കുമളി : കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച നിരോധിത കീടനാശിനികള്‍ കുമളിയിലെ ചെക്ക് പോസ്റ്റില്‍ പിടി കൂടി .എക്‌സൈസ് ,വാണിജ്യനികുതി ഉദ്യോഗസ്ഥരുടെ സംയുത പരിശോധനയിലാണ് സംസ്ഥാനത്തെ പ്രമുഖ പാഴ്‌സല്‍ കമ്പനിയായ കേരള റോഡ്‌വെയ്‌സ് ലിമിറ്റഡിന്റെ കെ എല്‍ 11 എ എഫ് 5220 എന്ന വാഹനത്തില്‍ എത്തിച്ച കീട നാശിനികള്‍ കണ്ടെത്തിയത് .സംസ്ഥാനത്തു നിരോധിച്ച കീടനാശിനികളായ,ഫ്യുരിഡാന്‍ 125 കിലോ ,ഫോറേറ്റ് 200 കിലോ , പ്രക്വറ്റ കള നാശിനി 390 ലിറ്റര്‍ എന്നിവയാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ആകെ 52,000 രൂപയുടെ ബില്‍ രേഖകള്‍ മാത്രമാണ് വാഹനത്തില്‍ ഉണ്ടായിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു .
എന്നാല്‍ ഇതിനു ചില്ലറ വില്പനയില്‍ രണ്ടു ലക്ഷത്തിലധികം രൂപ വിലയുണ്ടെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. ആലപ്പുറം എന്ന സ്ഥലത്തെ കര്‍ഷക അഗ്രോ എന്ന സ്ഥാപനത്തിന്റെ പേരില്‍ 321514679968 എന്ന ടിന്‍ നമ്പര്‍ രേഖകളുമായാണ് കീട നാശിനി കേരളത്തിലേക്ക് എത്തിച്ചത്. തേനിയിലെ ഒരു വ്യാപാര സ്ഥാപനത്തില്‍ നിന്ന് വാങ്ങിയതായാണ് രേഖകള്‍ സൂചിപ്പിക്കുന്നത്. പോലീസ് വകുപ്പുമായി ചേര്‍ന്ന് കൂടുതല്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തമിഴ്‌നാട്ടില്‍ നിന്ന് വലിയ തോതില്‍ നിരോധിത കീട നാശിനികള്‍ കേരളത്തിലേക്ക് കടത്തി കൊണ്ട് വരുന്നതായി ജന്മഭൂമി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
തൊഴിലാളികളുമായി വരുന്ന ജീപ്പുകളിലും അംഗീകൃത കീടനാശിനികളുടെ കാലിയായ ജാറുകളിലുമായാണ് എന്‍ഡോസള്‍ഫാന്‍ പോലെയുള്ള മാരക കീട നാശിനികള്‍ ഇവിടേയ്‌ക്ക് കടത്തുന്നത്.
















