പത്തനാപുരം: കിഴക്കന്‍മേഖലയില്‍ ക്യാന്‍സര്‍ ബാധിതര്‍ വര്‍ദ്ധിക്കുന്നു. മാലിന്യങ്ങളും ശുദ്ധജല ലഭ്യത കുറവും രോഗബാധിതര്‍ വര്‍ദ്ധിക്കാന്‍ കാരണമാകുന്നതായി ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. ജില്ലയില്‍ കാന്‍സര്‍ബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്താണ് പത്തനാപുരം.
ഓരോ മാസവും നിരവധി കാന്‍സര്‍ രോഗികള്‍ ചികിത്സ തേടുന്നതായാണ് റിപ്പോര്‍ട്ട്. കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ മരണസംഖ്യയും വര്‍ദ്ധിച്ചിട്ടുണ്ട്. പഞ്ചായത്തിലെ കുണ്ടയം, ഇടത്തറ മേഖലകളിലാണ് രോഗബാധിതര്‍ കൂടുതലും ഉള്ളത്. ഏറ്റവും ഒടുവിലെ ആരോഗ്യ കണക്കെടുപ്പ് അനുസരിച്ച് 86 പേരാണ് കാന്‍സര്‍ ബാധിച്ച് ചികിത്സയിലുള്ളത്. മാലിന്യസംസ്‌ക്കരണ സംവിധാനങ്ങള്‍ ഇല്ലാത്തതും ശുദ്ധജലവിതരണത്തിന്റെ അഭാവവും രോഗം വര്‍ദ്ധിക്കാന്‍ കാരണമാകുന്നുവെന്നതാണ് സത്യാവസ്ഥ. അറവ് മാലിന്യങ്ങളടക്കം ജനവാസമേഖലകളില്‍ നിക്ഷേപിക്കുന്നതും രോഗം വ്യാപിക്കാന്‍ കാരണമാകുന്നുണ്ട്.
പത്തനാപുരം പഞ്ചായത്തില്‍ പത്തിലധികം അനധികൃത ഇറച്ചി വിപണനകേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ നിന്നുമുള്ള മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളിലാണ് അധികവും നിക്ഷേപിക്കുന്നത്. ഇത് മണ്ണില്‍ കലര്‍ന്ന് സമീപത്തെ വീടുകളിലെ കിണറ്റില്‍ എത്തുകയാണ് ചെയ്യുന്നത്. മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന പ്രദേശങ്ങളിലെ വീടുകളിലെ ജലത്തില്‍ കൊഴുപ്പിന്റെ അംശം കൂടുതലാണെന്നും കണ്ടെത്തിയിട്ടുണ്ട്. കുടിവെള്ള പദ്ധതികളോ പഞ്ചായത്ത് കിണറുകളോ ഇല്ലാത്ത ഭാഗങ്ങളിലെ ജനങ്ങള്‍ക്ക് മാലിന്യമയമായ ജലം ഉപയോഗിക്കാനെ കഴിയാറുള്ളൂ. ഇതിനുപുറമെ നഗരമധ്യത്തിലൂടെ ഒഴുകുന്ന കല്ലുംകടവ് തോട്ടിലും വ്യാപകമായി മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നുണ്ട്. നിരവധി ചെറുകിട കുടിവെള്ള പദ്ധതികള്‍ പ്രവര്‍ത്തിക്കുന്ന തോടാണിത്. നിരവധിതവണ മാലിന്യസംസ്‌ക്കരണസംവിധാനം ഒരുക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തിന് ആരോഗ്യവകുപ്പ് കത്ത് നല്‍കിയിരുന്നു. അനധികൃത അറവ്ശാലകള്‍ അടച്ചുപൂട്ടാനും ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം ഉണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം കാറ്റില്‍ പറത്തിയാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. കൃത്യമായ മാലിന്യസംസ്‌ക്കരണ സംവിധാനങ്ങള്‍ ഒരുക്കി അറവ് ശാലകള്‍ അംഗീകാരത്തോടെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ രോഗപ്രതിരോധം സാധ്യമാകൂവെന്നാണ് ഉദ്യോഗസ്ഥരുടെ പക്ഷം.
















