വിടവാങ്ങിയത് സംഘപരിവാരിന്റെ അമരക്കാരന്
ഏച്ചോം : 1970കളിലെ വനവാസി സമരങ്ങളുടെ അമരക്കാരനെയാണ് കുഞ്ഞിരാമേട്ടന്റെ വേര്‍പാടിലൂടെ വയനാട്ടുകാര്‍ക്ക് നഷ്ടമായത്. വയനാട്ടിലെ ഓരോ വനവാസി കോളനികളിലും കുഞ്ഞിരാമേട്ടനെ അറിയാത്തവര്‍ വിരളം. വനവാസികള്‍ക്കൊപ്പം അവരിലൊരാളായി നരച്ച താടിയുമായി അദേഹം അവസാനകാലത്തുപോലും എത്തിയിരുന്നു. ആദിവാസി സംഘത്തിനും വനവാസി വികാസകേന്ദ്രത്തിനും രാഷ്ട്രീയ സ്വയംസേവക സംഘത്തിനും കുഞ്ഞിരാമേട്ടന് എല്ലാമായിരുന്നു. പലപ്പോഴും അവസാന വാക്കും അദേഹത്തിന്റേതായിരുന്നു. അദ്ദേഹത്തിന്റെ വിയോഗമറിഞ്ഞ് മുട്ടില്‍ സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന് ആശുപത്രിയിലേക്ക് സമൂഹത്തിന്റെ നാനാതുറകളിലുള്ള നൂറ് കണക്കിന് ആളുകളാണ് ഒഴുകിയെത്തിയത്. വയനാട്ടിലെ വനവാസി വിഭാഗങ്ങളുടെ അനിഷേധ്യ നേതാവും ജില്ലയിലെ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ അമരക്കാരനുമായിരുന്ന സി.എ.കുഞ്ഞിരാമന് നായരുടെ വിയോഗത്തില്‍ നാനാതുറകളിലുള്ളവര്‍ അനുശോചനം രേഖപെടുത്തി. ആര്‍എസ്എസ് ജില്ലാസംഘചാലക് എം.എം.ദാമോദരന്‍, ജില്ലാ കാര്യവാഹ് എം.രജീഷ്, പള്ളിയറ രാമന്, പീപ്പ് ഡയറക്ടര്‍ എസ്.രാമനുണ്ണി, ദേശീയ നേതാക്കളായ പി.സി.മോഹനന്, പി.ആര്.സുരേഷ്, ബിജെപി ജില്ലാപ്രസിഡന്റ് സജി ശങ്കര്‍, ജനറല്‍സെക്രട്ടറിമാരായ കെ.മോഹന്‍ദാസ്, പി.ജി.ആനനദ്കുമാര്‍, ആദിവാസിസംഘം ജില്ലാ കമ്മിറ്റി, ഹിന്ദുഐക്യവേദി, ബിഎംഎസ്, വിശ്വഹിന്ദു പരിഷത്ത്, എബിവിപി, യുവമോര്‍ച്ച, ബാലഗോകുലം, വിശ്വഹിന്ദുപരിഷത്ത്, ക്ഷേത്ര സംരക്ഷണ സമിതി തുടങ്ങി നിരവധി രാഷ്ട്രീയ -സാമൂഹ്യസന്നദ്ധസംഘടനകളും പ്രമുഖ വ്യക്തികളും അനുശോചിച്ചു.
ഏച്ചോം ചെമ്മന്തട്ട എടച്ചന കുഞ്ഞിരാമന് നായര്‍(93) വനവാസി വിഭാഗങ്ങളുടെ അനിഷേധ്യ നേതാവും ജില്ലയിലെ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ അമരക്കാരനുമായിരുന്നു. വാര്‍ദ്ധക്യ സഹചമായ അസുഖങ്ങളെ തുടര്‍ന്ന് മുട്ടില്‍ സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ വൈകീട്ട് നാലുമണിയോടെയായിരുന്നു വിയോഗം. ബിജെപി, വനവാസി, സംഘപരിവാര്‍ നേതാക്കള്‍ വേര്‍പാട് സമയത്ത് ആശുപത്രിയിലുണ്ടായിരുന്നു.
കണ്ണൂര്‍ ജില്ലയിലെ പിലാത്തോട്ടത്തില്‍ ഓര്‍ക്കാട്ടേരി നാരായണന് നായരുടെയും എടച്ചന അമ്മിണി നെത്യാരുടെയും മകനാണ്. വീര കേരളവര്‍മ്മ പഴശ്ശി രാജാവിന്റെ പടത്തലവനായിരുന്ന എടച്ചന കുങ്കന്റെ പിന്മുറക്കാരാണ്. വയനാട്ടില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ ജീവനാഡിയായിരുന്ന നാട്ടുകാരുടെ കുഞ്ഞിരമേട്ടനെ പണിയന് കുഞ്ഞിരാമന് എന്നായിരുന്നു രാഷ്ട്രീയ നേതാക്കള്‍ വിളിച്ചിരുന്നത്.
1972 കാലഘട്ടത്തില്‍ ജന്മ മേധാവിത്വത്തിനെതിരെയും വനവാസികളുടെ അവകാശത്തിനായും കുഞ്ഞിരാമന് നായരുടെ നേതൃത്വത്തില്‍ നിരവധി സമരങ്ങള്‍ നടത്തിയിട്ടുണ്ട്. പണിയ വിഭാങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് വയനാട് ജില്ലാ കളക്ട്രേറ്റിലേക്ക് നടത്തിയ ജനകീയ മാര്‍ച്ച് അക്കാലത്ത് ഏറെ ശ്രദ്ധേയമായിരുന്നു. ഇതിനുശേഷമാണ് അദ്ദേഹത്തെ പണിയന് കുഞ്ഞിരാമനെന്ന് വിലിക്കാന്‍ തുടങ്ങിയത്. വനവാസികളെ പ്രവേശിപ്പിക്കാത്ത ഏച്ചോത്ത് തവാട്ട് ക്ഷേത്രത്തിലേക്ക് വനവാസികളും കെട്ടുകാഴ്ച്ചകളുമായി നടത്തിയ മാര്‍ച്ച് ഒരു ക്ഷേത്ര പ്രവേശന വിളംബരം തന്നെയായിരുന്നു. വയനാട്ടിലെ ക്ഷേത്രങ്ങളില്‍ വനവാസികള്‍ക്ക് വെവ്വേറെ അന്നദാനം നടത്തുന്ന രീതിയും അദ്ദേഹം ചോദ്യം ചെയ്തു. വനവാസികളുമായി ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ച് അദ്ദേഹം തുറന്ന സമരം തന്നെ നടത്തി. ഇതോടെ അദ്ദേഹത്തെ ഭ്രഷ്ട് കല്‍പ്പിച്ച് കുടുംബത്തില്‍നിന്നും പുറത്താക്കി. വനവാസികള്‍ക്ക് കിടപ്പാടമില്ലാത്തതിനെയും നാണം മറയ്ക്കാന്‍ വസ്ത്രമില്ലാത്തതിനെയും പട്ടിണി മാറ്റാന്‍ ഭക്ഷണമില്ലാത്തതിനെയും കുട്ടികളെ പഠിപ്പിക്കാന്‍ പണമില്ലാത്തതിനെയും തുറന്നുകാട്ടി അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒരു തുറന്ന കത്ത് അദ്ദേഹം എഴുതുകയും 25000 ആളുകളുടെ ഒപ്പും ശേഖരിച്ച് ഭീമഹര്‍ജി നല്കുകയുമുണ്ടായി. വനവാസികളുടെ തൊഴിലില്ലായ്മയും ചൂഷണവുമെല്ലാം ഇതില്‍ കൃത്യമായി പ്രതിപാദിച്ചിരുന്നു.
അമ്പലവയലിലെ കുങ്കി സമരം, കമ്പളക്കാട് ഭൂമി കയ്യേറ്റത്തിനെതിരായി നടന്ന സമരം, കഠാര മറിയത്തിനെതിരെ നടന്ന സമരം, പഴശ്ശി ഭൂമി പിടിച്ചെടുക്കുന്നതിനായി നടത്തിയ ഇഷ്ടിക സമരം തുടങ്ങിയവയെല്ലാം കുഞ്ഞിരാമേട്ടനെ വനവാസികളുടെ അനിഷേധ്യ നേതാവാക്കി. വനവാസിക്കൂരകളില്‍ അന്തിയുറങ്ങി, അവര്‍ക്കൊപ്പം ഭക്ഷണം കഴിച്ച് അവരുടെ ജനകീയ സമരങ്ങള്‍ക്ക് നേതൃത്വം നല്കി, വയനാട്ടില്‍ വിപ്ലകരമായ പ്രവര്‍ത്തനമാണ് കുഞ്ഞിരാമേട്ടന് നടത്തിയത്.
വയനാട് ട്രൈബല്‍ ജില്ലക്കുവേണ്ടിയുള്ള പ്രക്ഷോഭം. ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി പിടിച്ചെടുക്കുന്നതിനായി നടത്തിയ പ്രക്ഷോഭങ്ങള്‍ തുടങ്ങിയവയിലെല്ലാം അദ്ദേഹം മുന്നണിപോരാളിയായി. അക്കാലത്ത് ഗിരിജനങ്ങളെ നഗരം കാണിക്കുന്നതിനും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രവര്‍ത്തനമാണ് നടത്തിയത്. അക്കാലത്ത് നിയമസഭാ മന്ദിരത്തിന് മുന്നില്‍ പ്രകടനം നടത്തുന്നതില്‍ പങ്കാളിയായ ചുരുക്കം ചില നേതാക്കളില്‍ ഒരാളായിരുന്നു കുഞ്ഞിരാമേട്ടന്. വീരപഴശ്ശിയെയും തലക്കര ചന്തുവിനെയും എടച്ചന കുങ്കനെയും ജനഹൃദയങ്ങളിലെത്തിച്ച നിരവധി സമരങ്ങള്‍ക്ക് അദ്ദേഹം നേതൃനിരയില്‍ ഉണ്ടായിരുന്നു.
ബിജെപി നാഷണല്‍ കൗണ്‍സിലിന്റെ ഭാഗമായുള്ള ദീപശിഖാ പ്രയാണം മാനന്തവാടി പഴശ്ശി കുടീരത്തില്‍#ിന്ന് ആരംഭിച്ച വേളയില്‍ ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷനായ സി.കെ.പത്മനാഭന് കുഞ്ഞിരാമേട്ടനെകുറിച്ച് സംസാരിച്ചതിനുശേഷം മാത്രമാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. അദ്ദേഹത്തിന് ജനഹൃദയങ്ങളിലുള്ള സ്ഥാനം വിളിച്ചോതുന്നതായിരുന്നു സികെപിയുടെ പ്രസംഗം.
അടിയന്തിരാവസ്ഥാ കാലഘട്ടത്തില്‍ ജയിലില്‍ കഴിഞ്ഞിരുന്ന ജനസംഘം പ്രവര്‍ത്തകരുടെ വീടുകളില്‍ കുടുംബങ്ങളില്‍ സമാശ്വാസവുമായി എത്താനും അദ്ദേഹം മുന്‍പന്തിയിലുണ്ടായിരുന്നു. കേരളാ ആദിവാസി സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ച വ്യക്തികളില്‍ ഒരാളാണ് അദ്ദേഹം. ആദ്യകാല സിപിഎം പ്രവര്‍ത്തകനായ അദ്ദേഹം ബിജെപി ജില്ലാജനറല്‍സെക്രട്ടറി, ആദിവാസി സംഘം ജില്ലാപ്രസിഡന്റ്, ജില്ലാസെക്രട്ടറി തുടങ്ങിയ നിലകളിലും നിരവധി സംഘപരിവാര്‍ ചുമതലകളും വഹിച്ചിട്ടുണ്ട്. ഒ.രാജഗോപാ ല്‍, രാമന്‍പിള്ള, എ.ബി.വാജ്പേയ്, എല്‍.കെ.അദ്വാനി, കെ. ജി മാരാര്‍ തുടങ്ങിയവരുമായും അദ്ദേഹം അക്കാലത്ത് നല്ല ബന്ധം പുലര്‍ത്തിവന്നിട്ടുണ്ട്.
വയനാട്ടിലെ പ്രസിദ്ധമായ വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രം പാരമ്പര്യ ട്രസ്റ്റിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. അദ്ദേഹത്തിന്റെ സ്വത്തുക്കള്‍ വള്ളിയൂര്‍ക്കാവ് ദേവസ്വത്തിനും സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷനും ദാനം ചെയ്ത് അദ്ദേഹം മാതൃക കാട്ടുകയും ഉണ്ടായി.
സംസ്ക്കാരം വ്യാഴാഴ്ച്ച രാവിലെ 11 മണിക്ക് ഏച്ചോം പാറയ്ക്കല്‍ വീട്ടുവളപ്പില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: