തൃശൂര്‍: സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലങ്ങളിലും ഹൈടെക്കാക്കുന്നതിന്റെ ഭാഗമായി നിലവിലെ പാഠപുസ്തകം മാറ്റി ഇ-ടെക്സ്റ്റാക്കി ആക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. കേന്ദ്ര മാനവ ശേഷി വികസന മന്ത്രാലയത്തിന്റെ കീഴിലുള്ള രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്റെ(ആര്.എം.എസ്.എ) ആഭിമുഖ്യത്തില്‍ സ്കൂള്‍ കുട്ടികള്‍ക്കായുള്ള സംസ്ഥാന കലോത്സവം തനത് മഹോത്സവം-2016 തൃശൂര്‍ സിഎംഎസ് സ്കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
പണമുണ്ടെങ്കില്‍ ഏതു സീറ്റും വാങ്ങാമെന്ന നിലപാട് മാറ്റിയെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിദ്യാഭ്യാസ രംഗത്ത് സാര്‍വത്രികവും സൗജന്യവുമായ നയം നടപ്പിലാക്കി പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ അധ്യക്ഷത വഹിച്ചു.9 മുതല്‍ 12 വരെ യുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായാണ് കലോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.ഡല്‍ഹിയില്‍ നടക്കുന്ന ദേശീയ കലോത്സവത്തിന്റെ മുന്നോടിയായി നടക്കുന്ന മേളയില്‍ ജില്ലാതല വിജയികളാണ് സംസ്ഥാന തലത്തില്‍ മത്സരിക്കുക.സംഗീതം,നൃത്തം,നാടകം,ദൃശ്യ കല എന്നീ വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്. ചടങ്ങില്‍ കൗണ്‍സിലര്‍ എം. എസ്. സമ്പൂര്‍ണ, ആര്‍എംഎസ്എ സ്റ്റേറ്റ് പ്രൊജക്റ്റ് ഡയറക്റ്റര്‍ ആര്. രാഹുല്‍, ജില്ല വിദ്യാഭ്യാസ ഉപ ഡയറക്റ്റര്‍ കെ. സുമതി, ആര്‍എംഎസ്എ അഡീഷണല്‍ ഡയറക്ടര്‍ സി. രാഘവന്, എസ് വൈ ഷൂജ എന്നിവര്‍ സംസാരിച്ചു.
രണ്ട് ദിവസം നീണ്ട് നില്ക്കുന്ന തനത് മഹോത്സവം ഇന്ന് സമാപിക്കും .സമാപന സമ്മേളനം കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.പി ബിജു എം പി അദ്ധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: