കാസര്‍കോട്: ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്ക്കായുളള പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പകര്‍ച്ചവ്യാധി നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ട് സമഗ്ര ചര്‍മ്മരോഗ പരിശോധന പരിപാടി നടത്തും. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പെരിയയില്‍ നടക്കും. കേന്ദ്രസര്‍വ്വകലാശാല ക്യാമ്പസില്‍ നിര്‍മ്മാണ തൊഴിലെടുക്കുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ഇതിന്റെ ഭാഗമായി പരിശോധന നടത്തും. പരിപാടി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ഗൗരി ഉദ്ഘാടനം ചെയ്യും. ജില്ലയിലെ അംഗന്‍വാടി മുതല്‍ ഹയര്‍സെക്കണ്ടറി തലം വരെയുളള മുഴുവന്‍ വിദ്യാര്‍ത്ഥികളിലും ചര്‍മ്മരോഗ പരിശോധന നടത്തും. ആവശ്യമുളളവര്‍ക്ക് ആരോഗ്യ വകുപ്പ് ചികിത്സ സൗജന്യമായി നല്‍കും. നാളെ മുതല്‍ ഈ മാസം എട്ട് വരെ പൂടംകല്ല്, നീലേശ്വരം, പെരിയ ആരോഗ്യ ബ്ലോക്കുകള്‍ക്ക് കീഴില്‍ വരുന്ന മുഴുവന്‍ വിദ്യാലയങ്ങളിലും അംഗന്‍വാടികളിലും ചര്‍മ്മ പരിശോധന നടത്തും. ഒക്ടോബര്‍ രണ്ടാം വാരം മെഗാ ക്യാമ്പ് നടത്തി രോഗമുള്ളവര്‍ക്ക് വിദഗ്ദ്ധ ചികിത്സ നല്‍കും. 2017 മാര്‍ച്ചിനകം ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും പരിശോധനയ്ക്ക് വിധേയമാക്കും. രണ്ടാംഘട്ടത്തില്‍ പട്ടികവര്‍ഗ്ഗ മേഖല, മൂന്നാം ഘട്ടത്തില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ നാലാം ഘട്ടത്തില്‍ തീരദേശവാസികള്‍ എന്നിവര്‍ക്കും അനുബന്ധമായി ജില്ലയിലെ മുഴുന്‍ ആളുകള്‍ക്കും ചര്മ്മപരിശോധന നടത്തുകയാണ് ലക്ഷ്യമെന്ന് പദ്ധതിയുടെ ജില്ലാ തല ചുമതലയുള്ള ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ. എ വി രാംദാസ് പറഞ്ഞു.
നിലവില്‍ ജില്ലയില്‍ 31 കുഷ്ഠരോഗികളെ കണ്ടെത്തിയിടടുണ്ട്. ഒരു കുട്ടിയിലും നാല് ഇതര സംസ്ഥാന തൊഴിലാളികളിലും രോഗം പിടിപെട്ടിട്ടുണ്ട്. ഈ രോഗികള്‍ക്ക് ജില്ലാ ലെപ്രസി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ചികിത്സ ലഭ്യമാക്കുന്നുണ്ട്. മലമ്പനി, മന്ത് ഉള്‍പ്പെടെയുളള പകര്‍ച്ച വ്യാധികളെയും അഞ്ച് വര്‍ഷത്തിനകം ജില്ലയില്‍ നിന്ന് പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. ജില്ലയില്‍ 10 ലക്ഷം പേരില്‍ ഒരാള്‍ക്കാണ് കുഷ്ഠരോഗബാധ കണ്ടെത്തിയിട്ടുളളത്. ഇത് പൂര്‍ണ്ണമായി ഇല്ലാതാക്കുകയാണ് ലക്ഷ്യം. ജില്ലാ കളക്ടര്‍ കെ ജീവന്‍ബാബുവിന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേമ്പറില്‍ ചെര്‍ന്ന യോഗം പരിപാടി അവലോകനം ചെയ്തു. പരിപാടിക്ക് ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളും പൂര്‍ണ്ണ പിന്തുണ നല്‍കണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. യോഗത്തില്‍ ഡി എം ഒ ഡോ. എ പി ദിനേഷ് കുമാര്‍, ഡെപ്യൂട്ടി ഡി എം ഒ മാരായ ഡോ. എം സി വിമല്‍രാജ്, ഡോ. ഇ മോഹന്‍, ഡോ. ഇ വി ചന്ദ്രമോഹന് ജില്ലാ പ്രൊജക്ട് മാനേജര്‍ രാമന് സ്വാതി വാമന്‍, ജില്ലാ ട്രൈബല്‍ ഡവലപ്പ്മെന്റ് ഓഫീസര്‍ കെ കൃഷ്ണപ്രകാശ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ പി രാജ്മോഹന്‍, പട്ടികവര്‍ഗ്ഗവികസന ഓഫീസര്‍ കെ ജി വിജയപ്രസാദ്, ജില്ലാ മലേറിയ ഓഫീസര്‍ വി സുരേശന്, ജില്ലാ ലേബര്‍ ഓഫീസര്‍ എം മനോജ്, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ വിന്‍സന്റ് ജോര്‍ജ്ജ്, ഐ സി ഡി എസ് പ്രൊജക്ട് സീനിയര്‍ സൂപ്രണ്ട് പി ഗോപാലകൃഷ്ണന്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസിലെ മുഹമ്മദ് കുഞ്ഞി, ഡിഎംഒ ടെക്നിക്കല്‍ അസി. എം അബ്ദുള്‍ഖാദര്‍, എസ് ജയ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: