ചെമ്മാപ്പിള്ളി: രാമായണപ്രസിദ്ധമായ സേതുബന്ധനത്തിന്റെ എല്ലാവര്‍ഷവും ചിറകെട്ടിയുള്ള ഭൂമിയിലെ ഒരേഒരു സ്മരണ ചെമ്മാപ്പിള്ളി ശ്രീരാമന് ചിറയില്‍ 11 ന് നടക്കും.
വൈകീട്ട് 7 മണിയോടെ തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ നടയടച്ചതിനു ശേഷമാണ് ഇവിടെ ചിറകെട്ട് ചടങ്ങുകള്‍ നടക്കുന്നത്.
അന്ന് പുലര്‍ച്ചെ തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ നിയമവെടി മുഴങ്ങുന്നതോടെ ശ്രീരാമന് ചിറയില്‍, ചിറകെട്ട് അവകാശിയായ പനോക്കി ശിവദാസന്‍ തൃക്കാക്കരയപ്പനെ പ്രതിഷ്ഠിക്കുന്നതോടെയാണ് ചടങ്ങുകളുടെ ആരംഭം. തുടര്‍ന്ന് എല്ലാ വീടുകളിലും ഈ ചടങ്ങ് നടത്തി നാട്ടുകാരും ഓണം കൊള്ളും.
ഇതിനോടനുബന്ധിച്ച് നാട്ടുകാര്‍ വൈവിധ്യമാര്‍ന്ന ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. കുമ്മാട്ടിയുടെ ഊരുചുറ്റല്‍,ശിങ്കാരിമേളം, കാവടിയാട്ടം, കഞ്ഞിയും പുഴുക്കും, കൈകൊട്ടിക്കളി,കാളകളി, ശിവതാണ്ഡവം, കുമ്മാട്ടി ഘോഷയാത്ര, ഭജനഘോഷയാത്ര , തൃപ്രയാര്‍ ക്ഷേത്രത്തില്‍ നിന്നും ഗജവീരന്റെ അകമ്പടിയോടുകൂടിയുള്ള എഴുന്നള്ളിപ്പ്, പഞ്ചവാദ്യം, നാദസ്വരം, കലിസംതരണ മന്ത്രജപം എന്നിവ ഉണ്ടായിരിക്കും.
തുടര്‍ന്ന് തൃപ്രയാര്‍ ക്ഷേത്രം തന്ത്രി തരണനെല്ലൂര്‍ പദ്മനാഭന് നമ്പൂതിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ സേതുബന്ധനം നടക്കും.
അതിനുശേഷം ചിറകെട്ടിന് ശ്രീരാമഭഗവാനെ സഹായിച്ച അണ്ണാറക്കണ്ണനെ ഓര്‍മ്മിപ്പിക്കുന്ന സേതുബന്ധന വന്ദനം ഉണ്ടായിരിക്കും. ശേഷമാണ് കൊട്ടാരവളപ്പ് ശ്രീമഹാവിഷ്ണു ക്ഷേത്രത്തില്‍ വച്ച് വിഭവസമര്പ്പണവും അവകാശവിതരണവും നടക്കുക. 2000 ത്തിലധികം വര്‍ഷത്തെ പഴക്കമുണ്ട് ഈ ചടങ്ങുകള്‍ക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: