ശ്രീനഗര്‍: കശ്മീരിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പണം വരുന്നത് പാക്കിസ്ഥാനില്‍ നിന്ന് ഇറ്റലി വഴി. എന്‍ഫോഴ്‌സ്‌മെന്റ് അധികൃതരാണ് ഇക്കാര്യം കണ്ടെത്തിയത്. ഇങ്ങനെ ഭീകര, വിഘടനവാദ നേതാക്കള്‍ക്ക് പണം അയച്ച ചില പാക് പൗരന്മാരെ തിരിച്ചറിഞ്ഞിട്ടുമുണ്ട്.
ഇറ്റലി വഴിയും പാക്കധിനിവേശ കശ്മീരിലേക്കും ചിലരയച്ച പണം കശ്മീരിലേക്ക് വഴിതിരിച്ചുവിട്ടതായാണ് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയത്. ഈ പണം ഭീകരതക്ക് ഉപയോഗിക്കുകയാണെന്നാണ് സംശയം. ഇങ്ങനെ പണം അയക്കുന്നവരുടെ വിശദ വിവരം തേടി എന്‍ഫോഴ്‌സ്‌മെന്റ് ഇറ്റാലിയന്‍ അധികൃതര്‍ക്ക് ലെറ്റര്‍ റൊഗേറ്ററി അയക്കുമെന്നാണ് സൂചന.
ഹുരിയത്ത് കോണ്‍ഫറന്‍സ് അംഗം ഫിര്‍ദൗസ് അഹമ്മദ് ഷാ വെസ്‌റ്റേണ്‍ യൂണിയന്‍ വഴി ഇറ്റലിയില്‍ നിന്ന് പണം കൈപ്പറ്റിയിട്ടുണ്ട്. ഇത് പാക് പൗരനയച്ചതാണ്.
അഹമ്മദിനു വേണ്ടി പണം കൈപ്പറ്റിയ യാര്‍ മൊഹമ്മദ് ഖാനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് കേസ് എടുത്തിട്ടുണ്ട്. പണം അയച്ച പാക് പൗരന് മുംബൈ ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് നേരത്തെ തന്നെ സൂചനയുണ്ട്. കശ്മീര്‍ താഴ്‌വരയിലെ നബ്‌ല ബീഗത്തിനും ഇങ്ങനെ പണം ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കും വെസ്‌റ്റേണ്‍ യൂണിയന്‍ മണി ട്രാന്‍സ്ഫര്‍ വഴിയാണ് ഇറ്റലിയില്‍ താമസമുറപ്പിച്ച പാക്കിസ്ഥാനിലെ ഷബീന കന്‍വാള്‍ പണം അയച്ചത്. ഫിര്‍ദൗസിനും നബ്‌ലയ്‌ക്കും ഇതിന്റെ കാരണം വ്യക്തമായി ബോധിപ്പിക്കാന്‍ കഴിഞ്ഞിട്ടുമില്ല.
പാക്കധിവേശകശ്മീരില്‍ നിന്ന് ചുരുങ്ങിയ സമയത്തിനുള്ളില്‍ 80 കോടി രൂപ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കശ്മീരില്‍ എത്തിച്ചിട്ടുണ്ടെന്നാണ് സൂചന. ഭീകരര്‍ പാക്കധിനിവേശ കശ്മീരിലെ വ്യാപാരികളെ ഭീഷണിപ്പെടുത്തിയാണ് പണം പിരിക്കുന്നത്. അതിര്‍ത്തി വഴി ചരക്ക് കടത്തുന്ന ട്രക്ക് ഡ്രൈവര്‍മാരുടെ സഹായത്തോടെയാണ് ഈ പണവും ആയുധങ്ങളും കശ്മീരില്‍ എത്തിക്കുന്നത്.
അമേരിക്കയിലെ കൊളറാഡോ ആസ്ഥാനമായ പണമിടപാടു കമ്പനിയാണ് വെസ്‌റ്റേണ്‍ യൂണിയന്‍. എങ്കിലും തപാല്‍ വിലാസം സമീപത്തെ എംഗള്‍വുഡ് ആണ്. ഭീകരപ്രവര്‍ത്തനത്തിന് വെസ്‌റ്റേണ്‍ യൂണിയന്‍ പണം നല്‍കുന്നത് കണ്ടെത്തി, 2015 മേയില്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഐര്‍ലണ്ട് 17.5 ലക്ഷം പൗണ്ട് (150 കോടി രൂപ) പിഴ വിധിച്ചിരുന്നു. അമേരിക്കന്‍ പട്ടാളത്തിന് വെസ്‌റ്റേണ്‍ യൂണിയന്‍ വ്യക്തിപരമായ വിവരങ്ങള്‍ നല്‍കുന്നതായി ദ വണ്‍ പെര്‍മനന്റ് ഡോക്ട്രിന്‍ എന്ന പുസ്തകത്തിലുണ്ട്.
















