ഭാരതം ഒരു മതേതര രാഷ്‌ട്രമായി അറിയപ്പെടുന്നു. ഭരണഘടന അത്തരത്തില്‍ പ്രഖ്യാപിക്കുകയും ചെയ്യുന്നു. എന്നിട്ടും എന്തുകൊണ്ട് വര്‍ഗ്ഗീയ ലഹളകള്‍ ഉണ്ടാകുന്നു? ഭരണഘടനയില്‍ എഴുതിചേര്‍ത്താല്‍ മതേതരത്വം ഉണ്ടാകില്ല എന്ന് ഇതില്‍നിന്നു വ്യക്തമാണ്. ഭാരതത്തില്‍ മതത്തിനു തുല്യമായി ‘ധര്‍മ്മം’ എന്ന പദം ഉപയോഗിക്കുന്നു. ധര്‍മ്മം നമ്മെ സംസാരസാഗരത്തില്‍പ്പെട്ടുഴലാതെ മോക്ഷ പ്രാപ്തരാകുന്നു. ജനനം മുതല്‍ മരണം വരെ മനുഷ്യന്‍ കര്‍മ്മനിരതനാണ്. ഒരുപക്ഷേ , അറിഞ്ഞോ അറിയാതെയോ തന്റെ പ്രവര്‍ത്തി മറ്റൊരുവനെ വേദനിപ്പിക്കുന്നതായിരിക്കും. സ്വാര്‍ത്ഥത്തെ നിയന്ത്രിക്കുന്നതാണ് ധര്‍മ്മം. അതിനാല്‍ വ്യക്തി ജീവിതം പുരുഷാര്‍ത്ഥത്തിനനുസൃതമായിരിക്കുന്നതിനാല്‍ പരപീഡനം ഒഴിവാക്കാം.
ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നിവയാണ് പുരുഷാര്‍ത്ഥങ്ങള്‍. ഏതെങ്കിലും മൂര്‍ത്തിയെ മാത്രം സങ്കല്‍പിച്ച് ജീവിക്കുമ്പോള്‍ തന്റെ സ്വാര്‍ത്ഥതയെ പൂര്‍ത്തീകരിക്കുന്നതിനുള്ള പ്രാര്‍ത്ഥനയായിരിക്കും നടത്തുക. എന്നാല്‍ ധര്‍മ്മത്തെ മുറുകെ പിടിച്ച് വ്യക്തി ജീവിതം നയിക്കുമ്പോള്‍ സമൂഹവും അതിനനുസൃതമായി ചരിക്കുന്നു. ഈ ജീവിതചര്യ തികച്ചും മതത്തിന് വ്യത്യസ്തമായ അനുഭവമാണ്; വിരുദ്ധമല്ല, ഭാരതീയന്റെ ജീവിതത്തില്‍ ‘സകലചരാചരങ്ങള്‍ക്കും മംഗളം ഭവിക്കട്ടെ’ എന്നാണ് പ്രാര്‍ത്ഥന. ഇത്തരം ജീവിത കാഴ്ചപ്പാട് സംസ്‌കാരത്തിന്റെ ഭാഗമാണ്. ആയതിനാലാണ് സിന്ധു നദീതട സംസ്‌കാരത്തിന്റെ അനന്തരാവകാശികളായ ഹിന്ദുക്കള്‍ ഇതര മതങ്ങളെ സ്വീകരിക്കാന്‍ തയ്യാറായത്. ‘മതേതരത്വം’ ഭരണഘടനയില്‍ എഴുതിച്ചേര്‍ത്താലും മതേതരത്വ സങ്കല്‍പം സമൂഹത്തില്‍ നിലനില്‍ക്കുന്നതിനു കാരണം ഹിന്ദുക്കളുടെ ഈ ഉദാത്തമായ കാഴ്ചപ്പാടും അതിനനുസൃതമായ ജീവിത ശൈലിയുമാണ്. പുഷ്പത്തിന്റെ സുഗന്ധം പോലെയാണ് മതേതരത്വം. ഹിന്ദു സംസ്‌കാരത്തിന്റെ ഭാഗമാണ് എല്ലാ മതങ്ങളേയും സ്വീകരിക്കുക എന്നതും ആദരിക്കുക എന്നതും. എന്നാല്‍ മറ്റുള്ളവരെ തന്റെ മതത്തിലേക്ക് ചേര്‍ത്ത് അവരെ പാപമുക്തരാക്കുക എന്നത് തന്റെ വിശ്വാസത്തിന്റെ ഭാഗമായി കാണുന്നതാണ് ഇതര മതസ്ഥര്‍. കാഴ്ചപ്പാടിലുള്ള ഈ അന്തരമാണ് മതവൈരങ്ങള്‍ക്കും കലഹങ്ങള്‍ക്കും കാരണം.
ഒരു ഹിന്ദു മതത്തെ വൈയ്യത്തിക കാര്യം മാത്രമായികാണുന്നു എങ്കിലും തന്റെ പ്രാര്‍ത്ഥനയില്‍ ലോകമംഗളത്തിനായി പ്രാര്‍ത്ഥിക്കുന്നു (ലോകാഃ സമസ്താഃ സുഖിനോ ഭവന്തു). അതിനാലാണ് അവന്‍ ആരേയും മതംമാറ്റാതിരുന്നതും ആരേയും’പാപിയോ’ ‘കാഫിറോ’ ആയി കാണാതിരുന്നതും. ഏവരേയും ‘അമൃതസ്യപുത്ര: ‘ അമൃതത്വത്തിന്റെ അരുമക്കിടാവേ- എന്ന് സംബോധന ചെയ്യുവാന്‍ അവന് കഴിഞ്ഞു.
മനുഷ്യനെ അതിമാനുഷനുമായി ബന്ധിപ്പിക്കുന്നതാണ് മതം. സ്വാമി വിവേകാനന്ദന്‍ പറയുന്നു; ”മതത്തിന്റെ അന്തിമലക്ഷ്യം, നമ്മുടെ പുരാതന ഗുരുക്കന്മാര്‍ പറഞ്ഞതുപോലെ, ഈശ്വരാനുഭവമാണ്. മനുഷ്യന്റെ അദ്ധ്യാത്മബോധം അനുക്രമമായി വളര്‍ത്തുകയാണ് അതിനുള്ള മാര്‍ഗ്ഗം; അതാണ് മതത്തിന്റെ ഉരകല്ല്. വ്യക്തിയുടെ പടിപടിയായുള്ള ആദ്ധ്യാത്മിക വളര്‍ച്ച എന്നൊന്നുണ്ട്. സസ്യം അടിക്കടി വളരുന്നതുപോലെ, കെട്ടിടം ഓരോരോ ഇഷ്ടികവെച്ച് വച്ച് ഉയര്‍ന്നുവരുന്നതുപോലെ, ആദ്ധ്യാത്മിക വളര്‍ച്ചയും നമുക്കനുഭവപ്പെടും. നാം മതജീവിതം നയിക്കുമ്പോള്‍ നമുക്ക് ശക്തി ലഭിക്കുന്നു. ബോധം വികസ്വരമാകുന്നു. സഹാനുഭൂതി വിസ്തൃതമാകുന്നു; നാം കൂടുതല്‍ നല്ല സ്രതീ പുരുഷന്മാരാകുന്നതായി നമുക്ക് അനുഭവപ്പെടുന്നു. ഇത്തരം ആന്തരികമായ ആദ്ധ്യാത്മിക വളര്‍ച്ചയില്‍ നിന്നുത്ഭവിക്കുന്ന ശക്തിയാണ് ശാസ്ത്രീയ ടെക്‌നോളജിയുടെ പുരോഗതിയില്‍ ഉന്മുക്തമാകുന്ന ഊര്‍ജ്ജത്തെ ആത്മസാക്ഷാത്ക്കരിക്കാനും അച്ചടക്കം വരുത്താനും മനുഷ്യനെ സഹായിക്കുന്നത്.
ഇങ്ങനെയുള്ള മനുഷ്യനുമാത്രമേ ജീവിതത്തിലെ അന്ധവ്യവസ്ഥയില്‍ നിന്നു സമാധാനവും സന്തോഷവും സാമാന്യക്ഷേമവും നെയ്‌തെടുക്കാനുള്ള ശക്തിയും ബുദ്ധിയും ഉണ്ടാവൂ. മാനവ സമുദായത്തില്‍ നിന്നു മതം എടുത്തുകളഞ്ഞാല്‍ അവശേഷിക്കുന്നത് വെറും കാടത്തമാണ്”.
















