കോഴിക്കോട്: കോഴിക്കോട് ഉള്ളൂര്‍ പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിന് കേന്ദ്രസഹായം ലഭ്യമാക്കുമെന്നും റിച്ചാര്‍ഡ് ഹെ എംപി പറഞ്ഞു. ടിബിഎസ് ഹാളില്‍ നടന്ന മഹാകവി ഉള്ളൂര്‍ അനുസ്മരണത്തില്‍ ഈ വര്‍ഷത്തെ ഉള്ളൂര്‍ അവാര്‍ഡ് ദാനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോടിന്റെ വികസനത്തിനായി ഒട്ടേറെ കാര്യങ്ങള്‍ ചെയ്യണമെന്നുണ്ട്. അതിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ ജനങ്ങള്‍ നല്‍കണം. പ്രധാനമന്ത്രി നരേന്ദ്രമോദിയിലൂടെ ഭാരതം വളരുകയാണ്. അദ്ദേഹത്തിന്റെ കരങ്ങള്‍ക്ക് ശക്തിപകരാന്‍ അദ്ദേഹം തന്നെ തെരഞ്ഞെടുത്തത് തന്റെ ഭാഗ്യമാണ്. ശബരിമലക്ക് നൂറു കോടിനല്‍കാനും കാലടി ശ്രീശങ്കരാശ്രമത്തെ സഹായിക്കാനും കഴിഞ്ഞു. വികസനത്തിന് വേണ്ടി ഇനിയും ഏറെ ചെയ്യാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുതുതലമുറ മഹാകവി ഉള്ളൂരിനെ കുറിച്ച് കൂടുതല്‍ പഠിക്കണമെന്നും ചെറുപ്രായത്തിലെ ഉള്ളൂരിന്റെ പേരിലുള്ള അവാര്‍ഡ് നേടാനായ ജേതാക്കള്‍ ഭാവിയുടെ വാഗ്ദാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉള്ളൂര്‍ സ്മാരക സമിതി ചെയര്‍മാന്‍ ആറ്റക്കോയ പള്ളിക്കണ്ടി അധ്യക്ഷത വഹിച്ചു. എംജിഎസ് നാരായണന്‍ അനുസ്മരണ പ്രഭാഷണം നടത്തി. രഘുനാഥ് കൊളത്തൂര്‍, ഡോ. കെ.ഷീല, അലീന സാന്റി എന്നിവര്‍ക്ക് പ്രൊഫ. റിച്ചാര്‍ഡ്‌ഹേ അവാര്‍ഡ് നല്‍കി. എട്ടാംതരം വിദ്യാര്‍ത്ഥിയായ അലീന സാന്റി രചിച്ച ക്യൂരിയോസിറ്റി ഗ്രേസ് പുസ്തകം ചടങ്ങില്‍ പ്രൊഫ. ഉള്ളൂര്‍ എം. പരമേശ്വരന്‍ പ്രസ്‌ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂരിന് നല്‍കി പ്രകാശനം ചെയ്തു. ഉള്ളൂര്‍ പഠന കേന്ദ്രത്തിനും സമഗ്രസംഭാവനക്കുള്ള പുരസ്‌കാരവും, ക്യാഷ് അവാര്‍ഡ്ദാനവും സണ്ണിജോസഫ് നിര്‍വ്വഹിച്ചു. കെ.എഫ്. ജോര്‍ജ്, ഡോ.പ്രിയദര്‍ശന്‍ലാല്‍, എന്‍.ഇ. ബാലകൃഷ്ണമാരാര്‍, ഡോ. കെ.വി. തോമസ്, പ്രൊഫ. വര്‍ഗീസ് മാത്യു, സണ്ണിജോസഫ്, രഘുനാഥന്‍ കൊളത്തൂര്‍,ഡോ.കെ.ഷീല, അലീന സാന്റി എന്നിവര്‍ സംസാരിച്ചു. ഡോ. പി.സി. രതിതമ്പുരാട്ടി സ്വാഗതവും പി.കെ. ജയചന്ദ്രന്‍ നന്ദിയും പറഞ്ഞു.
















