ഇരിങ്ങാലക്കുട : സമാന്തര ഏജന്‍സിയായി പ്രവര്‍ത്തിച്ചിരുന്ന കോണത്തുകുന്ന് മനക്കലപ്പടി സെന്ററില്‍ അനധികൃതമായി യാതൊരുവിധ ലൈസന്‍സോ മറ്റു രേഖകളോ ഇല്ലാതെ നടത്തിയിരുന്ന ഗ്യാസ് ഗോഡൗണില്‍ ഇരിങ്ങാലക്കുട പോലീസ് നടത്തിയ റെയിഡില്‍ വിവിധ കമ്പനികളുടെ പാചകവാതകം നിറച്ച 50 കുറ്റി ഗ്യാസ് സിലിണ്ടറുകളും, 45 കാലി സിലിണ്ടറുകളും പിടിച്ചെടുത്തു. നടത്തിപ്പുകാരനായ വെള്ളാങ്കല്ലൂര്‍ കുളിയാടന് വര്‍ഗീസിനെ ഇരിങ്ങാലക്കുട സിഐ എം.കെ.സുരേഷ്കുമാറും സംഘവും മനക്കലപ്പടിയില്‍ നിന്നും അറസ്റ്റുചെയ്തു.
തികച്ചും അപകടരമായ സാഹചര്യത്തില്‍ യാതൊരു സുരക്ഷാ മുന്‍കരുതലുകളുമില്ലാതെയാണ് ഗോഡൗണ്‍ പ്രവര്‍ത്തിച്ചിരുന്നത്. ഗോഡൗണിന് ഇരുവശങ്ങളിലും ഹോട്ടലുകള്‍ പ്രവര്‍ത്തിച്ചിരുന്നതിനാലും ജനവാസകേന്ദ്രമായതിനാലും വന്‍ ദുരന്തസാധ്യത നിലനിന്നിരുന്നതായി പോലീസ് പറഞ്ഞു.
രാത്രികാലങ്ങളിലാണ് പ്രധാനമായും ഗ്യാസ് ഗോഡൗണില്‍ എത്തിച്ചിരുന്നതും ഹോട്ടലുകളിലേക്കും മറ്റും വിതരണം നടത്തിയിരുന്നത്. ഗോഡൗണിനു മുമ്പില്‍ സ്റ്റൗ റിപ്പയറിംഗ് സെന്റര്‍ എന്ന ബോര്‍ഡ് സ്ഥാപിച്ച് അതിന്റെ മറവിലാണ് ഇടപാടുകള്‍ നടത്തിയിരുന്നത്. നിയമവിരുദ്ധമായി സിലിണ്ടറുകള്‍ സൂക്ഷിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നതായി ഇരിങ്ങാലക്കുട എഎസ്പി മെറിന് ജോസഫിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്ന റെയിഡ്.
റെയിഡില്‍ പിടികൂടിയ പാചകവാതക സിലിണ്ടറുകള്‍ പോലീസ് സീല്‍ ചെയ്ത് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ വെള്ളാങ്കല്ലൂര്‍ ഗോഡൗണിലേക്ക് മാറ്റി. എക്സ്റ്റേണല്‍ കോമ്പോസിറ്റിവ് ആക്ടും എക്സ്പ്ലോസീവ് ആക്ട്, എല്‍പിജി സപ്ലൈ ആന്റ് ഡിസ്ട്രിബ്യൂഷന്‍ ഓര്‍ഡര്‍ 2000, എന്നി വകുപ്പുകള്‍ പ്രകാരം കേസ് എടുത്തു.
റെയിഡ് നടത്തിയ സംഘത്തില്‍ എസ്ഐ വി.പി.സിബീഷ്, ട്രാഫിക് എസ്ഐ തോമസ് വടക്കന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫിസറായ മുഹമ്മദ് അഷറഫ്, സിപിഒമാരായ എം.കെ. ഗോപി, വി.എന്‍.പ്രശാന്ത്കുമാര്‍, മിഥുന്, സുനില്‍കുമാര്‍, സുനീഷ് കെ.കെ, വൈശാഖ് എന്നിവരും ഉണ്ടായിരുന്നു. പ്രതി ഇരിങ്ങാലക്കുട ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: