അമ്പലപ്പുഴ: കോടതിവിധി കാറ്റില്‍പ്പറത്തി കരുമാടി മേലത്തുംകരി പാടത്ത് വ്യാപക വയല്‍നികത്തല്‍. അമ്പലപ്പുഴ തെക്കുപഞ്ചായത്തില്‍ മുപ്പതേക്കര്‍ വിസ്തൃതിയുള്ള നൂറുമേനി വിളവുനല്‍കുന്ന പാടമാണ് അനധികൃതമായി നികത്താന്‍ പദ്ധതിയിടുന്നത്.
നിലവില്‍ നിലം നികത്തരുതെന്നുകാട്ടി കരുമാടി പുത്തന്‍ചിറയില്‍ വിമല കോടതിയില്‍ കേസ് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് നികത്താതിരുന്ന കൃഷിഭൂമിയാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി ടിപ്പര്‍ലോറികളില്‍ ഗ്രാവല്‍ കൊണ്ടുവന്ന് ഇറക്കി നികത്തുന്നത്.
കരുമാടി വില്ലേജാഫീസിന്റെ പരിധിയില്‍ വരുന്ന പാടശേഖരത്ത് നടക്കുന്ന നിലംനികത്തലിനെതിരെ നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥരും തയ്യാറായില്ല. നിലവില്‍ റിയല്‍ എസ്റ്റേറ്റുമായി ബന്ധവുമുള്ളവരാണ് നിലം നികത്തുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
നിലംനികത്തലിനെതിരെ നടപടി എടുക്കാത്തതിനെത്തുടര്‍ന്ന് വിമല ജില്ലാകളക്ടര്‍, ആര്‍ഡിഒ എന്നിവര്‍ക്കും പരാതി നല്‍കി. എന്നാല്‍ നിലം നികത്തലുകാരുടെ ഉന്നതബന്ധം നടപടി എടുക്കാന്‍ സാദ്ധ്യതയില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
















