പുതുക്കാട്: പാലിയേക്കര ടോള്‍ പ്ലാസക്ക് സമീപം നാട്ടുകാര്‍ തുറന്ന സമാന്തര പാത ടോള്‍പ്ലാസ അധികൃതര്‍ വീണ്ടും അടച്ചുപൂട്ടി. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടിന് വന്‍ പോലീസ് സന്നാഹത്തോടെയാണ് അധികൃതര്‍ റോഡ് ഇരുമ്പ് റെയില്‍ ഉപയോഗിച്ച് അടച്ചുകെട്ടിയത്. ഇപ്പോള്‍ ഇരുചക്രവാഹനങ്ങള്‍ക്ക് പോകുവാനുള്ള വഴിമാത്രമാണ് വിട്ടിട്ടുള്ളത്. സാന്തരമായുള്ള റോഡിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്നതുമൂലം ടോള്‍ കമ്പനിക്ക് വന്‍നഷ്ടം സംഭവിക്കുന്നുവെന്ന് കാണിച്ച് കോടതിയില്‍ നിന്നും അവര്‍ വഴി അടച്ചുപൂട്ടുവാനുള്ള അനുമതി വാങ്ങിയിരുന്നു. വന്‍പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഇതിന് മുമ്പും പാതിരാതിരിയിലാണ് കമ്പനി സമാന്തര പാത അടച്ചുകെട്ടിയത്. ഈ വഴിയിലൂടെ ചെറുവാഹനങ്ങള്‍ക്ക് അന്ന് കടന്നുപോകുവാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അതും ഇല്ലാതായിരിക്കുകയാണ്. സമാന്തരപാതയിലെ തടസ്സം നീക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജോയ് കൈതാരത്ത് ജില്ലാകളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. സത്യാവസ്ഥ മനസ്സിലാക്കിയ കളക്ടര്‍ കൗശിക് തടസ്സം നീക്കുന്നതിന് ആവശ്യമായ നിയമനടപടി സ്വീകരിക്കണമെന്ന് ദേശീയപാത പ്രൊജക്ട് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനിടയില്‍ ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ നാട്ടുകാര്‍ സമാന്തരപാതയിലെ റെയിലുകള്‍ അറുത്തുമാറ്റി ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഇതിലൂടെ നിരവധി വാഹനങ്ങളാണ് കടന്നുപോയത്. സമാന്തരപാത തുറന്ന സംഭവത്തില്‍ അഞ്ചുപേരെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടു. ചാലക്കുടി ഡിവൈഎസ്പി വാഹിദിന്റെ നേതൃത്വത്തില്‍ പുതുക്കാട് സിഐ എസ്.പി.സുധീരന്, എസ്ഐ വി.സജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസാണ് സമാന്തരപാത അടച്ചുകെട്ടുമ്പോള്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നത്. സംഭവത്തിന് പിന്നില്‍ ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ജോയ് കൈതാരം ആരോപിച്ചു.സമാന്തരപാത അടച്ചുകെട്ടിയത് നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: