തൃശൂര്‍: ഇല്ലാത്ത രോഗത്തിന്റെ പേരില്‍ രോഗികള്‍ക്ക് അനാവശ്യമായി ആയിരക്കണക്കിന് രൂപയുടെ മരുന്നുകള്‍ എഴുതി നല്‍കുകയും ശസ്ത്രക്രിയകള്‍ വരെ നടത്തി മരുന്നു വാങ്ങിപ്പിക്കുകയും ചെയ്ത് മരുന്നു കമ്പനികളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ കമ്മീഷന് വാങ്ങിക്കുന്നുവെന്ന് സംശയിക്കുന്ന മെഡിക്കല്‍ കോളജ് ഡോക്ടറെ ഒളി ക്യാമറയിലൂടെ കുടുക്കി.തൃശൂര്‍ മെഡിക്കല്‍ കോളജിലെ അസ്ഥിരോഗ വിദ്ഗ്ധന് വിനീഷ് സേനനാണ് ഈ കൊള്ള നടത്തുന്നതെന്ന് ഒളിക്കാമറ ഓപ്പറേഷന് നേതൃത്വം നല്കിയ സോംദേവ് രാജന് പത്രസമ്മേളനത്തില്‍ പറഞ്ഞു.
രോഗമില്ലെങ്കിലും രോഗമാണെന്ന് അഭിനയിച്ച് കാണാന്‍ ചെന്നാണ് ഇവര്‍ ഡോക്ടറെ കുടുക്കിയത്. അത്താണി സ്വദേശിയായ കെ.ആര്.അനിലാണ് ഡോക്ടറുടെ അടുത്ത തനിക്ക് കാലിന് വേദനയുണ്ടെന്ന് പറഞ്ഞു ചെന്നത്. ഇയാളുടെ കാലിന്റെ എക്സറേ എടുപ്പിച്ച ശേഷം കാലൊടിഞ്ഞിട്ടുണ്ടെന്നും പ്ലാസ്റ്ററിടണമെന്നും പറഞ്ഞു. തുടര്‍ന്ന് പ്ലാസ്റ്ററിടുകയും ചെയ്തു. വില കൂടുതലുള്ള മരുന്നുകള്‍ കഴിക്കണമെന്ന് നിര്‍ബന്ധിക്കുകയും ചെയ്തു.
എന്നാല്‍ ഇതേ എക്സ്റേ മെഡിക്കല്‍ കോളജില്‍ തന്നെയുള്ള വേറെ ഡോക്ടറെ കാണിച്ചപ്പോള്‍ കാലിനൊരു കുഴപ്പമില്ലെന്ന് പറഞ്ഞു. ഇട്ട പ്ലാസ്റ്റര്‍ അപ്പോള്‍ തന്നെ മാറ്റുകയും ചെയ്തു. താഴേക്കാട് സ്വദേശിനി പി.വി.വന്ദന കൈയ്ക്ക് വേദനയാണെന്നു പറഞ്ഞ് ഒപി ടിക്കറ്റെടുത്ത് കാണാന്‍ ചെന്നപ്പോള്‍ വില കൂടിയ മരുന്ന് എഴുതി നല്കി.തന്നെ വീട്ടില്‍ വന്ന് കാണണമെന്നു പറഞ്ഞ് ഫോണ്‍ നമ്പര്‍ നല്‍കിയെന്നും സ്ത്രീകള്‍ക്ക് മാത്രമാണ് ഇത്തരത്തില്‍ നമ്പര്‍ നല്‍കുന്നതെന്നും വന്ദന പത്രസമ്മേളനത്തില്‍ പറഞ്ഞു. കുരിയച്ചിറ സ്വദേശി എ.എല്‍.അജിത് കൈയ്ക്ക് വേദനയാണെന്നു പറഞ്ഞാണ് കാണാന്‍ ചെന്നത്. ഉടന്‍ കൈ പ്ലാസ്റ്ററിടണമെന്നായിരുന്നു നിര്‍ദ്ദേശം. തന്നെ കാണാന്‍ വരുന്ന രോഗികള്‍ക്ക് വിലകൂടിയ മരുന്നുകള്‍ എഴുതി നല്കി കമ്പനിയില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ കമ്മീഷന് കൈപ്പറ്റുകയാണ് ഡോക്ടര്‍ ചെയ്യുന്നതെന്ന് സോംദേവ് പറഞ്ഞു.
ഈ ഡോക്ടര്‍ക്കെതിരെ വ്യാപകമായ പരാതി ഉയര്‍ന്നതിനാലാണ് ഒളി ക്യാമറയിലൂടെ ഇത്തരത്തില്‍ ആളുകളെ രോഗികളാക്കി അഭിനയിപ്പിച്ച് ഡോക്ടറെ കാണാന്‍ ചെന്നത്. ഡോക്ടറെ കാണുന്നതും സംസാരിക്കുന്നതുമൊക്കെ മൂന്നു ഒളി ക്യാമറകള്‍ വച്ചാണ് പിടിച്ചെടുത്തിരിക്കുന്നത്. രോഗിയുടെ സഹായി എന്ന നിലയില്‍ ചെന്നാണ് ഒളിക്യാമറ ഉപയോഗിച്ച് ഇതൊക്കെ റിക്കാര്‍ഡ് ചെയ്തത്.
ഇത്തരത്തില്‍ സാധാരണ ജനങ്ങളെ ചൂഷണം ചെയ്യുന്ന ഡോക്ടര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തി സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യണമെന്ന് പത്രസമ്മേളനത്തില്‍ പങ്കെടുത്ത ഇവര്‍ ആവശ്യപ്പെട്ടു. ഡോക്ടര്‍ക്കെതിരെ പോലീസിന് തങ്ങളുടെ പക്കലുള്ള തെളിവുകള്‍ നല്കാന് തയ്യാറാണെന്ന് സോംദേവ് രാജന് പറഞ്ഞു. ഒളിക്യാമറ ഓപ്പറേഷനില്‍ പങ്കെടുത്ത കെ.അനില്‍, എ.എല്‍.അജിത്,എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: