രാമപുരം: നിരവധി അപകടങ്ങള്‍ തുടര്‍ച്ചയായി നടക്കുന്ന വെള്ളിലാപ്പിള്ളി പുതുവേലി പാലത്തിന് സമീപം കെഎസ്ഇബി യുടെ ട്രാന്‍സ്‌ഫോര്‍മര്‍ അപകട ഭീഷണി ഉയര്‍ത്തുന്നു.
റോഡിന് വീതി കുറവുള്ള ഈ ഭാഗത്ത് ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചതുമുതല്‍ ഇവിടെ അപകടങ്ങള്‍ തുടര്‍ക്കഥയായിരുന്നു. ഈവീതികുറഞ്ഞ ഭാഗത്ത് വാഹനാപകടത്തില്‍ രണ്ട്‌പേര്‍ മരണമടഞ്ഞിരുന്നു. പോലീസ് അപകടമേഖല സിഗ്നല്‍ ബോര്‍ഡ് ഇവിടെ സ്ഥാപിച്ചിട്ടുണുണ്ട്. ട്രാന്‍സ്‌ഫോര്‍മറിന് സംരക്ഷണ ഭിത്തി കൂടി നിര്‍മ്മിക്കുന്നതോടെ വീതികുറവുള്ള ഈഭാഗത്ത് വീണ്ടും അപകട സാധ്യത വര്‍ദ്ധിപ്പിക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് സംരക്ഷണഭിത്തി നിര്‍മ്മാണത്തില്‍ നിന്നും ഉദ്യോഗസ്ഥര്‍ പിന്തിരിയുകയായിരുന്നു. ട്രാന്‍സ്‌ഫോര്‍മറുകള്‍ മിക്ക സ്ഥലങ്ങളിലും അശാസ്ത്രീയമായാണ് സ്ഥാപിച്ചിരിക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി. ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കാന്‍ പറ്റിയ വീതികൂടിയ സൗകര്യമുള്ള സ്ഥലങ്ങള്‍ ഉണ്ടെങ്കിലും ഉദ്യോഗസ്ഥര്‍ എളുപ്പം നോക്കി വീതികുറവുള്ള പൊതുജനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കുന്ന സ്ഥലങ്ങളിലാണ് പലയിടത്തും സ്ഥാപിച്ചിരിക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി.
വെള്ളിലാപ്പിള്ളിയില്‍ അപകട കെണിയൊരുക്കി സ്ഥാപിച്ചിരിക്കുന്ന ട്രാന്‍സ്‌ഫോര്‍മര്‍ എത്രയും വേഗം അവിടെ നിന്നും മാറ്റി സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായി. ട്രാന്‍സ്‌ഫോര്‍മര്‍ ഇവിടെ നിന്നും മാറ്റി സ്ഥാപിക്കുന്നതിന് ഒന്നരലക്ഷം രൂപയോളം ചിലവ് വരുമെന്നും ഈ ആവശ്യത്തിന് വേണ്ടി അടിയന്തിരമായി വകുപ്പ് മന്ത്രിയെ കണ്ട് നിവേദനം നല്‍കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
















