാണ് പോലീസ് പിടിച്ചെടുത്തത്. ക്രിമിനല്‍ പശ്ചാത്തലമുളള കുടുംബത്തില്‍പ്പെട്ടവരാണ് സംഘത്തിലെ എല്ലാവരുമെന്ന് സി.ഐ പറഞ്ഞു.
മുനിഗുഡ വഴി കടന്നു പോകുന്ന തീവണ്ടിയില്‍ ഓടിക്കയറി കവര്‍ച്ച നടത്തുന്നില്‍
വിദഗ്ധരാണ് ഇവരില്‍ പലരും. രാജ്കുമാര്‍ പത്ര ഹനുമന്തപ്പൂര്‍ പോലീസ് സ്‌റ്റേഷനിലെ ക്രിമിനല്‍ പട്ടികയിലുണ്ട്. മാവോവാദി ഭീഷണി മൂലം ബിഎസ്എഫ് കാവലിലാണ് ഇവിടെ പോലീസ് സ്‌റ്റേഷനുകള്‍. പോലീസ് ജീപ്പില്‍ പോലീസ് ബോര്‍ഡുമില്ല. ഐ.പി.സി 394-ാം വകുപ്പാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ജീവപര്യന്തം, 10 വര്‍ഷം വരെ കഠിനതടവും പിഴയും എന്നിവയിലൊന്ന് ലഭിക്കാന്‍ സാധ്യതയുളള വകുപ്പാണിത്. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ച വിചാരണ ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. ആവശ്യമെങ്കില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കും. രണ്ട് ദിവസം മുന്‍പ് പിടിയിലായ പ്രതികളെ ഇന്നലെയാണ് ചോദ്യചെയ്യലിന് ശേഷം പോലീസ്
സ്‌റ്റേഷനിലെത്തിച്ചത്. ജില്ലാ പോലീസ് മേധാവി എവി ജോര്‍ജാണ് കേസ് അന്വേഷണത്തിനു മേല്‍നോട്ടം വഹിച്ചത്. തൊടുപുഴ ഡിവൈഎസ്പി എന്‍എന്‍ പ്രസാദ്, സിഐ എന്‍ജി ശ്രീമോന്‍, ഷാഡോ പോലീസുകാരായ എസ്‌ഐ ടിആര്‍ രാജന്‍, എഎസ്‌ഐ അശോകന്‍, അരുണ്‍, ഉണ്ണികൃഷ്ണന്‍, ഷാനവാസ്, ഉബൈസ്, സുനില്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
















