ഇരിങ്ങാലക്കുട : വിവിധ സംഘടനകളുടെയും വ്യക്തികളുടെയും നേതൃത്വത്തില്‍ വയോജന ദിനമാചരിച്ചതിന്റെ അടുത്ത ദിവസം തന്നെ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രനടയില്‍ വൃദ്ധ ഉപേക്ഷിക്കപ്പെട്ടപ്പോള്‍ അവര്‍ക്ക് താങ്ങായി പോലീസ് അല്ലാതെ ആരുമില്ലാതെ വന്നത് ദിനാചരണങ്ങളുടെ പ്രസക്തി തന്നെ ഇല്ലാതാക്കി. രാവിലെ ക്ഷേത്രനട അടച്ച് പുറത്തിറങ്ങിയ മേല്‍ശാന്തി മണക്കാട് പരമേശ്വരന് നമ്പൂതിരി ആണ് 90 വയസോളം പ്രായമുള്ള വൃദ്ധയെ ക്ഷേത്രനടയില്‍ ഒറ്റക്ക് കണ്ടത്. വീട്ടുകാരെ കുറിച്ചും സ്ഥലത്തെ കുറിച്ചും ചോദിച്ചപ്പോള്‍ പരസ്പരവിരുദ്ധമായി പറയാന്‍ തുടങ്ങി. ഈ സമയം ദേവസ്വം മാനേജിങ് കമ്മറ്റി അംഗം വിനോദ് തറയില്‍ സ്ഥലത്തെത്തി വൃദ്ധ പറയുന്ന സ്ഥലത്ത് എത്തിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ കൂടിനിന്ന പലരും സഹായിക്കാന്‍ വിസ്സമ്മതിക്കുകയായിരുന്നു. പിന്നീട് ജനമൈത്രി പോലീസിനെ വിവരമറിയിക്കുകയും വുമണ്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അപര്‍ണ ലവകുമാര്, കവിത വി എ എന്നിവര്‍ ആംബുലന്‍സുമായി എത്തുകയും വൃദ്ധയോട് സ്നേഹ പരിചരണത്തോടെ വിവരങ്ങള്‍ ആരായുകയും ചെയ്തു. സഹായത്തിനായി ജനമൈത്രി നൈറ്റ് പെട്രോളിംഗ് അംഗമായ മൂലയില്‍ വിജയകുമാര്‍ ഉണ്ടായിരുന്നു പുത്തന്‍ചിറ മാണിയങ്കാവിലാണ് വൃദ്ധയുടെ സ്ഥലമെന്നു മനസിലാക്കിയ ഇവര്‍ അവരെ വീട്ടിലേക്ക് എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. വൈകിട്ട് വൃദ്ധയുടെ മാപ്രാണത്തുള്ള ബന്ധുക്കള്‍ പോലീസ് സ്റ്റേഷനില്‍ എത്തി കൂട്ടികൊണ്ടുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: