കല്‍പ്പറ്റ : ആചാരനുഷ്ഠാനങ്ങളിലെ കടന്നുകയറ്റം അവസാനിപ്പിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി.വി.മുരളീധരന്. ക്ഷേത്രങ്ങളെയും ദേവസ്വം ബോര്‍ഡിനെയും രാഷ്ട്രീയ മുക്തമാക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി വയനാട് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ നടത്തിയ സായാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്രം നശിച്ചാല്‍ അന്ധവിശ്വാസം തകരുമെന്ന് പറഞ്ഞവരാണ് സിപിഎമ്മുകാര്‍. ക്ഷേത്രത്തില്‍ പോകുന്നസമയത്ത് കപ്പ നട്ടാല്‍ അത്രയം വിശപ്പുമാറ്റാനാവുമെന്നും ഇക്കൂട്ടര്‍ പ്രചരിപ്പിച്ചു. ക്ഷേത്ര വിശ്വാസം അന്ധവിശ്വാസമാണെന്ന് ഇവര്‍ പ്രചരിപ്പിച്ചു. ഹൈന്ദവ വിശ്വാസങ്ങളുടെ കടയ്ക്കല്‍ കത്തിവെച്ചരവാണ് കമ്മ്യൂണിസ്റ്റുകളെന്നും അദ്ദേഹം പറഞ്ഞു. ഭാരതത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തനത്തിലൂടെ കൈവന്ന നവോത്ഥാനം സിപിഎമ്മുകാര്‍ കണ്ടില്ലെന്നു നടിക്കുന്നു. ആദ്ധ്യാത്മികതയും ഭൗതീകതയും ഒരുമിച്ചുകൊണ്ടുപോകണമെന്ന് ആര്‍എസ്എസ് ജനങ്ങളെ പഠിപ്പിക്കുന്നു. ആര്‍എസ്എസിന്റെ പേരുപറഞ്ഞ് ക്ഷേത്രമതില്‍കെട്ടിനകത്ത് ആയുധ പരിശീലനം നടക്കുന്നതായി പ്രചരിപ്പിക്കുന്നു. ഇതിനുവേണ്ടി നിയമസഭയില്‍ ബില്ലുകൊണ്ടുവരുന്നു. ആര്‍എസ്എസ് ശാഖാ പ്രവര്‍ത്തനത്തിനെതിരെ കേരളത്തിലെ ഒരു പോലീസ് സ്റ്റേഷനുകളിലും പരാതിയില്ല. കാടുപിടിച്ചുകിടന്ന ക്ഷേത്രങ്ങള്‍ വെട്ടിതെളിച്ച് അന്തിതിരി കത്തിച്ച് പുനരുദ്ധാരണം നടത്തിയത് ഇവിടുത്തെ സംഘപരിവാര്‍ പ്രസ്ഥാനങ്ങളാണ്. അങ്ങാടിപ്പുറം തളി ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ക്ക് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാട് തടസ്സം നിന്നു. ഭക്തജനങ്ങളുടെ അകമഴിഞ്ഞ സഹകരണത്താല്‍ പുനരുദ്ധാരണ പ്രവൃത്തി ഭംഗിയായി പര്യവസാനിച്ചു. ഹൈന്ദവ ആചാര്യന്മാരെ വിശിഷ്യാ ചട്ടമ്പി സ്വാമികളെ ഇഎംഎസ് തള്ളിപ്പറഞ്ഞു. ഇവരെല്ലാം പിന്തിരിപ്പന്മാരാണെന്നാണ് ഇഎംഎസിന്റെ വാദം. നവോത്ഥാന നായകന്മാരെ സിപിഎം അംഗീകരിക്കുന്നതില്‍ സന്തോഷമുണ്ട്. എന്നാല്‍ ഇഎംഎസിന് തെറ്റുപ്പപറ്റിയെന്ന് ഇവര്‍ അംഗീകരിക്കണം. ക്ഷേത്രങ്ങളും ദേവസ്വം ബോര്‍ഡും രാഷ്ട്രീയ മുക്തമാക്കിയാല്‍ മാത്രേ ഭക്തജനങ്ങള്‍ക്ക് അതിന്റെ ഫലം ലഭിക്കുകയുള്ളൂ. ക്ഷേത്രഭൂമികള്‍ കയ്യേറിയവര്‍ അത് തിരിച്ചുനല്‍കാന്‍ തയ്യാറാവണം. സര്‍ക്കാര്‍ കയ്യേറിയ കൂടല്‍മാണിക്യ ക്ഷേത്രത്തിന്റെ സ്ഥലവും തിരിച്ചുനല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തിരുവോണവും ശബരിമലയുമെല്ലാം മുഖ്യമന്ത്രി പിണറായി വിജയന്റെ ഉത്തരവുകള്‍ വഴി രാഷ്ട്രീയ വല്ക്കരിച്ചിരിക്കുന്നു. ഹിന്ദുക്കളുടെ ആചാരനുഷ്ഠാനങ്ങളെയും ആചാര്യന്മാരെയും സന്യാസി ശ്രേഷ്ടന്മാരെയും നിത്യേന അപമാനിക്കുന്നു, ശബരിമല പൂങ്കാവനം വിവാദ കേന്ദ്രമാക്കുന്നു, യുവതികള്‍ക്ക് പ്രവേശനം വേണമെന്ന് ശഠിക്കുന്നു, യോഗാദിനത്തില്‍ ശാന്തിമന്ത്രം പാടില്ലെന്ന് മന്ത്രി കെ. കെ. ഷൈലജ പറയുന്നു, ശ്രീനാരായണഗുരുദേവനെ തെരുവില്‍ കൊലചെയ്യുന്നു, ശ്രീകൃഷ്ണ ജയന്തി ശോഭായാത്രക്കെതിരെ കൊലവിളി നടത്തുന്നു. സര്‍ക്കാര്‍ പരിപാടികളില്‍ നിലവിളക്കും പ്രാര്‍ത്ഥനയും വേണ്ടെന്ന് മന്ത്രി സുധാകരന് പറയുന്നു. ക്ഷേത്രത്തിലെ മതപാഠശാലകളില്‍ മതഭീകരതയാണെന്ന് സിപിഎം പറയുന്നു എന്നാല്‍ ഇത്തരത്തില്‍ ഒരു നിയന്ത്രണവും ഇതര മതക്കാര്‍ക്കില്ല. ഹൈന്ദവേതര ആഘോഷങ്ങളെ അഭിനന്ദിക്കുന്ന ഇക്കൂട്ടര്‍ ഹൈന്ദവ ആഘോഷങ്ങളെ അവഹേളിക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ക്കെതിരെയായിരുന്നു സമരം.
പരിപാടിയില്‍ ആര്‍എസ്എസ് ജില്ലാസംഘചാലക് എം.എം.ദാമോദരന്‍ അദ്ധ്യക്ഷതവഹിച്ചു. മീനങ്ങാടി അദൈ്വതാശ്രമത്തിലെ സ്വാമി വേദചൈതന്യ, ഹിന്ദു ഐക്യവേദി ജില്ലാപ്രസിഡന്റ് സി.പി. വിജയന്, ക്ഷേത്ര ഏകോപന സമിതി ജില്ലാസംയോജകന്‍ എ.എന്‍.ഗോപാലന്, ഹിന്ദു ഐക്യവേദി ജില്ലാ വര് ക്കിംഗ് പ്രസിഡന്റ ജഗനാഥ്കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: