തൃശൂര്‍ : തലോര്‍- പാല്യേക്കര പഴയ ദേശീയപാതയിലൂടെ ടോള്‍ പാതയിലേക്ക് പ്രവേശനം തടസ്സപ്പെടുത്തിയത് നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിക്കാന്‍ കലക്ടര്‍ എ കൗശിഗന് ദേശീയ പാത അതോറിറ്റിക്ക് നിര്‍ദേശം നല്കി. പഴയ ദേശീയപാതയിലെ തലോര്‍- പാല്യേക്കര റോഡ് അറ്റകുറ്റപ്പണിക്കെന്ന പേരിലാണ് 2014 പൊലീസ് സഹായത്തോടെ ബിഒടി കമ്പനി അടച്ചുപൂട്ടിയത്.
ടോള്‍ വിരുദ്ധസമിതി നേതൃത്വത്തില്‍ നിരവധി സമരങ്ങള്‍ നടത്തിയെങ്കിലും അന്നത്തെ സര്‍ക്കാര്‍ ടോള്‍ കമ്പനിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. പുതുക്കാട് എംഎല്‍എയായ പ്രൊഫ. സി രവീന്ദ്രനാഥ് 2014ല്‍തന്നെ 96 ലക്ഷം രൂപ നല്കി അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ ടോള്‍ റോഡിലേക്ക് പ്രവേശിക്കുന്ന സമാന്തര പാത കമ്പനി അടച്ചുപൂട്ടി. ഇതുചോദ്യംചെയ്ത് ജോയ് കൈതാരത്ത് നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി ആവശ്യം പരിഗണിക്കണമെന്ന് എന്‍എച്ച്എയോട് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഇരുമ്പ് റെയിലുപയോഗിച്ചുള്ള തടസ്സം അല്പസ്ഥലത്തുമാത്രം നീക്കം ചെയ്തത്.
വലിയ വാഹനങ്ങള്‍ക്ക് ഇതുവഴി ഇപ്പോഴും കടന്നുപോകാനാകില്ല. ജോയ് കൈതാരത്തും ഇ സി സുജിത്തും കലക്ടര്‍ക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തടസ്സം നീക്കി അടിയന്തിര റിപ്പോര്‍ട് നല്കാന് ഉത്തരവിട്ടതായി ജോയ് കൈതാരത്ത്, ഇ സി സുജിത്ത്, നിഷാദ് തളിക്കുളം, ശ്രീനിവാസന ഇറക്കത്ത് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: