കാഞ്ഞിരപ്പള്ളി: എട്ടു പേരുടെ ജീവിതത്തിന് വെളിച്ചമായാണ് അവര്‍ യാത്രയായത്. തോപ്രാംകുടിയില്‍ വാഹനാപകടത്തില്‍ മരണമടഞ്ഞ കൊച്ചുപറമ്പില്‍ അച്ചാമ്മ(72), മകന്‍ ഷാജു(45), മകള്‍ ജെയ്‌നമ്മ(33), ഷാജുവിന്റെ മകന്‍ ഇവാന്‍(ഒന്നര) എന്നിവരുടെ വേര്‍പാട് നാടിന്റെ തീരാവേദനയായി മാറുമ്പോഴും ഇവര്‍ നന്മയുടെ വെളിച്ചമായി മാറി. കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ വച്ച് മരിച്ചവരുടെ കണ്ണുകള്‍ ദാനം ചെയ്യുന്നതിന് ബന്ധുക്കള്‍ തയ്യാറായി. വിവിധ സ്ഥലങ്ങളിലുള്ള എട്ടു പേര്‍ക്കാണ് ഇവരുടെ കണ്ണുകള്‍ പ്രകാശമാകുന്നത്. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നുമെത്തിയ വിദഗ്‌ദ്ധ സംഘം കണ്ണുകള്‍ സ്വീകരിച്ചു. മറ്റുള്ളവര്‍ക്ക് സഹായം നല്‍കുന്നതില്‍ മാതൃകകാട്ടിയ ഇവര്‍ മരണശേഷവും നന്മയുടെ ചിത്രമായി.
കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ പള്ളിക്ക് സമീപം താമസിച്ചിരുന്ന സന്തുഷ്ട കുടുംബത്തിലേയ്‌ക്ക് അപ്രതീക്ഷിതമായാണ് ദുരന്തമെത്തിയത്. കട്ടപ്പന – തോപ്രാംകുടി റൂട്ടില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാറിലേയ്‌ക്ക് സ്വകാര്യ ബസ് പാഞ്ഞുകയറിയപ്പോള്‍ രണ്ടു കുടുംബങ്ങളുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളുമാണ് ഒറ്റ നിമിഷം കൊണ്ട് ഇല്ലാതായത്.
















