കൊട്ടാരക്കര: കുടവട്ടൂരില്‍ സമീപത്തുള്ള പാറക്വാറിയില്‍ നിന്ന് പാറചീള് തെറിച്ചുവീണ് വീടിന്റെ മേല്‍കൂര തകര്‍ന്നു. മുറ്റത്ത് നിന്ന അമ്മയും കുഞ്ഞും ഓടിമാറിയതുകൊണ്ട് അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 10 മണിയോടെയാണ് സംഭവം.
വാട്ടര്‍ അതോറിറ്റി ജീവനക്കാരനായ കുടവട്ടൂര്‍ പഴനിലക്കല്‍ വീട്ടില്‍ ബിജുവിന്റെ വീടിന്റെ മേല്‍കൂര തകര്‍ത്താണ് കല്ല് മുറ്റത്ത് വന്ന് പതിച്ചത്. കല്ല് വീഴുന്ന ശബ്ദംകേട്ട് അമ്മ രണ്ട് വയസുള്ള കുട്ടിയെയും എടുത്ത് അകത്തേക്ക് ഓടിയതുകൊണ്ട് രക്ഷപ്പെട്ടു. വീടിന് മുകളില്‍ ഷീറ്റ് പാകിയിട്ടുണ്ട്. ഇത് തകര്‍ത്താണ് കല്ല് പതിച്ചത്. വീടിന് നൂറുമീറ്റര്‍ അകലെ പ്രവര്‍ത്തിക്കുന്ന ചാവരുക്വാറിയില്‍ നിന്നാണ് പൊട്ടിച്ച പാറ തെറിച്ച് വീണത്.
മുന്‍കാലങ്ങളില്‍ സമീപത്തുള്ള പുരയിടത്തിലും മുറ്റത്തും പലപ്പോഴും പാറ വീഴുക പതിവാണ്. പരാതിയുമായി മുന്നോട്ട് പോകുമ്പോള്‍ ഇനി ഉഗ്രശേഷിയില്‍ പാറപൊട്ടിക്കില്ലെന്ന് പറഞ്ഞ് പരാതിക്കാരെ പിന്‍തിരിപ്പിക്കും. സമീപത്തുള്ള പാറമലകള്‍ പ്രവര്‍ത്തിക്കാത്തതുകൊണ്ട് നിയമങ്ങള്‍ ലംഘിച്ചാണ് ഇവിടെ പാറ പൊട്ടിക്കുന്നത്.
സമീപത്ത് താമസിച്ചുകൊണ്ടിരുന്ന പലരും പാറവീണ് വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചതുകൊണ്ട് സ്ഥലംവിറ്റ് വേറെ താമസം മാറ്റി. തന്റെയും കുടുംബത്തിന്റെയും ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ട് ജില്ലാകളക്ടര്‍, പോലീസ് അധികാരികള്‍, റവന്യൂമന്ത്രി, മുഖ്യമന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കുമെന്നും ബിജു പറഞ്ഞു.
















