പെരിയ: സത്യസായി ട്രസ്റ്റ് കാസര്‍കോട് ജില്ലയിലെ പെരിയ കാഞ്ഞിരടുക്കത്ത് നിര്‍മ്മിക്കുന്ന ക്യാഷ് കൗണ്ടറില്ലാത്ത ആശുപത്രി നിര്‍മാണ പ്രവര്‍ത്തനത്തിന് മുന്‍ ജില്ലാ കളക്ടറുടെ തെറ്റായ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് താല്കാലിക തടസം നേരിട്ടതായി ഭാരവാഹികള്‍. കളക്ടറുടെ നിരുത്തരവാദിത്വപരമായ സമീപനവും മേലധികാരികള്‍ക്ക് നല്കിയ തെറ്റായ റിപ്പോര്‍ട്ടുമാണ് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നേരിടാന്‍ കാരണമെന്ന് ശ്രീസത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് കേരള എക്സിക്യൂട്ടീവ് ഡയരക്ടര്‍ കെ.എന്‍.ആനന്ദകുമാര്‍ ആരോപിച്ചു. 1000 കോടി രൂപ ചിലവില്‍ നിര്‍മിക്കുന്ന ആശുപത്രിക്ക് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് തറക്കല്ലിട്ടത്. കേന്ദ്രസര്‍ക്കാര്‍ സഹായമായ 50 കോടിയും സത്യസായി ട്രസ്റ്റ് 50 കോടിയും മുടക്കിയാണ് പാവങ്ങള്‍ക്കായി സമ്പൂര്‍ണ സൗജന്യ ആശുപത്രിയുടെ നിര്‍മാണം പൂര്‍ത്തിയാക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ 10 ഏക്കര്‍ സ്ഥലം സൗജന്യമായി നല്‍കിയിരുന്നു. എന്നാല്‍ തറക്കല്ലിട്ടത് കളക്ടര്‍ സര്‍വ്വെ നമ്പര്‍ മാറി റിപ്പോര്‍ട്ട് നല്കി ഭൂമിയിലാണ്. നിലവില്‍ തറക്കല്ലിട്ട ഭൂമി അനുവദിച്ചുകൊണ്ട് പുതിയ സര്‍ക്കാര്‍ ഉത്തരവ് ലഭിച്ച് ഭൂമി വീണ്ടും അളന്ന് തിട്ടപ്പെടുത്തിയാലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളു. ഇതിനായുള്ള പ്രവര്‍ത്തനത്തിലാണ് ഭാരവാഹികളിപ്പോള്‍.
രോഗികള്‍ക്ക് പൂര്‍ണമായും സൗജന്യമായി സേവനം നല്കുന്ന ആശുപത്രി പ്രവര്‍ത്തനക്ഷമമായാല്‍ രോഗികള്‍ കുറയുമെന്നതിനാല്‍ മംഗലാപുരത്തുള്ള ആശുപത്രി ലോബി നിര്‍മാണത്തിനെതിരെ പ്രവര്‍ത്തിക്കുന്നതായി ആരോപണമുണ്ട്. ആശുപത്രിക്കെതിരെയുള്ള മംഗലാപുരം ലോബിയുടെ പ്രവര്‍ത്തന ഫലമാണ് റിപ്പോര്‍ട്ട് തെറ്റായി നല്കാന് കാരണമെന്നും പറയുന്നു. സായി ട്രസ്റ്റിന്റെ ലോകത്തെ മൂന്നാമത്തെ ക്യാഷ് കൗണ്ടറില്ലാത്ത ആശുപത്രിയാണ് കാഞ്ഞിരടുക്കത്ത് വരാന്‍ പോകുന്നത്. ആദ്യഘട്ടത്തില്‍ യുറോളജി, നെഫ്രോളജി, കാര്‍ഡിയോളജി വിഭാഗങ്ങളായിരിക്കും പ്രവര്‍ത്തിക്കുക. ലോകം മുഴുവനുള്ള പ്രശസ്തരായ 200 വിദഗ്ധ ഡോക്ടര്‍മാര്‍ സൗജന്യ സേവനത്തിന് തയ്യാറായിട്ടുണ്ട്. അത്യാധുനിക രീതിയിലുള്ള ചികിത്സയാണ് രോഗികള്‍ക്ക് ലഭ്യമാക്കുന്നത്. രണ്ടാം ഘട്ടത്തില്‍ കാര്‍ഡിയോ സര്‍ജറി ആരംഭിക്കും. 100 ഡയാലിസിസ് മെഷിനുകളാണ് സ്ഥാപിക്കുന്നത്. ഇതുവഴി ഒരേ സമയം 100 രോഗികള്‍ക്ക് ഡയാലിസിസ് നടത്താനാകും.
ആശുപത്രി പ്രവര്‍ത്തനം സംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രിയുമായി ചര്‍ച്ച നടത്തിയതായും ആനന്ദകുമാര്‍ വ്യക്തമാക്കി. 2016 നവംബര്‍ 23 സത്യസായി 91 ാം ജന്മദിനത്തില് നിര്‍മാണം ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. 2017 നവംബര്‍ ആദ്യം ഒന്നാം ഘട്ട നിര്‍മാണം പൂര്‍ത്തിയാക്കും. ലാര്‍സര്‍ ആന്‍ഡ് ടര്‍ബോ കമ്പനിക്കാണ് നിര്‍മാണ ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: