പുതുക്കാട് : പാലിയേക്കര മണലിയില്‍ ടോള്‍ കമ്പനി അടച്ചു കെട്ടിയ സമാന്തരപാത പൊളിച്ചു നീക്കിയ നിലയില്‍ കണ്ടെത്തി. പുലര്‍ച്ചെയാണ് പൊളിച്ച് മാറ്റിയത് നാട്ടുകരുടെ ശ്രദ്ധയില്‍ പെടുന്നത്. മറുവശത്ത് കോണ്‍ക്രീറ്റില്‍ ഉറപ്പിച്ചിരിക്കുന്ന ഒരു റെയിലിന്റെ അടിഭാഗം ഭാഗികമായി അറുത്ത നിലയിലാണ്. തടസ്സം നീങ്ങിയതോടെ വലിയ വാഹനങ്ങള്‍ ഉള്‍പ്പെടെ ഈ വഴിയിലൂടെ കടന്നുപോകാം. രണ്ട് ദിവസം മുന്‍പ് തൃശൂര്‍ ജില്ലാ കളക്ടര്‍ പിഡബ്ല്യുഡിയ്ക്കും ഹൈവേ അതോറിറ്റിയ്ക്കും ഈ തടസ്സം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
മണലി ഭാഗത്ത് നിന്നും പുലക്കാട്ടുകരയിലേക്ക് പോകുന്ന വഴിയാണ് ടോള്‍ കമ്പനി വലിയ ഇരുമ്പ് റെയില്‍ പ്ലെയ്റ്റുകള്‍ ഉപയോഗിച്ച് കെട്ടിയാണ് ഗതാഗതം തടസ്സപ്പെടുത്തിയിരുന്നത്. ചെറിയ ഒരു വാഹനത്തിന് കഷ്ടിച്ച് കടന്നുപോകാവുന്ന തരത്തിലാണ് റെയിലുകള്‍ സ്ഥാപിച്ചിരുന്നത്. വാഹനങ്ങള്‍ തിങ്ങി ഞെരുങ്ങി ഇതിലൂടെ കടന്ന് പോകുമ്പോള്‍ അപകടങ്ങളും പതിവ് കാഴ്ചയാണ്. തൃശൂര്‍ ഭാഗത്തെയ്ക്ക് പോകുന്ന വാഹനങ്ങള്‍ മണലി യു ടേണില്‍ നിന്ന് തിരിഞ്ഞ് ഇതുവഴി പാലിയേക്കര മേല്‍പ്പാലത്തിന് താഴെയെത്താം. ചാലക്കുടി ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങള്‍ ഇതേ വഴിയിലൂടെ തന്നെ ടോള്‍ നല്‍കാതെ മണലിയിലെത്താം. കോടതി വിധിയുടെ മറവിലായിരുന്നു ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കമ്പനി ഗതാഗതം തടസ്സപ്പെടുത്തിയിരുന്നത്. സമാന്തരപാതയിലുള്ള പാലത്തില്‍ ഗര്‍ത്തം ഉണ്ടാക്കി അപകടങ്ങള്‍ വര്‍ദ്ധിക്കുന്നതായും ടോള്‍ കമ്പനി കോടതിയെ തെറ്റിധരിപ്പിച്ചിരുന്നു. പൊതുമരാമത്ത് വകുപ്പ് ഒരു കോടി രൂപ ചിലവഴിച്ചാണ് പുതിയ പാലം നിര്‍മ്മിച്ചത്. ടോള്‍ കമ്പനി സമാന്തരപാതയില്‍ ബീമുകള്‍ സ്ഥാപിച്ച് ഗതാഗതം തടസ്സപ്പെടുത്തിയതിനെതിരെ നെന്മണിക്കര പഞ്ചായത്ത് പ്രസിഡന്റ് 2014ല്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. നിരവധി സ്വകാര്യ വ്യക്തികളും സംഘടനകളും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നെങ്കിലും കേസ് ഇതുവരെയും പരിഗണിച്ചിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: