ഗുരുവായൂര്‍: കേന്ദ്രസര്‍ക്കാരിന്റെ നഗരവികസന പദ്ധതിയായ പ്രസാദ് നടപ്പാകുന്നതോടെ ക്ഷേത്രനഗരിയായ ഗുരുവായൂരിന് പുതിയ മുഖഛായ ലഭിക്കും. അടിസ്ഥാന സൗകര്യങ്ങളായ റോഡ്, മാലിന്യ സംസ്കരണം, കുടിവെള്ളം എന്നിവക്ക് ഊന്നല്‍ നല്‍കിയാണ് പദ്ധതി നടപ്പാക്കുക. ദക്ഷിണേന്ത്യയില്‍ പ്രസാദ് നടപ്പാകുന്ന ഏക നഗരം ഗുരുവായൂരാണ്.
ഇന്നലെ നഗരത്തിലെത്തിയ കേന്ദ്രസംഘം രണ്ടുദിവസങ്ങളിലായി പദ്ധതി പ്രദേശങ്ങള്‍ പൂര്‍ണമായും സന്ദര്‍ശിക്കും. ആയിരം കോടി രൂപയുടെ വികസനമാണ് ആദ്യഘട്ടത്തില്‍ പ്രതീക്ഷിക്കുന്നത്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി മൂന്ന് തലത്തിലുള്ള സംവിധാനമാണ് വിഭാവനം ചെയ്തിട്ടുള്ളത്. കേന്ദ്രസര്‍ക്കാരിന്റേയും സംസ്ഥാന സര്‍ക്കാരിന്റേയും മേല്‍നോട്ടം പ്രസാദ് പദ്ധതിക്കുണ്ടാകും.
നഗരതലത്തില്‍ രൂപീകരിക്കുന്ന മോണിറ്ററിങ്ങ് കമ്മിറ്റിക്കാകും നടത്തിപ്പിന്റെ ചുമതല. ജില്ലാകളക്ടര്‍ ഉള്‍പ്പടെയുള്ളവര്‍ നടത്തിപ്പ് സമിതിയിലുണ്ടാകും. തീര്‍ത്ഥാടന കേന്ദ്രമായ ഗുരുവായൂരിലേക്ക് ലോകത്തിന്റെ എല്ലാഭാഗത്തുനിന്നും സന്ദര്‍ശകരെ ആകര്‍ഷിക്കുക എന്ന ലക്ഷ്യവും ഇതിനുണ്ട്. ലക്ഷക്കണക്കിന് തീര്‍ത്ഥാടകരെത്തുന്ന നഗരത്തിന് അവരെ ഉള്‍ക്കൊള്ളാന്‍ മാത്രമുള്ള സൗകര്യങ്ങളില്ലാതെ വീര്‍പ്പുമുട്ടുന്ന സാഹചര്യത്തിന് മോദി സര്‍ക്കാരിന്റെ പുതിയ പദ്ധതിയോടെ ആശ്വാസമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: