മുംബൈ: ബിസിസിഐക്കെതിരെ കടുത്ത നടപടിയുമായി ജസ്റ്റിസ് ലോധ സമിതി. സംസ്ഥാന അസോസിയേഷനുകള്‍ക്ക് ബിസിസിഐയുടെ വിഹിതമായ പണം നല്‍കരുതെന്ന് ലോധ സമിതി ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. നിയന്ത്രണം ഇന്ത്യ-ന്യൂസിലന്റ് പരമ്പരയെ ബാധിക്കില്ലെന്നും ജസ്റ്റിസ് ലോധ വ്യക്തമാക്കി.
കഴിഞ്ഞ മാസം മുപ്പതിന് ചേര്‍ന്ന ബിസിസിഐ പൊതുയോഗത്തില്‍ സംസ്ഥാന അസോസിയേഷനുകള്‍ക്ക് വന്‍ തുക വിഹിതമായി നല്‍കാനുള്ള തീരുമാനമാണ് ലോധ സമിതിയെ ചൊടിപ്പിച്ചത്. ക്രിക്കറ്റിനും മറ്റ് ദൈനംദിന പ്രവര്‍ത്തനങ്ങളെയും നിയന്ത്രണം ബാധിക്കില്ലെന്നും സംസ്ഥാന അസോസിയേഷനുകള്‍ക്ക് വലിയ തുക വിഹിതമായി നല്‍കുന്നതിനെയാണ് എതിര്‍ക്കുന്നതെന്നും ജസ്റ്റിസ് ലോധ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
എന്നാല്‍ പുതിയ സാഹചര്യത്തില്‍ ബാങ്കുകള്‍ പണം നല്‍കുന്നതില്‍ വിമുഖത കാട്ടുന്നുവെന്നാണ് ബിസിസിഐയുടെ ആരോപണം.
















