ഇരിങ്ങാലക്കുട: നഗരസഭയുടെ പരിധിയില്‍ നടന്ന അനധികൃത നിര്‍മ്മാണങ്ങളില്‍ വിജിലന്‍സ് വിഭാഗം പരിശോധന നടത്തി. ഇരിങ്ങാലക്കുട പച്ചക്കറി ചന്തയിലെ കയ്യേറ്റങ്ങളും, മരിച്ചയാളുടെ പേരിലുള്ള കടയുടെ ലൈസന്‍സ് പുതുക്കികൊണ്ടിരിക്കുകയും ചെയ്യുന്ന സംഭവങ്ങളിലാണ് വിജിലന്‍സ് സി.ഐ സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.
കയ്യേറി പണിത പച്ചക്കറി വില്‍പ്പന കേന്ദ്രത്തിലും, നഗരസഭ ഗോഡൗണ്‍ മുറി അനധികൃതമായി ഉയര്‍ത്തി പണിയുകയും പൊതുകാന കയ്യേറി ടൈല്‍സ് ഇടുകയും ചെയ്തതും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നേരിട്ട് സന്ദര്‍ശിച്ചു. അനധികൃത കയ്യേറ്റങ്ങളെ കുറിച്ച് വിജിലന്‍സിന് ലഭിച്ച രഹസ്യ വിവരങ്ങളെ തുടര്‍ന്നാണ് സംഘം ദ്രുതഗതിയില്‍ പരിശോധന നടത്തിയത്. 2011ല്‍ മരിച്ചയാളുടെ പേരിലുള്ള കടയുടെ ലൈസന്‍സ് ഇപ്പോഴും പുതുക്കികൊണ്ടിരിക്കുകയാണെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പച്ചക്കറി ചന്തയിലെ നഗരസഭ ഗോഡൗണ്‍ കടമുറി അനധികൃതമായി ഉയര്‍ത്തി പണിയുകയും പൊതുകാന കയ്യേറി ടൈല്‍സ് വിരിക്കുകയും ചെയ്തതിനെ തുടര്‍ന്ന് നഗരസഭ ലൈസന്‍സ് റദ്ദാക്കിയിരുന്നു. എന്നാല്‍ ഇതിനെ ചോദ്യം ചെയ്ത് കടയുടമ തിരുവനന്തപുരം ലോക്കല്‍ സെല്‍ഫ് ഗവണ്മെന്റ് ട്രിബ്യൂണലില്‍ പരാതി നല്കി. കേസ് തള്ളിയ ട്രിബ്യൂണല്‍ കടയുടെ ലൈസന്‍സ് റദ്ദാക്കിയ നഗരസഭ നടപടി ശരിവെച്ച് ഉത്തരവിടുകയായിരുന്നു. ട്രിബ്യൂണല്‍ ഉത്തരവിനെ തുടര്‍ന്ന് കട അടച്ചുപൂട്ടാന്‍ ഒരുങ്ങിയെങ്കിലും ഹൈക്കോടതിയില്‍ നിന്നും കടയുടമ രണ്ടാഴ്ചത്തെ താല്‍ക്കാലിക ഇഞ്ചന്ഷന് ഓര്‍ഡര്‍ ലഭിച്ചതിനെ തുടര്‍ന്ന് നിറുത്തിവെച്ചിരിക്കുകയാണ്. ഇതിനിടയിലാണ് വിജിലന്‍സ് അന്വേഷണം. വിജിലന്‍സ് സംഘത്തില്‍ ബിജു എ.എസ്, തോമസ്, റോബിന് എന്നിവരും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: