തൃശൂര്‍: തൃശൂര്‍ സെന്റ് തോമസ് കോളേജിന് പാട്ടക്കുടിശിക എഴുതിത്തളളി ഭൂമി പതിച്ച് നല്‍കിയതില്‍ സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയെന്ന കേസില്‍ ഈ മാസം 18ന് തൃശൂര്‍ വിജിലന്‍സ് കോടതി വിധിപറയും. കേസിലെ വാദം പൂര്‍ത്തിയായി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായിരുന്ന കെ.എം.മാണി, അടൂര്‍ പ്രകാശ് തുടങ്ങിയവരെ പ്രതി ചേര്‍ത്തുള്ള കേസില്‍ വിജിലന്‍സിന്റെ ത്വരിതാന്വേഷണം പൂര്‍ത്തിയായിരുന്നു.
ഉമ്മന്‍ചാണ്ടി ഒന്നാം പ്രതിയാണ്. മന്ത്രിമാരായിരുന്ന കെ.എം.മാണി, അടൂര്‍പ്രകാശ് എന്നിവര്‍ രണ്ടും മൂന്നും പ്രതികളും. അന്നത്തെ ചീഫ് സെക്രട്ടറി (ഫിനാന്‍സ് ) വി. സോമസുന്ദരന്‍, മുന്‍ റവന്യു സെക്രട്ടറി നിവേദിത പി.ഹരന്, റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇ.കെ.മാജി, തൃശൂര്‍ മുന്‍ ജില്ലാ കലക്ടര്‍മാരായ പി.എം.ഫ്രാന്‍സീസ്, എം.എസ്.ജയ, മുന്‍ ലാന്റ് റവന്യു കമ്മിഷണര്‍ കെ.വി.സജന്, മുന്‍ തൃശൂര്‍ തഹസില്‍ദാര്‍ പോള്‍സണ്‍, മുന്‍ ചെമ്പൂക്കാവ് വില്ലേജ് ഓഫീസര്‍ സണ്ണി ഡേവീസ്, കോളേജ് മാനേജര്‍ ബിഷപ്പ് മാര്‍. റാഫേല്‍ തട്ടില്‍ എന്നിവരെ നാല് മുതല്‍ 12 വരെയുള്ള പ്രതികളുമാക്കിയുള്ളതാണ് ഹര്‍ജി. ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി കെ.കേശവദാസാണ് ഹര്ജിക്കാരന്. സര്‍ക്കാരിന് ലഭിക്കേണ്ട ഒന്‍പതര കോടിയിലേറെ രൂപ പാട്ടക്കുടിശിക എഴുതി തള്ളി, സര്‍ക്കാര്‍ നിശ്ചിയിച്ച അടിസ്ഥാന ഭൂവില പ്രകാരം 29,37,30,000 രൂപ വിലമതിക്കുന്ന, നഗരത്തിന് നടുവിലുള്ള 1.19 ഏക്കര്‍ ഭൂമി പതിച്ചു നല്‍കിയതിലൂടെ 38,92,10,101 രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. പാട്ടക്കുടിശിക എഴുതി തള്ളി ഭൂമി പതിച്ചു നല്‍കുന്നത് സര്‍ക്കാരിന് സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് അക്കൗണ്ടന്റ് ജനറലിന്റെ റിപ്പോര്‍ട്ടും വിജിലന്‍സ് കോടതിയിലും ലോകായുക്തയിലും ഹൈക്കോടതിയിലും കേസുകള്‍ നിലവിലുണ്ടെന്നും പാട്ടക്കുടിശിക എഴുതി തള്ളുന്നത് സുപ്രീംകോടതി പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാകുമെന്ന ലാന്റ് റവന്യു കമ്മിഷണറുടെ റിപ്പോര്‍ട്ടും നിലനില്‍ക്കെയാണ് ഭൂമി പതിച്ചു നല്‍കിയതെന്നും പരാതിക്കാരന് കോടതിയില്‍ ബോധിപ്പിച്ചു. അഡ്വ.പി.കെ. സുരേഷ്ബാബു ഹര്ജിക്കാരന് വേണ്ടി ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: