തൃശൂര്‍:മെഡിക്കല്‍ കോളേജ് മിനി ആര്.സി.സി. യായി ഉയര്‍ത്തണമെന്ന ജില്ലാ ഉപഭോക്തൃ സംരക്ഷണ സമിതിയുടെ ആവശ്യത്തില്‍ സര്‍ക്കാര്‍ സത്വര നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് അംഗം കെ. മോഹന്‍കുമാര്‍ നിരീക്ഷിച്ചു. ആവണൂര്‍ പഞ്ചായത്തില്‍ പരിസ്ഥിതി ചട്ടങ്ങള്‍ പാലിക്കാതെ സ്റ്റീല്‍ ഫാക്ടറി ആരംഭിക്കുവാന്‍ ശ്രമിക്കുന്നതിനെതിരെ നല്കിയ പരാതിയില്‍ വിശദീകരണം നല്കാന് പഞ്ചായത്ത് സെക്രട്ടറിക്കും ജില്ലാ കലക്ടര്‍ക്കും നോട്ടീസ് അയക്കാന്‍ കമ്മീഷന് തീരുമാനിച്ചു.
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ വിചാരണ തടവുകാരന് മരിച്ചതില്‍ ഗുരുതരമായ മനുഷ്യാവകാശ ലംഘനം നടന്നിട്ടുളളതായി കമ്മീഷന് അന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തു. ആര്‍ച്ചറി അസോസിയേഷന് സെക്രട്ടറി അംഗപരിമിതനായ കായികതാരത്തിനെതിരെ വ്യാജ പരാതി നല്കി ദ്രോഹിക്കുന്നെന്ന ആക്ഷേപത്തിന് വിശദീകരണം നല്കാന് സ്പോര്‍ട്ട്സ് കൗണ്‍സില്‍ സെക്രട്ടറിക്കും ആര്‍ച്ചറി അസോസിയേഷന് സെക്രട്ടറിക്കും നോട്ടീസ് അയച്ചു.
പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസില്‍ നടന്ന സിറ്റിംഗില്‍ 56 പഴയ പരാതിയും ആറ് പുതിയ പരാതിയും പരിഗണിച്ചു. 16 എണ്ണം തീര്‍പ്പാക്കി. ബാക്കിയുളളവ വിശദമായ റിപ്പോര്‍ട്ടിനായി മാറ്റി വെച്ചു. ഒക്ടോബര്‍ 27 ന് രാവിലെ 10.30 ന് അടുത്ത സിറ്റിംഗ് നടത്തും കമ്മീഷന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: