മുഹമ്മ: വേമ്പനാട്ട് കായലില്‍ അനധികൃത കക്കാഖനനത്തിനിടെ നാടന്‍ തോക്കുപയോഗിച്ച് വെടിവെച്ച സംഭവത്തില്‍ പത്തുപേര്‍ അറസ്റ്റില്‍. തണ്ണീര്‍മുക്കം പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് അര്‍ത്തുങ്കല്‍ പറമ്പില്‍ ദിനേശന്‍(46), തോപ്പില്‍ സുരേന്ദ്രന്‍(55), കോക്കാട്ട് രമേശന്‍(56), അമ്പാടി ശശി(48), കാമ്പില്‍ ജയ്‌മോന്‍(36), എട്ടാം വാര്‍ഡില്‍ മണപ്പുറംവീട്ടില്‍ രാജു(60), നാലാവാര്‍ഡില്‍ മാപ്പിളശ്ശേരിയില്‍ ബിജു(40), മുഹമ്മ പഞ്ചായത്ത് രണ്ടാംവാര്‍ഡ് വാഴപ്പള്ളി ചന്ദ്രോത്ഭവന്‍(52), വാഴപ്പള്ളി മധു(51), രാജീവ്(41) എന്നിവരാണ് അറസ്റ്റിലായത്. വെടിവെച്ച തണ്ണീര്‍മുക്കം കണ്ണങ്കര സ്വദേശി മണപ്പുറത്ത് വിനീഷ്(29) ഉള്‍പ്പെടെയുള്ള നാലുപേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
2014 നവംബര്‍ 21നാണ് കേസിന് ആസ്പദമായ സംഭവം. തണ്ണീര്‍മുക്കം ജെട്ടിക്കുകിഴക്ക് വെച്ചൂര്‍ ഭാഗത്ത് പരമ്പരാഗത കക്കാതെഴിലാളികളും വെച്ചൂരിലെ വെള്ളക്കക്കാ സഹകരണ സംഘത്തിന് വേണ്ടി അനധികൃത യന്ത്രം ഉപയോഗിച്ച് കക്കാവാരുന്നവരുമായുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണം. ഇതേതുടര്‍ന്ന് നാടന്‍ തോക്കുപയോഗിച്ചുള്ള വെടിവെയ്‌പ്പില്‍ തലയാഴം പഞ്ചായത്തില്‍ സുരാജ് ഭവനില്‍ സുരാജ്(32)ന് പരിക്കേറ്റിരുന്നു. ഈ കേസിലാണ് മുഹമ്മ എസ്‌ഐ സി.സി. പ്രതാപചന്ദ്രന്റെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ ചേര്‍ത്തല കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
















