സ്വന്തം ലേഖകന്‍
മലപ്പുറം: സംസ്ഥാന-ദേശീയപാതകളില്‍ സ്വകാര്യബസുകള്‍ നടത്തുന്ന മത്സരയോട്ടം റോഡുകള്‍ ചോരക്കളമാക്കി മാറ്റുന്നു. നിരവധി ജീവനുകള്‍ റോഡില്‍ പൊലിയുമ്പോഴും നടപടിയെടുക്കാതെ അധികൃതര്‍ മൗനം പാലിക്കുകയാണ്. കോഴിക്കോട്-പാലക്കാട്, കോഴിക്കോട്-തൃശ്ശൂര്‍ റോഡുകളില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുകയാണ്. വേഗപ്പൂട്ട് നിര്‍ബന്ധമാക്കിയെങ്കിലും ഒരു ബസില്‍ പോലും ആ സംവിധാനമില്ല. ഉണ്ടെങ്കില്‍ തന്നെ പ്രവര്‍ത്തനരഹിതവും. സ്പീഡ് ഗവര്‍ണ്ണര്‍ സംവിധാനം ബസുകളിലുണ്ടോയെന്ന് പരിശോധിക്കാന്‍ പോലും അധികൃതര്‍ ശ്രമിക്കുന്നില്ലെന്നതാണ് സത്യം. ഒരേ റൂട്ടില്‍ ഒന്നിലധികം ബസുകള്‍ ഓടുന്ന കമ്പനികളുണ്ട്. അവയെല്ലാം നിയന്ത്രിക്കുന്നതാകട്ടെ ഗുണ്ടാസംഘവും. എന്തൊക്കെ കാണിച്ചാലും അവര്‍ക്കെതിരെ ചെറുവിരലനക്കാന്‍ അധികൃതര്‍ക്കാവില്ല. അധികൃതരുടെ ഈ ഭയം മൂലം നഷ്ടപ്പെടുന്നതാകട്ടെ നൂറുകണക്കിന് നിരപരാധികളുടെ ജീവനും.
കഴിഞ്ഞ ദിവസം എടപ്പാള്‍ അണ്ണക്കംപാട് മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കവെ ടെക്സ്റ്റയില്‍സ് ജീവനക്കാരനായ യുവാവിന് ജീവന് നഷ്ടപ്പെട്ടിരുന്നു. ചിയ്യാനൂര്‍ പാടത്ത് പെട്രോള്‍ പമ്പില്‍ ജോലി കഴിഞ്ഞു റോഡിലേക്ക് കടക്കാനായി നിന്ന ബൈക്ക് യാത്രക്കാരനായ വിദ്യാര്‍ത്ഥിയെ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിച്ച സ്വകാര്യ ബസ്സ് ഇടിച്ചു തെറുപ്പിച്ചു. നിരന്തരമായ അപകടങ്ങളെ തുടര്‍ന്ന് സംസ്ഥാനപാതയില്‍ അപകടങ്ങള്‍ കുറക്കുന്നതിന് നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയും ജനപ്രതിനിധികള്‍ക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കുകയും ചെയ്തിരുന്നു. പോലീസില്ലാതെ പൂട്ടിക്കിടന്ന ചിയ്യാനൂര്‍ പാടത്തെ പഞ്ചിംഗ് സ്റ്റേഷന് ജനകീയ പഞ്ചിംഗ്് അടക്കമുളള ജനകീയ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് വീണ്ടും പ്രവര്‍ത്തനം തുടങ്ങി. പക്ഷേ ബസ്സുകളുടെ ടൈം ഷീറ്റുകള്‍ പോലും ഇവിടെയില്ല. ഇതിനിടെ അമിത വേഗതയുടെ പേരില്‍ നാട്ടുകാരും ബസ് ജീവനക്കാരും തമ്മില്‍ ഏറ്റുമുട്ടുന്നതും പതിവായിരിക്കുകയാണ്. ബസ് ജീവനക്കാരെ ചോദ്യം ചെയ്യുന്ന അവസ്ഥയുണ്ടായാല്‍ ഉടന്‍ അവര്‍ മിന്നല്‍ പണിമുടക്ക് സംഘടിപ്പിക്കും. അതോടെ യാത്രക്കാര്‍ വലയും. സെക്കന്റുകളുടെ വ്യത്യാസത്തില്‍ ബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതാണ് ഈ മത്സരയോട്ടത്തിന് കാരണം. കൂടാതെ ഗതാഗതക്കുരുക്കും.
ബസുകളുടെ മരണപ്പാച്ചിലിന് എന്തെങ്കിലും പരിഹാരം കാണാത്ത പക്ഷം റോഡുകള്‍ ചോരപ്പുഴയാകുമെന്ന കാര്യത്തില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: