ഇരിങ്ങാലക്കുട: സ്കൂള്‍ ഹോസ്റ്റലില്‍ താമസിക്കുന്ന അഞ്ചാംക്ലാസുകാരനെ കായികാദ്ധ്യാപകനും ഹോസ്റ്റല്‍ ജീവനക്കാരനും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചതായി പരാതി. കാട്ടൂരിലെ അല്‍ബാബ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ഹോസ്റ്റലിലാണ് സംഭവം. മുഖത്ത് നീര്‍ക്കെട്ടും പരിക്കുമായി കയ്പമംഗലം മതിലകത്ത് വീട്ടില്‍ അബ്ദുള്‍ലത്തീഫിന്റെ മകന് അബ്ദുള്‍റഹ്മാന്‍(12) കാട്ടൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലാണ്.
സ്കൂളില്‍നിന്ന് അറിയിച്ചതിനെത്തുടര്‍ന്ന് ശനിയാഴ്ച വീട്ടുകാര്‍ ഹോസ്റ്റലിലെത്തിയപ്പോഴാണ് മര്‍ദ്ദന വിവരമറിയുന്നത്. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചു എന്നാണ് സ്കൂള്‍ അധികൃതര്‍ പറഞ്ഞത്. എന്നാല്‍ കായിക അദ്ധ്യാപകനും ഹോസ്റ്റലിലെ പാചകക്കാരനും ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്ന് കുട്ടി പറയുന്നു. ഭയം വിട്ടുമാറാത്ത കുട്ടി സംഭവത്തെക്കുറിച്ച് കൂടുതല്‍ വ്യക്തമായി പറയുന്നില്ല.
കാട്ടൂര്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും സ്കൂള്‍ അധികൃതരെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. ആശുപത്രിയില്‍ മൊഴിയെടുക്കാനെത്തിയ പൊലീസ് അദ്ധ്യാപകനും ജീവനക്കാരനുമെതിരെ പരാതി പറയാന്‍ സമ്മതിക്കാതെ സീനിയര്‍ കുട്ടികളെപ്പറ്റി മാത്രം പറയാന്‍ ആവശ്യപ്പെട്ടതായും രക്ഷിതാക്കള്‍ പറഞ്ഞു. ചൊവ്വാഴ്ച പ്രശ്നം ഒത്ത്തീര്പ്പാക്കുന്നതിന് സ്കൂളി ലേക്ക് വിളിച്ചുവരുത്തിയ ബന്ധുക്കളും സ്കൂള്‍ അധികൃതരും തമ്മില്‍ വാക്കേറ്റമുണ്ടായി.
ഓഫീസ് മുറിയില്‍ പി ടി അദ്ധ്യാപകന് ജോസിനേയും കാന്റീന് ജീവനക്കാരന് മുഹമ്മദിനേയും ബന്ധുക്കള്‍ കൈയേറ്റം ചെയ്തെന്ന പരാതിയില്‍ അഞ്ചുപേരെ കസ്റ്റഡിയിലെടുത്തു. സ്കൂളില്‍ വച്ച് മര്‍ദ്ധനമേറ്റ പി ടി അധ്യാപകന് ജോസിനേയും കാന്റീന് ജീവനക്കാരന് മുഹമ്മദിനേയും ഇരിങ്ങാലക്കുട താലുക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹോസ്റ്റലിലെ സീനിയര്‍ വിദ്യാര്‍ത്ഥികളാണ് കുട്ടിയെ മര്‍ദിച്ചതെന്നാണ് പൊലീസ് പറയുന്നത്. ആശുപത്രിയില്‍ കുട്ടി നല്കിയ മൊഴി ഇപ്രകാരമാണെന്നും പറയുന്നു. മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തിട്ടുണ്ട്. ഹോസ്റ്റലില്‍ ലഹരി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടാണത്രെ സംഭവത്തിന്റെ തുടക്കം.
കഞ്ചാവ് വലിക്കാന്‍ കുട്ടി വിസമ്മതിച്ചതാണ് സീനിയര്‍ വിദ്യാര്‍ത്ഥികളെ പ്രകോപിപ്പിച്ചതെന്നാണ് പൊലീസ് ഭാഷ്യം. അദ്ധ്യാപകനും കാന്റീന് ജീവനക്കാരും മര്‍ദിച്ചതായി കുട്ടി പൊലീസിനോട് പറഞ്ഞതായി രക്ഷിതാക്കള്‍ പറഞ്ഞു. എന്നാല്‍ അത് തങ്ങള്‍ അന്വേഷിച്ച് കണ്ടെത്താമെന്നാണ് പൊലീസ് പറഞ്ഞതെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: