ഇരിങ്ങാലക്കുട : പോട്ട മൂന്നുപീടിക സംസ്ഥാനപാതയില്‍ കല്ലേറ്റുംകര മുതല്‍ ഇരിങ്ങാലക്കുട വരെയുള്ള ഭാഗത്ത് അടിയന്തിരമായി അറ്റകുറ്റപണി നടത്തുമെന്ന് പി.ഡബ്ലിയു.ഡി വ്യക്തമാക്കി. റോഡ് തകര്‍ന്നത് മൂലം രൂപപ്പെട്ടിട്ടുള്ള കുഴികള്‍ വാഹനയാത്രക്കാര്‍ക്ക് ഭീഷണിയായികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നടപടി.
റോഡിലെ കുഴികളടയ്ക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഇതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി പി.ഡബ്ലിയു.ഡി സര്‍ക്കാറില്‍ നല്കിയ പ്രെപ്പോസലിന് ഭരണാനുമതി ലഭ്യമായിട്ടുണ്ട്. ഉടന്‍ തന്നെ ടെണ്ടര്‍ വിളിച്ച് ഒക്ടോബറില്‍ തന്നെ പണി നടത്തുമെന്നും അസി. എക്സി. എഞ്ചിനിയര്‍ ജയരാജന് പറഞ്ഞു. റോഡിലെ കുഴികളടയ്ക്കുന്നതിനുള്ള ഫണ്ടാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്.
ആറ് ഭാഗങ്ങളായിട്ടാണ് റോഡിന്റെ അറ്റകുറ്റപണികള്‍ നടത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റോഡിന്റെ ടാറിങ്ങ് പൊളിഞ്ഞുപോയി പലയിടത്തും കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. എത്രയും പെട്ടന്ന് കുഴികളടച്ച് യാത്രാ ദുരിതം കുറയ്ക്കുകയെന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം. റോഡ് പൂര്‍ണ്ണമായും റീ ടാറിങ്ങ് ചെയ്യുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് പുതിയ പ്രെപ്പോസല്‍ നല്‍കേണ്ടിവരുമെന്നും ജയരാജന് പറഞ്ഞു.
കോടികണക്കിന് രൂപ ചിലഴിച്ചാണ് കഴിഞ്ഞ വര്‍ഷം ഈ റോഡ് മെക്കാഡം ടാറിങ്ങ് നടത്തിയത്. എന്നാല്‍ ഒരു വര്‍ഷം പിന്നിടുമ്പോഴേയ്ക്കും റോഡിലെ ഭൂരിഭാഗം ഭാഗത്തും ടാറിങ്ങ് അടര്‍ന്നുപോയി വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. കുഴികളില്‍ ചാടി അപകടങ്ങള്‍ നിത്യേനയായികൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: