എരുമേലി: ജീവിത ദുരിതത്തിനിടയില്‍ വിവാഹ ജീവിതം സ്വപ്‌നം മാത്രമായിരുന്ന ഇരട്ട സഹോദരിമാര്‍ക്ക് മംഗല്യമൊരുക്കി പുതുജീവിതത്തിലേക്ക് നയിച്ച് കിംഗ് ജീസസ് ട്രസ്റ്റ് രക്ഷകരായി.
ഇടുക്കി ആനവിലാസം സ്വദേശി കൊല്ലംപറമ്പില്‍ മോസസ് ഓമന ദമ്പതികളുടെ മക്കളായ ചിഞ്ചു, ചിന്നു എന്നീ സഹോദരിമാര്‍ക്കാണ് ജീവിതത്തിന് കിംഗ് ജീസസ് തണലായത്. ഉപ്പുതറ സ്വദേശി വരിക്കാമൂട്ടില്‍ റെജി ചിന്നുവിനേയും, കാഞ്ഞിരപ്പളളി കപ്പാട് സ്വദേശി കുപ്പാഴക്കല്‍ സുനീഷ് ചിഞ്ചുവിനേയുമാണ് തങ്ങളുടെ ജീവിത സഖിയാകളാക്കിയത്.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ട്രസ്റ്റ് പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്ന ഇരുവരുടേയും അപേക്ഷ പരിഗണിച്ചാണ് ഇരട്ടകളായ സഹോദരിമാരെ ട്രസ്റ്റ് ഭാരവാഹികള്‍ കണ്ടെത്തിയത്. വിവാഹത്തിന് ഇരുകൂട്ടരുടേയും ബന്ധുക്കളും എത്തിയതോടെ കല്യാണ പന്തല്‍ നന്‍മ യുടേയും സന്തോഷത്തിന്റേയും വേദിയാകുകയും ചെയ്തു. എരുമേലി അസംപ്ഷന്‍ ഫെറോന ചര്‍ച്ചില്‍ നടന്ന വിവാഹ ചടങ്ങിന് ആവശ്യമായ പൊന്നും പണവും നല്‍കി വിവാഹം നടത്തിയത് കിംഗ് ജീസസ് ട്രസ്റ്റാണ്.
ചടങ്ങുകള്‍ക്ക് ഫാ.റെജി കുട്ടപ്പാട്, ട്രസ്റ്റ് ഭാരവാഹികളായ ചെയര്‍മാന്‍ ബാബു ആറുതൊട്ടിയില്‍, സെക്രട്ടറി മാര്‍ട്ടിന്‍ ജോസഫ്, ഖജാന്‍ജി ടോമിച്ചന്‍ ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
















