തൊടുപുഴ: തൊടുപുഴയ്‌ക്ക് സമീപം ഒളമറ്റത്ത് പെരുന്തേനീച്ചയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. സാരമായി കുത്തേറ്റ 12 പേര്‍ തൊടുപുഴയിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി.
ഉറവപ്പാറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപത്ത് ഇന്നലെ രാവിലെ 8 മണിയോടെയാണ് സംഭവം. ക്ഷേത്രത്തിലെത്തി മടങ്ങിയവരും വഴിയാത്രക്കാരുമാണ് തേനീച്ചയുടെ ആക്രമണത്തിനിരയായത്. ഒളമറ്റം ആലപ്പാട്ട് രോഹിത്, ചുനയംമാക്കല്‍ ഹരി, രാഹുല്‍ നിവാസില്‍ സുധ(55), കാട്ടുതല കെ എസ് അജീഷ്(32), കന്നുവീട്ടില്‍ അജിത് കുമാര്‍(50), കന്നുവീട്ടില്‍ അനില്‍കുമാര്‍(52), മൂന്നുതോട്ടിനാല്‍ ജോജോ, വെങ്ങല്ലൂര്‍ വാഴപ്പിള്ളില്‍ പ്രസന്ന വേണുഗോപാല്‍(54), കുടയത്തൂര്‍ പതിയാരത്ത് സാവിത്രിയമ്മ(62), മുതലക്കോടം നടുവക്കുന്നേല്‍ അജി തങ്കച്ചന്‍(44), പാലാ സ്വദേശിനി ശ്രീകല(32), അനില്‍കുമാര്‍ ചുനയംമാക്കല്‍ എന്നിവര്‍ക്കാണ് പെരുന്തേനിച്ചയുടെ കുത്തേറ്റത്. സമീപത്തെ മരത്തില്‍ കൂട് കൂട്ടിയിരുന്ന തേനീച്ച കൂട് പരുന്തിന്റെ ആക്രമണത്തില്‍ തകര്‍ന്നതാണ് തേനീച്ച ഇളകാന്‍ കാരണമെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
വലിയ പാറക്കു മുകളിലുള്ള ക്ഷേത്രത്തില്‍ നിന്നും ദര്‍ശനം കഴിഞ്ഞ് ഇറങ്ങി വരികയായിരുന്ന ഭക്തരെയാണ് തേനീച്ച ആദ്യം ആക്രമിച്ചത്. തേനീച്ചയുടെ ആക്രമണത്തില്‍ നിന്നും രക്ഷപെടാനായി സ്ത്രീകളടക്കമുള്ളവര്‍ ക്ഷേത്രത്തിലേക്ക് തന്നെ തിരിച്ച് കയറി. ഇവരെ ഉടന്‍ തന്നെ ക്ഷേത്ര ഭാരവാഹികള്‍ സമീപത്തെ കെട്ടിടത്തിനുള്ളിലാക്കി കതകടച്ചു.
ഇതിനു ശേഷം സമീപത്തുണ്ടായിരുന്നവര്‍ പേപ്പറുകള്‍ കൂട്ടിയിട്ട് കത്തിക്കുകയും പന്തം കത്തിക്കുകയും ചെയ്ത് തേനീച്ചയെ അകറ്റി നിര്‍ത്തി. കുത്തേറ്റവര്‍ അവശരായതിനെ തുടര്‍ന്ന് ഉടന്‍ തന്നെ തൊടുപുഴ പോലീസിനേയും വിവരമറിയിച്ചു. ഇവരെത്തിയാണ് പരിക്കേറ്റവരെ ലഭ്യമായ തുണികള്‍ കൊണ്ട് മൂടിയും പന്തം ചുഴറ്റി ഈച്ചയെ അകറ്റിയും വാഹനങ്ങളില്‍ കയറ്റിയത്. പരിക്കേറ്റവര്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി.
















