തുറവൂര്‍: ശക്തമായ കടല്‍കയറ്റത്തെ തുടര്‍ന്ന് അന്ധകാരനഴി പൊഴിയില്‍ ഏക്കര്‍ക്കണക്കിന് മണ്ണ് അടിഞ്ഞ് ഉള്‍നാടന്‍ മത്സ്യമേഖല ദുരിതത്തിലായി. ഇതോടെ കായലില്‍ പണിയെടുക്കുന്ന ചെറുവള്ളങ്ങളിലെ തൊഴിലാളികളും പണിയില്ലാതെ വലയുകയാണ്. രണ്ട് ഭാഗങ്ങളിലായി കടലും കായലും ഒന്നിക്കുന്ന തരത്തില്‍ മുറിഞ്ഞ് വെള്ളമൊഴുക്കു സുഗമമായാലും ശക്തമായ കടല്‍കയറ്റത്തെ തുടര്‍ന്ന് പൊഴിയിലും വീണ്ടും മണ്ണ് അടിയു കയായിരുന്നു. വേലിയേറ്റ സമയങ്ങളില്‍ ധാരാളം മല്‍സ്യങ്ങളാണ് കടലില്‍ എത്തുന്നത്.
എന്നാല്‍ പൊഴി നേരത്തെ അടഞ്ഞതോടെ അന്ധകാരനഴി മുതല്‍ ചെല്ലാനം വരെയുള്ള നൂറുക്കണക്കിന് കുടുംബങ്ങള്‍ പട്ടിണിയിലായി. കായല്‍ മത്സ്യം കുറഞ്ഞതോടെ ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച ചീനവലകളുടെ തൊഴിലാളികള്‍ പോലും കായലില്‍ ഇറങ്ങുന്നില്ല. ജൂണ്‍, ജൂലൈ മാസങ്ങളില്‍ വന്‍തോതില്‍ മീനും ചെമ്മീനും ലഭിക്കുമെന്ന പ്രതീക്ഷ ഇത്തവണ മല്‍സ്യതൊഴിലാളികള്‍ക്ക് നഷ്ടമായി. പട്ടിണിയിലായ കുടുംബങ്ങളെ അടിയന്തരമായി സഹായിക്കണമെന്ന ആവശ്യം ശക്തമായി.
















